മലമ്പുഴ ഡാമിലെ അനധികൃത പോത്ത് വളര്‍ത്തലിനെതിരെ നടപടികളുമായി ജില്ലാഭരണകൂടം


പാലക്കാട്: മലമ്പുഴ ഡാമിനകത്ത് നടക്കുന്ന അനധികൃത പോത്ത് വളര്‍ത്തല്‍ അവസാനിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികള്‍ ആരംഭിച്ചു. പോത്തുകളെ ഉടന്‍ നീക്കം ചെയ്യാന്‍ ഭരണകൂടം ഉടമകള്‍ക്ക് അറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം പോത്തുകളെ ലേലം ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചു.

ഇരുപത് ലക്ഷത്തോളം ആളുകള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന മലമ്പുഴ ഡാമിനകത്താണ് വേനല്‍ രൂക്ഷമായിട്ടും അനധികൃത പോത്ത് വളര്‍ത്തല്‍ തുടരുന്നത്. തമിഴ്‌നാട്, മണ്ണാര്‍ക്കാട്, മുണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ലോറികളില്‍ എത്തിക്കുന്ന പോത്തുകളെ മഴക്കാലം വരെ വളര്‍ത്തുന്നത് ഡാമിനകത്താണ്. പോത്തുകള്‍ കിടക്കുന്ന ഡാമിലെ കലക്ക വെള്ളമാണ് ശുദ്ധീകരണ പ്ലാന്റിലേക്ക് എത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് പോത്ത് വളര്‍ത്തല്‍ അവസാനിപ്പിക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. പോത്തുകളെ നീക്കം ചെയ്യാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നിശ്ചിത സമയത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ പോത്തുകളെ പിടിച്ചുകെട്ടി ലേലം ചെയ്യുമെന്നും കളക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഡാമിനകത്ത് പോത്ത് വളര്‍ത്തല്‍ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ജലസേചനവകുപ്പ് എഞ്ചിനീയറോട് നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പോത്തുകളെ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top