ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

ഫയല്‍ ചിത്രം

ദില്ലി :  ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെൻകുമാർ  നൽകിയ ഹർജിയിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും. സംസ്ഥാന സർക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഇന്ന് ഹാജരാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ അഭിഭാഷകന്റെ വാദവും സുപ്രീംകോടതി ഇന്ന് കേൾക്കും. ജസ്റ്റിസുമാരായ മദൻ ബി ലോകൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് സെൻകുമാറിന്റെ ഹർജി പരിഗണിക്കുന്നത്.

ഇന്നലെ സെൻകുമാറിന്റെ അഭിഭാഷകനായ ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വാദം പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗൺസിൽ ജി പ്രകാശ് വാദം ആരംഭിച്ചുവെങ്കിലും വാദം പൂർത്തിയായിരുന്നില്ല. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാൻ ഇടയായതുമായി ബന്ധപ്പെട്ട രേഖകൾ ഇന്ന് സർക്കാർ സുപ്രീംകോടതിക്ക് കൈമാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിപിയെ മാറ്റിയത് പൊതുജനാഭിപ്രായം എതിരായതിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പൊതുജനാഭിപ്രായം എതിരാണെന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു. ജിഷ കേസ് അന്വേഷണം, പുറ്റിങ്ങല്‍ കേസ് എന്നിവയിലെ അന്വേഷണത്തിലെ വീഴ്ചയും, പൊതുജനാഭിപ്രായവും പരിഗണിച്ചാണ് സെന്‍കുമാറിനെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ വാദം.

സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിക്കവെ ജിഷ കേസ്, പുറ്റിങ്ങല്‍ കേസ് തുടങ്ങിയവയുടെ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെന്‍കുമാറിനെതിരായി സര്‍ക്കാരിന് ലഭിച്ച പരാതികള്‍,  മന്ത്രിസഭയിലോ സര്‍ക്കാര്‍ തലത്തിലോ സെന്‍കുമാറിന്റെ സ്ഥാനമാറ്റം സംബന്ധിച്ച ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ഫയലുകള്‍ എന്നിവ ഹാജരാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

DONT MISS
Top