തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഗതാഗത വകുപ്പ് തന്നെ ലഭിച്ചേക്കും

തിരുവനന്തപുരം: തോമസ് ചാണ്ടി എംഎല്‍എ എന്‍സിപിയുടെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെകിട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തോമസ് ചാണ്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പിണറായി വിജയന്‍ മന്ത്രിസഭയിലെ എന്‍സിപിയുടെ പുതിയ പ്രതിനിധിയാണ് തോമസ് ചാണ്ടി.

ആലപ്പുഴയിലെ കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് 69 കാരനായ തോമസ് ചാണ്ടി. ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയായിരിക്കുന്നത്. ദൈവനാമത്തിലായിരുന്നു തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ. വൈകിട്ട് അഞ്ച് മണിയോടെ അദ്ദേഹം ഓഫീസിലെത്തി ചുമതലയേറ്റെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, നിയുക്ത ചീഫ് സെക്രട്ടറി നളിനി നെറ്റോ മറ്റ് മന്ത്രിമാര്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍, മുതിര്‍ന്ന നേതാവ് ടി പീതാംബരന്‍ മാസ്റ്റര്‍, എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജിവെച്ച എകെ ശശീന്ദ്രനും തന്റെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലായിതിനാല്‍ പ്രതിപക്ഷത്തുനിന്ന് ആരും ചടങ്ങില്‍ പങ്കെടുത്തില്ല.

തന്റെ മുന്‍ഗാമിയായ എകെ ശശീന്ദ്രന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നയാവും തോമസ് ചാണ്ടിക്ക് ലഭിക്കുക.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആലപ്പുഴയില്‍ നിന്നുള്ള നാലാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. സിപിഐഎമ്മിലെ ജി സുധാകരന്‍, തോമസ് ഐസക്, സിപിഐയിലെ പി തിലോത്തമന്‍ എന്നിവരാണ് നിലവില്‍ ആലപ്പുഴയില്‍ നിന്നും മന്ത്രിസഭയില്‍ എത്തിയിട്ടുള്ളവര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top