ബീഫിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം, ഗോരക്ഷാ സംഘങ്ങളെ നിരോധിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ആറ് സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി

ഗോരക്ഷകര്‍

ദില്ലി: രാജസ്ഥാന്‍  ആള്‍വാറില്‍ ഗോരക്ഷകര്‍ ആക്രമിച്ച മുസ്‌ലീം യുവാവ് കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് ഗോരക്ഷാ സംഘങ്ങളെ നിരോധിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ആറ് സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. മൂന്ന് ആഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് സുപ്രീം കോടതിയുടെ നോട്ടീസ്.


കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പൂനാവാല ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഗോരക്ഷക് സംഘടനകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.ഗോരക്ഷ സംബന്ധിച്ചുള്ള പരാതിയില്‍ വിശദമായ മറുപടി ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചത്. കൂടുതല്‍ വിചാരണയ്ക്ക് മെയ് മൂന്നുവരെ സമയമുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി തുടരുന്ന ബിജെപിയുടെ കേന്ദ്ര ഭരണത്തിന്‍ കീഴില്‍ ഭക്ഷണസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഉത്തര്‍പ്രദേശില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതുമുതല്‍, ഗുജറാത്ത് ഉനയില്‍ പശുക്കടത്ത് ആരോപിച്ച് ദലിതരെ ആക്രമിച്ച സംഭവം, ബീഫുമായി യാത്ര ചെയ്യുമ്പോള്‍ ദലിത് യുവതികള്‍ ആക്രമിക്കപ്പെട്ട സംഭവം, പശുക്കളെ കടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവം, ഉത്തര്‍പ്രദേശിലെ അറവുശാല അടച്ചുപൂട്ടല്‍,
ഏറ്റവുമൊടുവില്‍ രാജസ്ഥാനിലെ ആള്‍വാറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റ പെഹ്‌ലു ഖാന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം-ഇത്തരം ആക്രമണങ്ങള്‍ നിലനില്‍ക്കെയാണ്‌  സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചത്.

DONT MISS
Top