ജി ടോക്ക് ഇനിയില്ല; സൈബര്‍ ലോകത്തെ സ്വകാര്യ സംഭാഷണങ്ങളുടെ തുടക്കക്കാരനെ ഗൂഗിള്‍ പിന്‍വലിക്കുന്നു

പ്രതീകാത്മക ചിത്രം

ജി ടോക്കിന് പൂട്ടുവീഴുന്നു. മാതൃ കമ്പനിയായ ഗൂഗിള്‍തന്നെയാണ് ഒരുകാലത്ത് ചാറ്റ് ലോകം അടക്കിവാണ ജി ടോക്കിനെ പിന്‍വലിക്കാനൊരുങ്ങുന്നത്. മെയിലുകളും ഒര്‍ക്കൂട്ടിനും സാധിക്കാതിരുന്നതാണ് ഒരു പതിറ്റാണ്ട് മുമ്പ് ജി ടോക്ക് വഴി ഗൂഗിള്‍ സാധിച്ചെടുത്തത്. യാഹൂ അടക്കിവാണ ഇ മെയില്‍ പ്രപഞ്ചത്തിലേക്ക് ജി മെയില്‍ എന്ന തകര്‍പ്പന്‍ മെയില്‍ അവതരിപ്പിച്ച് വിജയിച്ചശേഷം ഗൂഗിള്‍ സ്വകാര്യ സംഭാഷണങ്ങള്‍ കൈമാറുന്നതില്‍ അവസാന വാക്കായി ജി ടോക്കിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. 2005ല്‍ പുറത്തുവന്ന ജി ടോക്ക് ആളുകളെ ഓണ്‍ലൈന്‍ ലോകത്ത് സംസാരിക്കാന്‍ ശീലിപ്പിക്കുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചത്.

യാഹൂ മെസ്സഞ്ചറിന്റെ ചാറ്റ് കുത്തക അവസാനിപ്പിക്കാനും ജി ടോക്കിന് സാധിച്ചു. എന്നാല്‍ പുത്തന്‍ ചാറ്റ് ആപ്പുകളുടെ കടന്നുവരവും ഫെയ്‌സ്ബുക്കിന്റെ തേര്‍വാഴ്ച്ചയും ഗൂഗിളിനെ ഇരുത്തിച്ചിന്തിപ്പിച്ചിരിക്കണം. ഗൂഗിള്‍ ബസ് പോലെ, ഒര്‍ക്കൂട്ട് പോലെ ജി ടോക്കിനേയും ഗൂഗിള്‍ കൈവിടുകയാണ്. എന്നാല്‍ ഗൂഗിളിന്റെ ഹാങ്ഔട്ടിലേക്ക് ജി ടോക്ക് ഉപയോക്താക്കള്‍ക്ക് മാറാവുന്നതാണ്. നേരത്തെതന്നെ ഹാങ്ഔട്ടിലേക്ക് മാറാനാവശ്യപ്പെട്ട് ഗൂഗിള്‍ അറിയിപ്പ് നല്‍കിയിരുന്നു.

ജൂണ്‍ 26 മുതലാണ് പുതിയ മാറ്റം ഉണ്ടാവുക. ജി ടോക്കില്‍നിന്ന് ഉപയോക്താക്കള്‍ മറ്റൊരു ചാറ്റിംഗ് സൊലൂഷനിലേക്ക് എത്തണമെന്ന കണക്കുകൂട്ടലിലാണ് ഗൂഗിള്‍ ഇത്തരമൊരു നടപടിക്ക് മുതിരുന്നത്. 12 വര്‍ഷമായി ജി ടോക്ക് ഉപയോഗിക്കുന്ന ധാരാളം ഉപയോക്താക്കള്‍ ഉള്ളപ്പോഴാണ് ഗൂഗിളിന്റെ ഈ തീരുമാനം. ഈയിടെ ഹാങ്ഔട്ടില്‍നിന്ന് എസ്എംഎസ് സംവിധാനം ഗൂഗിള്‍ ഒഴിവാക്കിയിരുന്നു. ഹാങ്ഔട്ടിന് പുറമെ നിരവധി മെസ്സേജിംഗ് ആപ്പുകള്‍ നിലവില്‍ ഗൂഗിളിനുണ്ട്.

DONT MISS
Top