മെയ് ഒന്നുമുതല്‍ ഇന്ധന വില ദിനംപ്രതി മാറുന്നു; ആദ്യഘട്ടം രാജ്യത്തെ അഞ്ചു നഗരങ്ങളില്‍

ഫയല്‍ ചിത്രം

ദില്ലി : രാജ്യത്ത് ഇന്ധന വില ദിനം പ്രതി മാറും. ഇപ്പോള്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധന വില പരിഷ്കരിക്കുന്ന നടപടി ദിനംപ്രതി മാറുന്ന തരത്തിലേക്ക് മാറ്റാണ് എണ്ണകമ്പനികളുടെ തീരുമാനം. പരീക്ഷണമെന്ന നിലയില്‍ ആദ്യഘട്ടത്തില്‍ രാജ്യത്തെ അഞ്ച് നഗരങ്ങളി‍ല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

പെട്രോള്‍, ഡീസല്‍ വില പരിഷ്കരണം മെയ് ഒന്നു മുതല്‍ നടപ്പില്‍ വരുത്താനാണ് പദ്ധതിയിടുന്നത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളായ പുതുച്ചേരി, വിശാഖപട്ടണം എന്നിവയും, ജാംഷഡ്പൂര്‍, ഉദയ്പൂര്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിലാണ് പ്രാരംഭ ഘട്ടമെന്ന നിലയില്‍ ദിനം പ്രതി എണ്ണവില മാറുന്നത്.

ഈ അഞ്ചു നഗരങ്ങളില്‍ 200 ഓളം പമ്പുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ഇതില്‍  90 ശതമാനത്തിലേറെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പരേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍, സ്വകാര്യമേഖലയിലുള്ള റിലയന്‍സ്, എസ്സാര്‍ ഓയില്‍ തുടങ്ങിയ കമ്പനികളും ഇത് പിന്തുടരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കണക്കുകൂട്ടുന്നു. വിജയമാണെന്ന് കണ്ടാല്‍ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കുമെന്നും എണ്ണക്കമ്പനി അധികൃതര്‍ സൂചിപ്പിച്ചു.

അന്താരാഷ്ട്ര തലത്തില്‍ നിലവില്‍ പ്രധാന ആഗോള വിപണികളെല്ലാം തന്നെ എണ്ണവില ദിനം പ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണവില പരിഷ്‌കരിക്കുന്നത്. ഇന്ധനവില പരിഷ്‌കരണം ദിനംപ്രതിയാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി എണ്ണകമ്പനികള്‍ ചര്‍ച്ച നടത്തിയിരുന്നു.  ഡിജിറ്റല്‍ മീഡിയയും, സോഷ്യല്‍ മീഡിയയും വഴി ആഗോള വിപണിയിലെ എണ്ണവില വ്യത്യാസം പരിഗണിച്ച് ഇന്ത്യയിലും വില പരിഷ്‌കരിക്കാനാകുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.

 രാജ്യത്തെ എണ്ണവിപണിയിലെ 95 ശതമാനം വിഹിതവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയുടേതാണ്. രാജ്യത്തെ 53 ,000 ഓളം ഫില്ലിംഗ് സ്റ്റേഷനുകളില്‍ ഒട്ടുമിക്കതിലും ഓട്ടോമേഷന്‍ സൗകര്യം നിലവിലുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനം അനുസരിച്ച് ദിനംപ്രതി വില മാറ്റുന്നതിന് തടസ്സമില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
എണ്ണ വില ദിനംപ്രതിയാക്കുന്നതോടെ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ ഏതാനും പൈസയുടെ വ്യത്യാസമേ വരാനിടയുള്ളൂ. ഇത് ഉപഭോക്താക്കള്‍ക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എണ്ണകമ്പനികള്‍ കണക്കുകൂട്ടുന്നു. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവിലയില്‍  വ്യത്യാസം വരുത്തുമ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിഷേധം, പുതിയ രീതി നടപ്പാകുന്നതോടെ ഇല്ലാതാകുമെന്ന് കേന്ദ്രസര്‍ക്കാരും വിലയിരുത്തുന്നു.
DONT MISS
Top