പശുസംരക്ഷകരെ ന്യായീകരിച്ച നിലപാടില്‍ മലക്കംമറിഞ്ഞ് മുക്താര്‍ അബ്ബാസ് നഖ്‌വി

മുക്താര്‍ അബ്ബാസ് നഖ്‌വി

ദില്ലി: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പശു സംരക്ഷകരുടെ മര്‍ദ്ദനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, 14 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുയും ചെയ്ത സംഭവത്തില്‍ നിലപാട് തിരുത്തി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്നലെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് അതൊരു മാധ്യമ സൃഷ്ടി മാത്രാണെന്ന് ന്യായീകരിച്ച മന്ത്രി സര്‍ക്കാര്‍ ഇത്തരം അരാജകത്വങ്ങളും, തെമ്മാടിത്തരവും വെച്ചുപൊറുപ്പിക്കില്ലെന്നും, കുറ്റവാളികളെ മത അടിസ്ഥാനത്തില്‍ വേര്‍തിരിച്ചല്ല മറിച്ച് കുറ്റവാളികള്‍ മാത്രമായി കാണണമെന്ന് അഭിപ്രായപ്പെട്ടു.

കുറ്റവാളികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചെങ്കിലും സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ നഖ്‌വി ക്ഷമ ചോദിക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം ഉണ്ടാക്കി. എന്നാല്‍ നടപടികള്‍ സ്വീകരിച്ചതിനാലും, വരുന്ന തിങ്കളാഴ്ച്ച ആഭ്യന്തര മന്ത്രി സഭയില്‍ സംസാരിക്കുകയും ചെയ്യുന്നതിനാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ക്ഷീരകര്‍ഷകനായ പെഹലു ഖാന്‍ എന്ന യുവാവ് അടക്കം 15 പേരെയാണ് പശുവുമായി മൂന്ന് വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടയില്‍ പശുസംരക്ഷകര്‍ ആക്രമിക്കുന്നത്. ഇതില്‍ മര്‍ദ്ദനമേറ്റ പെഹലു ഖാന്‍ ആശുപത്രിയിലെത്തിച്ച ഉടന്‍ മരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, ഇവയെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമുള്ള വാദവുമായി മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി എത്തിയിരുന്നത്. ഇതിനെ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത് വരുകയും ചെയ്ത സാഹചര്യത്തില്‍ സംഭവത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രിയോട് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

DONT MISS
Top