ഇരുപത് കോടി കളക്ഷന്‍ മമ്മൂട്ടിയുടെ വെറും തള്ളുമാത്രമെന്ന് മോഹന്‍ലാല്‍ ഫാന്‍സ്; ഓരോ തിയേറ്ററിലേയും കണക്കെടുത്ത് തെളിയിക്കാന്‍ വെല്ലുവിളി

മമ്മൂട്ടിക്കെതിരെ കൊമ്പുകോര്‍ത്ത് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത്. പുലിമുരുകന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ റെക്കോഡ് ഗ്രേറ്റഫാദര്‍ മറികടന്നെന്ന ‘കളക്ഷന്‍ റിപ്പോര്‍ട്ട്’ പുറത്തുവന്നതിന് പിന്നാലെയാണ് രോക്ഷമറിയിച്ച് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. നാല് ദിവസം കൊണ്ട് ഓള്‍ ഇന്ത്യ കളക്ഷന്‍ ഇരുപത് കോടി കഴിഞ്ഞു എന്നത് മമ്മൂട്ടിയുടെ വെറും തള്ളാണെന്ന് ഫെയ്‌സ്ബുക്കിലെഴുതിയ തുറന്ന കുറിപ്പില്‍ മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നു. ഒരോ തിയേറ്ററിലേയും കണക്കെടുത്ത് തെളിയിക്കാന്‍ മമ്മൂട്ടി, പൃഥ്വിരാജ്, ഷാജി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ മോഹന്‍ലാല്‍ ഫാന്‍സ് വെല്ലുവിളിക്കുകയും ചെയ്തു.

ഒരു കാര്യം പറഞ്ഞു തുടങ്ങുന്നതിനു മുന്‍പ് തന്നെ അത് എന്തു കൊണ്ട് പറയുന്നു എന്നു വിശദീകരിക്കേണ്ടതു ചിലപ്പോഴെങ്കിലും ഒരു മര്യാദയുടെ ഭാഗം ആയി വരുന്ന കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സംബന്ധിച്ച് ചില അസത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സത്യം പുറത്തു വരണമെങ്കില്‍ ആരെങ്കിലും മുന്നിട്ടിറങ്ങണം. അങ്ങിനെയുള്ള ഒരു സത്യം പൊതു സമൂഹത്തിനു മുന്നിലേക്ക് അവതരിപ്പിക്കാനാണ് കുറിപ്പെഴുതുന്നതെന്ന് പറയുന്നു. പഠിച്ചു പരീക്ഷ എഴുതി റാങ്ക് നേടിയ ഒരാള്‍ ഉള്ളപ്പോള്‍ പിന്‍വാതില്‍ നിയമനം വഴി മറ്റൊരാള്‍ ആ ജോലി തട്ടിയെടുക്കുന്നതുപോലെയോ, ഒരു കായിക താരം കഠിനമായി പരിശീലിച്ചു ഒരു മത്സരത്തില്‍ പങ്കെടുത്തു നേടിയ ഒന്നാം സ്ഥാനം മറ്റൊരു താരം കോഴ കൊടുത്തു നേടുന്നതോ പോലെയാണ് ഗ്രേറ്റ്ഫാദറിന്റെ കളക്ഷന്‍ റെക്കോര്‍ഡ് സംബന്ധിച്ച വെളിപ്പെടുത്തലുകളെ കാണാനെന്ന് മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നു.

കണക്കുകളും തെളിവുകളും സഹിതമാണ് മോഹന്‍ലാല്‍ ഫാന്‍സ് ഇത് വ്യക്തമാക്കുന്നത്. 4 കോടി 27 ലക്ഷം നേടിയ കബലിയുടെ റെക്കോര്‍ഡ് ആണ് ഗ്രേറ്റ് ഫാദര്‍ പൊട്ടിച്ചത് എന്ന് പറയുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ 306 സ്‌ക്രീനുകളില്‍ ഇറങ്ങിയ കബാലി 1140 പ്രദര്‍ശനങ്ങള്‍ 99 % ഒക്യൂപന്‍സിയില്‍ കളിച്ചാണ് ഈ പറയുന്ന കളക്ഷന്‍ നേടിയത്. അപ്പോള്‍ 202 സ്‌ക്രീനില്‍ 98 % ഒക്യൂപന്‍സിയില്‍ കളിച്ചു എന്ന് അവകാശപ്പെടുന്ന ഗ്രേറ്റ് ഫാദര്‍ എങ്ങനെയാണു കബലിയെക്കാളും 4 ലക്ഷം കൂടുതല്‍ നേടുന്നതെന്ന് മോഹന്‍ലാല്‍ ഫാന്‍സ് ചോദിക്കുന്നു.

958 ഷോ ആദ്യ ദിവസം കളിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രമുഖ ട്രാക്കിംഗ് സൈറ്റുകള്‍ എല്ലാം നല്‍കുന്ന മാക്‌സിമം ഷോ കൌണ്ട് 860 വരെ ആണിത്. കബലിയെക്കാള്‍ 250 ഓളം ഷോ കുറച്ചു കളിച്ച ഗ്രേറ്റ് ഫാദര്‍ എങ്ങനെ കബലിയെ തകര്‍ത്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യം. ആദ്യ ദിനം 879 ഷോസ് ആണ് പുലിമുരുകന്‍ കളിച്ചത്. അതും 99 % ഒക്യൂപന്‍സിയില്‍. അപ്പോള്‍ അത്രേം ഷോസ് കളിക്കാതെ ഗ്രേറ്റ് ഫാദര്‍ പുലിമുരുകനെക്കാള്‍ 26 ലക്ഷം രൂപ എങ്ങനെ കൂടുതല്‍ നേടി എന്നതും ചോദ്യമാണ്.

ഒരു തരത്തിലും വിശ്വസിക്കാനോ സാധൂകരിക്കാനോ പറ്റാത്ത കണക്കുകള്‍ ആയി പോയി ഗ്രേറ്റ്ഫാദര്‍ ടീം തരുന്നത്. ട്രാക്ക് ചെയ്യാന്‍ പറ്റുന്ന ഓണ്‍ലൈന്‍ ട്രാക്കിംഗ് ഉള്ള കേരളത്തിലെ സെന്ററുകള്‍ പരിശോധിച്ചാല്‍ ആദ്യ ദിനം പുലിമുരുകന്‍ നേടിയതിനേക്കാള്‍ കളക്ഷന്‍ കുറവാണു ഗ്രേറ്റ് ഫാദറിന് എന്നത് വ്യക്തമാകും. ഇതിനുള്ള തെളിവുകളും മോഹന്‍ലാല്‍ ഫാന്‍സ് പുറത്തുവിടുന്നുണ്ട്.

രണ്ടാത്തെ കാര്യം, 4 ദിവസം കൊണ്ട് 20 കോടി നേടി എന്നാണ് ഗ്രേറ്റ് ഫാദര്‍ പറയുന്നത്. അതായതു ആദ്യ ദിനം നേടിയതിനേക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ ആണ് പിന്നീടുള്ള ദിവസങ്ങളില്‍ നേടി എന്ന് പറയുന്നത്. പക്ഷെ രണ്ടാം ദിവസം മുതല്‍ ശരാശരി 500 ഷോകള്‍ വെച്ച് മാത്രമേ ചിത്രം കളിച്ചിട്ടുള്ളു. ഗ്രേറ്റ് ഫാദര്‍ ടീം പറയുന്ന ആദ്യ ദിവസത്തെ 958 ഷോയും കളക്ഷനും ഒരു വാദത്തിനു വേണ്ടി ശരി ആണെന്ന് സമ്മതിച്ചാല്‍ തന്നെ അതിന്റെ പകുതിയോളം മാത്രം ഷോസ് കളിച്ച പിന്നീടുള്ള ദിവസങ്ങളില്‍ എങ്ങനെ അതിന്റെ മുകളില്‍ കളക്ഷന്‍ വന്നു. ഇത്ര കളക്ഷന്‍ ഉള്ള പടത്തിനു മൂന്നാാം ദിവസം മാത്രം വന്നത് 50 ഇല്‍ കൂടുതല്‍ റിമൂവല്‍സ് ആണ്. അതിനെ എങ്ങനെ ആണ് ന്യായീകരിക്കുക.

ഇനി വേറെ ഒരു തെളിവ് നോക്കാം. 5 ദിവസം കൊണ്ട് എറണാകുളം മള്‍ട്ടിപ്ലെക്‌സില്‍ പുലിമുരുകന്‍ നേടിയത് 72 ലക്ഷം രൂപയ്ക്കു മുകളില്‍ ആണെങ്കില്‍ ഗ്രേറ്റ് ഫാദര്‍ നേടിയത് 53 ലക്ഷം ആണ്. 20 ലക്ഷത്തിന്റെ വ്യത്യാസം അവിടെ മാത്രം. പക്ഷെ ടോട്ടല്‍ കളക്ഷന്‍ വരുമ്പോള്‍ ഗ്രേറ്റ് ഫാദര്‍ 20 കോടി പുലിമുരുകനെക്കാള്‍ വേഗത്തില്‍ നേടി എന്നും പറയുന്നു. അതെങ്ങനെയെന്നും ലാല്‍ ഫാന്‍സ് അദ്ഭുതപ്പെടുന്നു.

മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ പോലും 5 ദിവസം 56 ലക്ഷത്തോളം നേടിയിരുന്നു. ചിത്രം റിലീസ് ആയതിനു ശേഷമുള്ള ആദ്യത്തെ തിങ്കള്‍ മള്‍ട്ടി ഒക്യൂപന്‍സി പരിശോധിക്കുകയാണെങ്കില്‍ പുലിമുരുകനും മുന്തിരിവള്ളികളുമൊക്കെ 90 % നു മുകളില്‍ വന്നപ്പോള്‍ യുവ താര ചിത്രങ്ങള്‍ ആയ ഒരു മെക്‌സിക്കന്‍ അപാരതയും അങ്കമാലി ഡയറീസും വരെ 80 % മുകളില്‍ ഒക്യൂപന്‍സി നേടി. ആദ്യ തിങ്കളാഴ്ച ഗ്രേറ്റ് ഫാദര്‍ നേടിയത് 70 % മാത്രം ഒക്യൂപന്‍സിയാണെന്നും കുറിപ്പില്‍ പറയുന്നു.

പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രം ഇവിടെ ചരിത്രം കുറിച്ചത് പലരുടെയും ഉറക്കം കെടുത്തി എന്ന് വേണം പറയാന്‍. എന്നാല്‍ നേര്‍ക്ക് നേര്‍ നിന്ന് പോരാടിയാല്‍ വിജയം എന്നതു 1000 മൈല്‍ അകലെ ആണെന്ന് മനസിലാക്കിയ ഇവര്‍ പിന്നീട് നടത്തിയത് വളരെ ആസൂത്രിതമായ ഒരു കള്ളകളി ആണ്. പുലിമുരുകനെക്കാള്‍ ആദ്യ ദിന കളക്ഷന്‍ നേടി എന്ന് വരുത്താന്‍ വേണ്ടിയുള്ള കളി. .അതിനായി ആദ്യം ചെയ്തത് പുലിമുരുകനെക്കാള്‍ സ്‌ക്രീന്‍സില്‍ ഈ ചിത്രം ഇറങ്ങി എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള ഒരു ഫേക് തിയേറ്റര്‍ ലിസ്റ്റ് ആയിരുന്നു പുറത്തിറക്കിയത്. പക്ഷെ അത് ആദ്യമേ പാളി. കാരണം പടം കളിക്കാത്ത സ്‌ക്രീന്‍സ് മുതല്‍ കേരളത്തില്‍ നിലവില്‍ ഇല്ലാത്ത സ്‌ക്രീന്‍സ് വരെ ചേര്‍ത്ത ലിസ്റ്റ് പുറത്തു വന്നപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ പൊളിച്ചു കയ്യില്‍ കൊടുത്തു

202 സ്‌ക്രീന്‍സ് എന്ന് പറഞ്ഞു ഇറങ്ങിയ ചിത്രം കളിച്ചതു 180 സ്‌ക്രീന്‍സില്‍ മാത്രമാണ്. പിന്നെ ശ്രമിച്ചത് ഫാന്‍സ് ഷോകളുടെ എണ്ണം കൂട്ടാന്‍ ആണ. 40 ഓളം ഫാന്‍സ് ഷോ പുലിമുരുകന്‍ കളിച്ചപ്പോള്‍ വെറും 90 ഇല്‍ താഴെ മാത്രമേ ഗ്രേറ്റ് ഫാദറിന് കളിയ്ക്കാന്‍ സാധിച്ചുള്ളൂ.അവിടെയും തോല്‍വി തന്നെ. പിന്നെ പറഞ്ഞത് സ്‌പെഷ്യല്‍ മിഡ്‌നെറ് ഷോസ് കളിച്ചു എന്നാണ്. അവിടെയും പുലിമുരുകന്‍ കളിച്ചതിന്റെ പകുതി പോലും വന്നിട്ടില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കിയപ്പോള്‍ മിണ്ടാട്ടം മുട്ടുകയായിരുന്നുവെന്നും ഫാന്‍സ് വ്യക്തമാക്കുന്നു.

പുലിമുരുകന്‍ സിനിമയുടെ ഒഫീഷ്യല്‍ പേജില്‍ നിന്നും ആ സിനിമയുടെ ക്രൗഡ് പിക്ചര്‍ വരെ അടിച്ചു മാറ്റി ഗ്രേറ്റ് ഫാദര്‍ ഒഫീഷ്യല്‍ പേജില്‍ ഇടുന്നതു വരെ കണ്ടു. അത് മാത്രമല്ല ഒരു ചെറിയ ബജറ്റ് പടം, ഒരു പുതു മുഖ സംവിധായകനെ വെച്ച്് ചെയ്തു 20 കോടി നേടി എന്ന് പറഞ്ഞു പടത്തിലെ നായകന്‍ വരെ പോസ്റ്റ് ഇടേണ്ടി വരുന്ന അവസ്ഥയും കണ്ടു. പുലിമുരുകന്‍ 100 കോടി നേടിയ ന്യൂസില്‍ സംസാരിച്ചത് പ്രൊഡ്യൂസര്‍ മാത്രം അല്ല. തിയേറ്റര്‍ ഉടമകളും ഡിസ്ട്രിബ്യുട്ടര്‍മാരും ഒക്കെയാണ്. അതിന്റെ വീഡിയോ വരെ നമ്മുക്ക് ലഭ്യമാണ്. പക്ഷെ ‘ ആണ്ടി വലിയ വെടിക്കാരന്‍ ആണ്. ആര് പറഞ്ഞു, ആണ്ടി തന്നെ പറഞ്ഞു’ എന്ന ലൈനില്‍ ആണ് ഗ്രേറ്റ് ഫാദറിന്റെ പോക്ക്

തങ്ങള്‍ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും തെളിവുണ്ടെന്നും വേണ്ടവര്‍ക്ക് അത് കമന്റ് ഇട്ടു ചോദിക്കാവുന്നതാണെന്നും ഫാന്‍സ് പറയുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റാണെന്നു തെളിയിച്ചാല്‍ ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ ഫിഗര്‍ സത്യമാണെന്നു ഇവിടെ പോസ്റ്റ് ചെയ്യുമെന്നും ഫാന്‍സ് പറഞ്ഞു. തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ മിണ്ടി പോകരുതെന്നും ചങ്കുറപ്പുള്ളവര്‍ ഉണ്ടേല്‍ വന്നു വെല്ലുവിളി ഏറ്റെടുക്കണമെന്നും ലാല്‍ ഫാന്‍സ് കൂട്ടിച്ചേര്‍ക്കുന്നു.

പ്രദര്‍ത്തിനെത്തിയ ആദ്യ ദിനം ഗ്രേറ്റ്ഫാദര്‍ നാല് കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപ (4,31,46,345) നേടിയെന്ന് കാണിച്ച്  നിര്‍മ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട്  പൃഥ്വീരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്ത് സിനിമാസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ 202 സ്‌ക്രീനുകളില്‍ മാത്രം 958 പ്രദര്‍ശനങ്ങള്‍ നടന്നതായാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്.

DONT MISS
Top