മഹേഷിന്റെ പ്രതികാരം; പുരസ്‌കാരം സൂക്ഷ്മതയുടെയും റിയലിസത്തിന്റെയും തിരക്കഥയ്ക്കും ക്യാമറയ്ക്കും

സംവിധായകന്‍ ദിലീഷ് പോത്തന്‍ നടന്‍ ഫഹദിനൊപ്പം

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ നേടിയത് സൂക്ഷ്മതയുടെയും റിയലിസത്തിന്റെയും തിരക്കഥയ്ക്കും ക്യാമറയ്ക്കും. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മഹേഷിന്റെ പ്രതികാരത്തിനു തന്നെ. ശ്യാം പുഷ്‌കരനാണ് നര്‍മ്മത്തിനും ദൃശ്യത്തിനും ആക്ഷേപഹാസ്യത്തിനും സൂക്ഷ്മതയ്ക്കും പ്രാധാന്യമുള്ള തിരക്കഥയെഴുതിയിരിക്കുന്നത്.

ഒറ്റയാള്‍പ്പാത, മാന്‍ഹോള്‍, കാടുപൂക്കുന്ന നേരം, കമ്മട്ടിപ്പാടം, ഗപ്പി, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളുമായാണ് അന്തിമ പട്ടികയില്‍ മഹേഷിന്റെ പ്രതികാരം മത്സരിച്ചത്. ദിലീഷ് പോത്തന്റെ ആദ്യചിത്രം കൂടിയാണ് മഹേഷിന്റെ പ്രതികാരം. ആദ്യ ചിത്രമാണ് എന്നു തോന്നിക്കാത്ത തരം മികവോടെയാണ് ദിലീഷ്  സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വള്ളിച്ചെരുപ്പിന്റെ ക്ലോസപ്പ് ഷോട്ടില്‍നിന്നാണ് സിനിമ ആരംഭിക്കുന്നത്. കയ്യടക്കത്തോടെ കഥ പറയുന്ന പതിവ് നഷ്ടപ്പെട്ടുകഴിഞ്ഞ മലയാള സിനിമയിലേക്കാണ് മഹേഷ് തന്റെ ക്യാമറയുമായി വരുന്നത്.

അതിഭാവുകത്വത്തിന്റെയും നാടകീയതയുടെയും ബോറന്‍ സാനന്നിധ്യമില്ല ഫഹദ് ഫാസിലിന്റെ അഭിനയത്തില്‍ എന്നതും ശ്രദ്ധേയമാണ്. പതിവ് കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായാണ് ദിലീഷ് പോത്തന്റെ ക്യാമറ തിരക്കഥ പകര്‍ത്തിയത്. തീര്‍ത്തും സാധാരണമായ കാഴ്ചകളെ പ്രേക്ഷകര്‍ പൂര്‍ണമായി സ്വീകരിക്കുകയും ചെയ്തത് അതുകൊണ്ടുകൂടിയാകാം. പരമ്പരാഗതമായി ചെയ്തു വരുന്നു എന്നതൊഴിച്ച് പ്രത്യേക താല്‍പര്യമൊന്നുമില്ലാതെ ഫോട്ടോഗ്രാഫി ചെയ്യുന്ന മഹേഷിന്റെ നിഷ്‌കളങ്കതയും ശ്രദ്ധേയമാണ്.

അങ്ങനെയൊരു ഫോട്ടോഗ്രാഫറുടെ ജീവിതം അത്രയേറെ സാധാരണത്വത്തില്‍ അവതരിപ്പിച്ച, അയാളുടെ മാനസിക സംഘര്‍ഷങ്ങളും സന്തോഷങ്ങളും വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം ചെറിയ ചെറിയ വിശദാംശങ്ങളടങ്ങിയ ഫ്രെയിമുകളിലൂടെ കാണിച്ചപ്പോള്‍ അന്നുവരെയുള്ള മലയാള സിനിമാ ഭാവുകത്വത്തെ മഹേഷ് തകര്‍ത്തുകളഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരമോ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമോ നേടിയില്ല മഹേഷിന്റെ പ്രതികാരം നേടിയിരുന്നില്ല എന്നത് സിനിമാപ്രേമികളില്‍ നിരാശയുണ്ടാക്കിയിരുന്നു. ആ നിരാശയ്ക്ക് കൂടി മറുപടിയാണ് ഈ പുരസ്‌കാരം. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ തിരക്കഥകളിലൂടെ മലയാളസിനിമയില്‍ വിപ്ലവം സൃഷ്ടിച്ച തിരക്കഥയെഴുത്തുകാരനാണ് ശ്യാം പുഷ്‌കരന്‍.
അവാര്‍ഡ് പ്രതീക്ഷിച്ചില്ലായിരുന്നു എന്നും അവാര്‍ഡില്‍ സന്തോഷമുണ്ടെന്നും ശ്യാം പുഷ്‌കരന്‍ റിപ്പോര്‍ട്ടറോടു പറഞ്ഞു. മൊത്തത്തില്‍ അവാര്‍ഡുകളെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വിലയിരുത്താറിയിട്ടില്ല എന്നായിരുന്നു മറുപടി.

ജനകീയതയ്ക്കും റിയലിസത്തിനും സാധാരണത്വത്തിനും കോമഡിക്കും വിഷാദത്തിനും പകയ്ക്കും പ്രതികാരത്തിനും ഒരുപോലെ ഇടമുള്ള സിനിമയാകുന്നിടത്താണ് മഹേഷിന്റെ പ്രതികാരത്തിന്റെ വിജയം. പുതുമുഖങ്ങളുടെ സാന്നിധ്യം സിനിമയെ വ്യത്യസ്തമാക്കുന്നത് കഥാപാത്രങ്ങളെ മുന്‍വിധികളില്ലാതെ കാണാന്‍ കഴിയും എന്നതാണ്. കൂടുതല്‍ പുതുമുഖങ്ങള്‍ സിനിമയ്ക്ക് നല്‍കുന്നത് കൂടുതല്‍ പുതുമ തന്നെയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top