എന്തുകൊണ്ട് ഇത്തവണ മാത്രം വിവാദം? വിമര്‍ശകരോട് പ്രിയദര്‍ശന്‍ ചോദിക്കുന്നു

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന് വന്‍വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. തന്റെ സുഹൃത്തുക്കള്‍ക്കാണ് പ്രിയന്‍ അവാര്‍ഡുകള്‍ കൊടുത്തതെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. എന്നാല്‍ ഇതിനൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

അക്ഷയ് കുമാറും മോഹന്‍ലാലും പ്രിയന്റെ അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രിയന്റെ ചോദ്യം ഇങ്ങനെ:

“കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് അമിതാഭ് ബച്ചനായിരുന്നു. ജൂറി ചെയര്‍മാന്‍ രമേശ് സിപ്പിയും. സിപ്പിയുടെ അടുത്ത സുഹൃത്താണ് ബച്ചന്‍. അന്ന് ആരും തെറ്റ് കണ്ടെത്തിയില്ല. അജയ് ദേവ്ഗണിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് പ്രകാശ് ഷാ ജൂറി ചെയര്‍മാനായിരുന്ന സമയത്താണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അന്നും വിമര്‍ശനങ്ങള്‍ ഉണ്ടായില്ല. പിന്നെന്തിനാണ് ഇത്തവണ മാത്രം സൗഹൃദം ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്”.

മികച്ച നടന്‍മാരുടെ പട്ടികയില്‍ അവസാന നിമിഷം വരെ പോരാട്ടത്തില്‍ ഉണ്ടായിരുന്നത് അക്ഷയ് കുമാറും മോഹന്‍ലാലും ആയിരുന്നെന്ന് പ്രിയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂറിയിലും രണ്ടുപേരുടെ അഭിനയത്തെക്കുറിച്ച് ഒരേ അഭിപ്രായമാണ് ഉയര്‍ന്നത്. അങ്ങനെ മികച്ച നടനായി അക്ഷയ് കുമാറിനെയും പ്രത്യേക അവാര്‍ഡിനായി ലാലനേയും തെരഞ്ഞെടുക്കുകയായിരുന്നു. ജൂറി ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്നും പ്രിയന്‍ അഭിപ്രായപ്പെട്ടു.

DONT MISS
Top