മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം; അവാര്‍ഡ് സ്‌നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് താരം

ഫയല്‍ചിത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം. പുലിമുരുകനും, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മോഹന്‍ലാലിന് അംഗീകാരം ലഭിച്ചത്. രണ്ടുതവണ മികച്ച നടനടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ സ്വാഭാവിക നടന ശൈലി കൊണ്ട് പ്രശസ്തനാണ്.

ഭരതം, വാനപ്രസ്ഥം തുടങ്ങിയവയിലെ അഭിനയത്തിന് ഇതിന് മുന്‍പ് മോഹന്‍ലാലിന് മികച്ച നടനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. 1989 ല്‍ പുറത്തിറങ്ങിയ കിരീടത്തിന് പ്രത്യേക ജൂറി പരാമര്‍ശത്തിന് മോഹന്‍ലാല്‍ അര്‍ഹനായിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകളായി വ്യത്യസ്ഥമായ വേഷങ്ങളിലൂടെ മലയാളികളൊന്നടങ്കമുള്ള പ്രേക്ഷകരെ കൈയിലെടുത്ത അഭിനേതാവാണ് മോഹന്‍ലാല്‍. മാത്രമല്ല ദേശീയ പുരസ്‌കാരത്തിന്റെ ചരിത്രത്തിലാധ്യമായി മികച്ച ആക്ഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ്‌ മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ സംഘട്ടനം കൈകാര്യം ചെയ്ത പീറ്റര്‍ ഹെയ്‌ഹെയ്ന്‍ അര്‍ഹനായി. പീറ്റര്‍ ഹെയ്‌നിന്റെ അവാര്‍ഡ് നേട്ടം തന്നെ വളരെ സന്തോഷിപ്പിച്ചെന്ന് താരം പറഞ്ഞു.

”ഓരോ അവാര്‍ഡുകളും സന്തോഷം നല്‍കുന്നതാണ്. പ്രതീക്ഷിക്കാത്ത അവാര്‍ഡായതിനാല്‍ തന്നെ ഇരട്ടി മധുരമാണ് പ്രത്യേകിച്ച് മലയാളത്തിന് പുറത്ത്‌നിന്നും ഒരു വ്യക്തിയെ അംഗീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. അവാര്‍ഡ് സ്‌നേഹത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.”

സംവിധായകന്‍ പ്രിയദര്‍ശന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് 64 മത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നടത്തിയത്. മികച്ച നടിയടക്കം ഇത്തവണ പുരസ്‌കാര പെരുമയോടെയാണ് മലയാളം ദേശീയ പുരസ്‌കാരങ്ങള്‍ക്കര്‍ഹമായത്. മിന്നാമിനുങ്ങ് ചിത്രത്തിലെ പ്രകടനത്തിന് സുരഭി മികച്ച നടിയായപ്പോള്‍, മികച്ച മലയാളചിത്രം ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം നേടി. ചെമ്പൈ മികച്ച നോണ്‍ഫീച്ചര്‍ സിനിമ, ആബ മികച്ച ഹൃസ്വചിത്രം. വിവിധ വിഭാഗങ്ങളിലായി മലയാളത്തിന് ഏഴ് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

DONT MISS
Top