വെളളത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ജാതി സംഘര്‍ഷം; അരുന്ധതിയാര്‍ വിഭാഗക്കാരുടെ കോളനിയില്‍ സവര്‍ണരുടെ ആക്രമണം

സവര്‍ണര്‍ കത്തിച്ച വീടുകള്‍

ചെന്നൈ: തമിഴ്‌നാട്  രാജപ്പാളയത്തിന് സമീപം തോട്ടിയപ്പട്ടി ഗ്രാമത്തില്‍ അരുന്ധതിയാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന കോളനി ആക്രമിക്കപ്പെട്ടു. സവര്‍ണജാതിക്കാരായ തോട്ടിനായ്ക്കരാണ് മാര്‍ച്ച് 31ന് കോളനി ആക്രമിച്ചത്. പൊതു ജലസംഭരണിയില്‍ നിന്നും ദലിതര്‍ വെള്ളമെടുക്കുന്നതാണ്  കോളനി ആക്രമിക്കാന്‍ കാരണം. അരുന്ധതിയാര്‍ കുടിയിരുപ്പിലെ 43 വീടുകളാണ് ഇരുനൂറോളം പേരടങ്ങുന്ന സംഘം തീയിട്ട് നശിപ്പിച്ചത്.

കല്ലേറില്‍ പല വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായി ആക്രമിക്കാനെത്തിയത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ 11 ചികിത്സയിലാണ്. 43 വീടുകളില്‍ നാലെണ്ണം പെട്രോളൊഴിച്ച് കത്തിച്ച നിലയിലാണ്.

സംഭവം നടക്കുന്ന ദിവസം കോളനിയിലുള്ളവര്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ ആര്‍ക്കും ജീവഹാനിയുണ്ടായില്ല. ടിവി അടക്കമുള്ള വീട്ടുപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒമ്പതുമാസം ഗര്‍ഭിണിയായ ഒരു സ്ത്രീയും ആക്രമണത്തിനിരയായി.

ശ്മശാനത്തിനടുത്തുള്ള ഒരു പൊതുടാപ്പുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തോട്ടിനായ്ക്കര്‍ക്കും അരുന്ധതിയാര്‍മാര്‍ക്കുമായി ഒരു പൊതു ജലസംഭരണിയാണുള്ളത് (സിന്റക്‌സ് ടാങ്ക്). ഇതിലെ വെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ ഇരുജാതിക്കാരും തമ്മില്‍ ഇതിനു മുമ്പും പ്രശ്‌നമുണ്ടായിട്ടുണ്ട്. വെള്ളത്തിന് മേല്‍ക്കൈ തോട്ടിനായ്ക്കര്‍ക്കാണ്. പൊലീസ് ഇടപെട്ട് ദിവസം രണ്ട് മണിക്കൂര്‍ വീതം അരുന്ധതിയാര്‍വിഭാഗത്തിന് ടാങ്കിലെ വെള്ളം ഉപയോഗിക്കാം എന്ന നിബന്ധന ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അനുവദിക്കപ്പെട്ട ഒരു പ്രത്യേക സമയത്ത് മാത്രമേ അരുന്ധതിയാര്‍ ജാതിക്കാര്‍ അവിടെനിന്നും വെള്ളമെടുക്കാന്‍ പാടുള്ളൂ. പിന്നീട്, വെള്ളമെടുക്കാന്‍ വൈകിയെത്തിയ അരുന്ധതിയാര്‍ വിഭാഗത്തില്‍ പെട്ടൊരാളെ തോട്ടിനായ്ക്കര്‍ വിഭാഗക്കാര്‍ വെള്ളമെടുക്കാന്‍ സമ്മതിക്കാത്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷമാണ് വെള്ളത്തിന്റെ പേരില്‍ ഇരുജാതിക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്.

കോളനി മുഴുവന്‍ ആക്രമിക്കപ്പെട്ടതോടെ അരുന്ധതിയാര്‍ വിഭാഗം കഴിയുന്നത് അന്നുവരെ അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന പഞ്ചായത്ത് നിര്‍മ്മിച്ച  കമ്മ്യൂണിറ്റി ഹാളിലാണ്. ഇവരുടെ കല്യാണമടക്കമുള്ള ചടങ്ങുകള്‍ നടക്കുന്നത് തെരുവിലും മറ്റുമായാണ്. അരുന്ധതിയാര്‍ കുടിയിരുപ്പിലേക്കുള്ള മൂന്ന് വാട്ടര്‍ ടാപ്പുകളില്‍ വെള്ളമെത്തിയിട്ട് കുറേക്കാലമായെന്നും ഇവര്‍ പറയുന്നു. തോട്ടിനായ്ക്കര്‍ക്കുള്ള ജലവിതരണ കണക്ഷന്‍ തടസ്സങ്ങളില്ലാതെ തുടരുന്നുണ്ട്. ഇവരുടെ ശവമടക്ക് പൊതുശ്മശാനത്തില്‍ നടത്താന്‍ കഴിയില്ല.

റേഷന്‍ കടയിലും മറ്റ് ജാതിക്കാര്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ അരുന്ധതിയാര്‍ ജാതിക്കാര്‍ക്ക് അനുമതിയില്ല, റേഷന്‍ വാങ്ങാന്‍ ഒരു പ്രത്യേക ദിവസം പോകണം. സ്‌കൂളുകളില്‍ അരുന്ധതിയാര്‍ ജാതിക്കാരായ കുട്ടികള്‍ ക്ലാസ്മുറികളും ടോയ്‌ലറ്റും വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ആക്രമണത്തിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് തങ്ങള്‍ കാര്യമറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സവര്‍ണ ജാതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത് എന്ന് ആക്രമിക്കപ്പെട്ടവര്‍ പറയുന്നു.

DONT MISS
Top