ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്നുമുതല്‍

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിച്ച കേസ് പൊലീസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. തിരുവന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ രാവിലെ പത്തുമണിമുതലായിരിക്കും നിരാഹാരസമരം നടത്തുക.

മകന്‍ മരിച്ച് മൂന്നു മാസം കഴിയുമ്പോളും പ്രതികളെ പിടികൂടാത്തതിലുള്ള പ്രതിഷേധത്തിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍. അഞ്ച് പ്രതികളില്‍ മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും, പൊലീസിന്റെ നിലപാട് ഒത്തുകളിയാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നത്. അട്ടിമറിനടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പലതവണ പ്രഖ്യാപിച്ച് മാറ്റിവെച്ച സമരം ആരംഭിക്കാന്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചത്.

കേസിലെ ഒന്നാം പ്രതിയായ നെഹറു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് ഒരു ലക്ഷം രൂപയുടെയും രണ്ട് പേരുടെ ആള്‍ ജാമ്യത്തിലും കൃഷ്ണദാസിനെ വിട്ടയിച്ചത്. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ ഇനിയും വിളിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

DONT MISS
Top