തിയേറ്ററുടമകള്‍ക്ക് ശക്തമായ മറുപടിയുമായി സ്റ്റൈല്‍മന്നന്‍; പത്തുകിട്ടിയാല്‍ നൂറ് കിട്ടി എന്ന് അവകാശപ്പെടുന്ന താരങ്ങളും നിര്‍മാതാക്കളും ഇത് കേള്‍ക്കണം

രജനികാന്ത് കബാലി എന്ന ചിത്രത്തില്‍

തിയേറ്റര്‍ റിപ്പോര്‍ട്ടുകളെ അംഗീകരിക്കാതെ ഞാന്‍ റെക്കോര്‍ഡ് പൊട്ടിച്ചേ എന്ന് വീമ്പിളക്കുന്ന താരങ്ങളും തള്ളിന് കൂട്ടുനില്‍ക്കുന്ന നിര്‍മാതാക്കളുമെല്ലാം മാതൃകയാക്കേണ്ട വ്യക്തിയാണ് സൂപ്പര്‍ താരം രജനികാന്ത്. സിനിമ എത്തരത്തിലുള്ള കഥയാണെങ്കിലും കത്തി എന്നുവിളിച്ച് ആക്ഷേപിച്ചാലും സിനിമയ്ക്കുപുറത്ത് രജനി ഒരു മഹാനാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കിയ ഉപദേശവും ഇതിന് അടിവരയിടുന്നു.

സിനിമകള്‍ നഷ്ടമുണ്ടാക്കാനുള്ള പ്രധാന കാര്യം അത് ഉയര്‍ന്ന നിരക്കില്‍ വിതരണത്തിനെടുക്കുന്നതിനാലാണെന്ന് തിയേറ്റര്‍ ഉടമകള്‍തന്നെ പറയുന്ന കാര്യമാണ്. എങ്കില്‍പ്പിന്നെ ഉയര്‍ന്ന തുകയ്ക്ക് വിതരണത്തിനെടുക്കാതിരുന്നൂടേ എന്ന് ഏതൊരാളുടേയും മനസില്‍ ഉയരുന്ന ചോദ്യമാണ്. ഉയര്‍ന്ന തുകയ്ക്ക് നിര്‍മിച്ചതാണെന്ന കാരണത്താലാണ് നിര്‍മാതാക്കള്‍ സിനിമ വളരെ ഉയര്‍ന്ന തുകയ്ക്കുമാത്രം വിതരണത്തിന് കൊടുക്കുന്നത്. ഇത് അവസാനിപ്പിക്കാനാണ് സ്റ്റൈല്‍ മന്നന്റെ ഉപദേശം.

“നിങ്ങള്‍ ചിന്തിക്കാത്തതെന്താണ്? സിനിമയുടെ നിര്‍മാതാവ് പറയുന്നതുപോലെ കാര്യങ്ങള്‍ തീരുമാനിക്കരുത്. നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഉപയോഗിക്കേണ്ടത്. മറിച്ചാണെങ്കില്‍ പിന്നീട് വരുന്നതിനെയോര്‍ത്ത് ദുഖിക്കാനും പാടില്ല” നിര്‍മാതാക്കള്‍ എന്തൊക്കെപ്പറഞ്ഞാലും അത് വിതരണത്തിനെടുക്കുന്നവര്‍ക്ക് അവരുടേതായ ബിസിനസ് റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള കഴിവ് വേണമെന്നുള്ള സാമാന്യബുദ്ധി രജനി പങ്കുവച്ചു.

ഒരു സിനിമ നിര്‍മിക്കുന്നയാള്‍ അത് മോശമാണെന്ന് ഒരിക്കലും പറയില്ല എന്നും അദ്ദേഹം പറഞ്ഞു. “ഒരു സിനിമ ഏറ്റെടുക്കുമ്പോള്‍ ചിന്തിക്കേണ്ടത് വിതരണക്കാരനാണ്. അതും നിരവധി തവണ ആലോചിക്കണം. വേണോ വേണ്ടയോ എന്ന് തീരുമാനം എടുക്കണം. സിനിമയുടെ നിലവാരം നോക്കിയാണ് എടുക്കേണ്ടത്, അല്ലാതെ നിര്‍മാതാക്കള്‍ പറയുന്നതുകേട്ടിട്ടല്ല” രജനി കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് ഇല്ലാക്കണക്ക് സൃഷ്ടിക്കുന്നവരേയും രജനി വിമര്‍ശിച്ചു. പലപ്പോഴും ഇത്തരം കൃത്രിമമായ കണക്കുകളാണ് സിനിമ എന്ന വ്യവസായത്തെത്തന്നെ ഇല്ലാതാക്കുന്നത്. കൂടെ നിന്ന് ജോലിചെയ്യുന്നവരെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നതും ഈ ഇല്ലാക്കണക്കാണ്. പെരുപ്പിച്ചുകാട്ടി താരമൂല്യം വര്‍ദ്ധിപ്പിക്കുന്നത് വളര്‍ച്ചയിലേക്കാവില്ല സിനിമയെ നയിക്കുന്നതും.

DONT MISS
Top