“അവസരങ്ങള്‍ വേണമെങ്കില്‍ കിടക്ക പങ്കിടണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചു”; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി


മലയാള സിനിമാ രംഗത്ത് നിലനില്‍ക്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ പല താരങ്ങളും സിനിമാ മേഖലയുമായി ബന്ധമുള്ളവരും വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടി പാര്‍വ്വതിയും തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ കിടക്കപങ്കിടണമെന്ന് ചില സംവിധായകരും സിനിമാ പ്രവര്‍ത്തകരും അവശ്യപ്പെട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ‘ടോക് ടൈം വിത്ത് മാത്തുക്കുട്ടി’ എന്ന പരിപാടിയിലാണ് പാര്‍വ്വതി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.

കിടക്ക പങ്കിടണമെന്ന് പറഞ്ഞവരോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് പാര്‍വ്വതി പറഞ്ഞു. അവര്‍ക്ക് അധികാരവും മൂല്യവും കിട്ടണമെങ്കില്‍ ഇങ്ങനൊക്ക വേണമെന്നാണ് അവര്‍ കരുതുന്നത്. പൗരുഷം എന്നുപറയുന്നത് മറ്റൊരു സ്ത്രീയോട് ഇങ്ങനെയൊക്കെ ചോദിക്കുന്നതാണെന്ന് കരുതുന്നത് അങ്ങേയറ്റം ദുഖകരമാണ്. പാര്‍വ്വതി അഭിപ്രായപ്പെട്ടു.

മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു. ഇത് തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ആവശ്യപ്പെടുന്നത്. ജീവിത ഉപദേശം പോലെ ‘മോളെ ഇതൊക്കെ ചെയ്യേണ്ടി വരും, അത് അങ്ങനെയാണ്’ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്ന് നമ്മള്‍ തന്നെയാണ് തിരിച്ചറിയേണ്ടത്. പാര്‍വ്വതി പറയുന്നു.

വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് തനിക്ക് ഈ അനുഭവം നേരിടേണ്ടി വന്നിട്ടുള്ളതെന്ന് താരം ചൂണ്ടിക്കാട്ടുന്നു. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമപോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പലരും സമീപിക്കുന്നത്. നമ്മള്‍ നടന്നുപോകുമ്പോള്‍ നമ്മുടെ ശരീരത്തെപ്പറ്റി വളരെ ലാഘവത്തോടെയാണ് അവര്‍ കമന്റ് ചെയ്യുന്നത്. വേദനിപ്പിച്ചുകൊണ്ട് കമന്റുകള്‍ പറയുന്നത് സ്വാഭാവികമായി കാണാന്‍ കഴിയില്ല.

കാസ്റ്റിംഗ് കൗച്ച് നടത്തിയുള്ള വേഷങ്ങള്‍ തനിക്ക് വേണ്ടെന്ന് പാര്‍വ്വതി വ്യക്തമാക്കി. അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാമോ മറ്റോ പോകും. എപ്പോഴും ഞാന്‍ നിവര്‍ന്നാണ് നിന്നിട്ടുള്ളത്. പത്തുവര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോയി. ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നു.

കുട്ടിയായിരുന്നപ്പോള്‍ ലൈംഗികചൂഷണം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് പാര്‍വ്വതി പറയുന്നു. നടന്ന് പോകുമ്പോള്‍ അടിക്കുകയും നുള്ളുകയും ചെയ്തിട്ടുണ്ട്. പതിനേഴാമത്തെ വയസിലാണ് ആദ്യമായി പ്രതികരിക്കുന്നത്. ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. അദ്യം മകളായി പിന്നീട് കാമുകി, അമ്മ, അമ്മൂമ്മ എന്നിങ്ങനെ സ്ത്രീകള്‍ ജീവിതമാകെ ടാഗ് ചെയ്യപ്പെടുകയാണ്. പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

DONT MISS
Top