കിരീട നേട്ടത്തിന് പിന്നാലെ റാങ്കിംഗില്‍ ചരിത്രമുന്നേറ്റവുമായി സിന്ധു

ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ താരം പിവി സിന്ധുവിന് റാങ്കിംഗില്‍ വന്‍മുന്നേറ്റം. ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സിന്ധു മുന്നേറിയിരിക്കുന്നത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ കരോലിന മരിനെ തകര്‍ത്ത് നേടിയ വിജയമാണ് റാങ്കിംഗില്‍ മുന്നേറാന്‍ സിന്ധുവിനെ സഹായിച്ചത്.

മരിനെ പിന്തള്ളിയാണ് സിന്ധു രണ്ടാം റാങ്കില്‍ എത്തിയിരിക്കുന്നത്. ചൈനീസ് തായ്‌പേയുടെ തായ് സു യിങാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ മറ്റൊരു താരമായ സൈന നെഹ്‌വാള്‍ ഒമ്പതാം സ്ഥാനത്താണ്.

ഇന്ത്യന്‍ ഓപ്പണ്‍ ആരംഭിക്കുമ്പോള്‍ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തന്നെ സൈനയേയും ലോക നാലാം നമ്പര്‍ സുങ് ജി ഹ്യുനിനേയും സിന്ധു അടിയറവ് പറയിച്ചിരുന്നു.

ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധു സ്‌പെയിന്റെ കരോലിന മരിനെ തകര്‍ത്തത്. സ്‌കോര്‍ 21-19, 21-16. കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമായിരുന്നു സിന്ധു ദില്ലിയില്‍ നേടിയത്. റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ മരിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരം കൂടിയായി സിന്ധുവിന് കിരീടവിജയം.

DONT MISS
Top