പിവി സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍

ദില്ലി: ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡല്‍ ജേത്രി പിവി സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് മറികടന്നാണ് സിന്ധു കലാശപ്പോരിന് അര്‍ഹത നേടിയിരിക്കുന്നത്. സ്‌പെയിനിന്റെ കരോളിന മരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

മൂന്ന് ഗെയിമുകള്‍ക്കൊടുവില്‍ വിജയിയെ നിശ്ചയിച്ച മത്സരത്തില്‍ 21-18, 14-21, 21-14 എന്ന സ്‌കോറിനായിരുന്നു സിന്ധു മികവ് കാട്ടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ അവസാന നിമിഷങ്ങളിലെ മികവ് സിന്ധുവിന് മുതല്‍ക്കൂട്ടായി. 21-18 ന് ഇന്ത്യന്‍ താരം ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടും മൂന്നും ഗെയിമുകളില്‍ ഏകപക്ഷീയമായ വിജയമാണ് ഇരുവരും നേടിയത്. രണ്ടാം ഗെയിം 21-14 ന് കൊറിയന്‍ താരം നേടിയതോടെ മൂന്നാം ഗെയിം നിര്‍ണായകമായി. രണ്ടാം ഗെയിമിലെ സ്‌കോര്‍ നിലയ്ക്ക് അതേപടി തിരിച്ചടി നല്‍കിയ സിന്ധു 21-14 ന് ഗെയിമും മത്സരവും കൈപ്പിടിയിലൊതുക്കി.

റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ സിന്ധുവിന്റെ സ്വര്‍ണ മോഹങ്ങള്‍ തകര്‍ത്ത മരിനുമായി വീണ്ടുമൊരു ഫൈനലിന് സിന്ധു തയ്യാറെടുക്കുകയാണ്. ജപ്പാന്‍ താരം അകെന്‍ യാമുഞ്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് മരിന്‍ ഫൈനലിലെത്തിയിരിക്കുന്നത്. സ്‌കോര്‍: 21-16, 21-14.

DONT MISS
Top