ഫിഫ റാങ്കിംഗിലെ കുതിപ്പ് ഇന്ത്യന്‍ ഫുട്ബാളിന്റെ മുഖം മാറ്റുമെന്ന് ബൈചൂങ് ബൂട്ടിയ; യഥാര്‍ത്ഥ പരീക്ഷണം ആരംഭിക്കുകയാണെന്ന് സുനില്‍ ഛേത്രി

ബൈച്ചുങ് ബൂട്ടിയ

ദില്ലി : ഫിഫ റാങ്കിങ്ങിലെ കുതിപ്പ് ഇന്ത്യന്‍ ഫുട്ബാളിന്റെ മുഖം മാറ്റിമറിക്കുമെന്ന് മുന്‍ നായകന്‍ ബൈചൂങ് ബൂട്ടിയ. ‘101 ആം സ്ഥാനത്തേക്കുള്ള കുതിപ്പ് ആരാധകരുടെ മനസ്സില്‍ ഫുട്ബാളിന് ഇടം നല്‍കും. റാങ്കിങ്ങിനെ കുറിച്ചാവും എല്ലാവരുടെയും വാക്കുകള്‍. ഈ നേട്ടത്തില്‍ ഓരോരുത്തരും അഭിമാനിക്കുന്നതാണ്. അത് നിലനിര്‍ത്തുകയും മുന്നോട്ട് കുതിക്കുകയുമാണ് വേണ്ടത്’ ബൂട്ടിയ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.


ചരിത്രനേട്ടത്തില്‍ ടീമംഗങ്ങളെ പ്രശംസിച്ച ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി യഥാര്‍ത്ഥ പരീക്ഷണം ആരംഭിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ കുതിപ്പ് പ്രോല്‍സാഹനമാകട്ടെയെന്നും ഛേത്രി അഭിപ്രായപ്പെട്ടു.


ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ ടീമംഗങ്ങളെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയും അഭിനന്ദിക്കുന്നതായി ഇന്ത്യന്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ടീം വര്‍ക്ക് കൊണ്ട് നേടിയതാണ് ഇന്ത്യയുടെ നേട്ടമെന്നും ഇന്ത്യന്‍ കോച്ച് പറഞ്ഞു. താന്‍ ചുമതലയേറ്റശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ റാങ്കിംഗിലുണ്ടായ മുന്നേറ്റവും കോണ്‍സ്റ്റന്റൈന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.


കഴിഞ്ഞദിവസം പുറത്തുവിട്ട ഫിഫ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യ 101 ആം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. 1993 നുശേഷം ആദ്യമായാണ് ഇന്ത്യ മികച്ച റാങ്കിലെത്തുന്നത്. 1993ല്‍ 100 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് ഇന്ത്യന്‍ റാങ്കിംഗിലെ കുതിപ്പിന് തുണയായത്. വിദേശ പരിശീലകനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനു കീഴില്‍ തുടര്‍ച്ചയായ ആറ് ജയങ്ങളാണ് ഇന്ത്യ നേടിയത്. ആകെ 13 കളികളില്‍ 11 ലും ജയം നേടി.


വിദേശത്ത് നേടിയ രണ്ട് വിജയങ്ങളും ഇന്ത്യയുടെ റാങ്കിംഗിലെ കുതിപ്പിന് സഹായമായി. കംബോഡിയക്കെതിരായ സൗഹൃദമത്സരത്തില്‍ 3-2 ന് ആയിരുന്നു ഇന്ത്യയുടെ ജയം. കംബോഡിയക്കെതിരായ വിജയം വിദേശ മണ്ണില്‍ 12 വര്‍ഷത്തിനുശേഷം നേടിയ ജയമായിരുന്നു. തുടര്‍ന്ന് എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാമല്‍സരത്തില്‍ മ്യാന്‍മറിനെയും ഇന്ത്യ കീഴടക്കിയിരുന്നു. റാങ്കിംഗ് പട്ടിക പ്രകാരം 46 ടീമുകളുള്ള ഏഷ്യന്‍മേഖലയില്‍ 11 ആം സ്ഥാനത്താണ് ഇന്ത്യ.

കഴിഞ്ഞവര്‍ഷം പ്യൂര്‍ടോ റിക്കോയ്‌ക്കെതിരായ ജയത്തോടെ ഇന്ത്യ 129 ആം സ്ഥാനത്തെത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനത്തോടാണ് അവസാനമായി ഇന്ത്യ പരാജയപ്പെടുത്തിയത്.

ജൂണിലാണ് ഇന്ത്യക്ക് ഇനി അടുത്ത മത്സരം. സൗഹൃദ മല്‍സരത്തില്‍ ഇന്ത്യ, ലെബനനെ നേരിടും. എഎഫ്‌സി കപ്പ് യോഗ്യതയില്‍ കിര്‍ഗിസ്ഥാനെതിരെയും ഇന്ത്യ കളിക്കും.

DONT MISS
Top