സംവിധായകന്‍ അന്‍വര്‍ റഷീദ്, ക്യാമറ അമല്‍ നീരദ്, നായകന്‍ ഫഹദ് ഫാസില്‍, : അണിയറയില്‍ ഒരു അഡാറൈറ്റം ഒരുങ്ങുന്നതായി വാര്‍ത്തകള്‍

പ്രതീകാത്മകചിത്രം

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനെന്ന് പുതിയ വാര്‍ത്തകള്‍. അതോടൊപ്പം ആകാംഷ കൂട്ടുന്ന മറ്റൊരു വാര്‍ത്തയാണ് അമല്‍ നീരദും സിനിമയുടെ ഭാഗമാകുമെന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്വകാര്യ എഫ്എം ന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ തന്നെയാണ് അണിയറയില്‍ ഇത്തരമൊരു ചിത്രം ഒരുങ്ങുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്.  തന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇതെന്നും താരം പറഞ്ഞു. ജൂണ്‍ മാസത്തോടെ സിനിമ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

അഞ്ച് സുന്ദരികളിലെ  അന്‍വര്‍ റഷീദിന്റെ ആമി എന്ന ഹ്രസ്വചിത്രത്തിന് അമല്‍ നീരദാണ്ക്യാമറ കൈകാര്യം ചെയ്യ്തിട്ടുള്ളത്. ആ സിനിമയിലെ നായക കഥാപാത്രത്തെ കൈകാര്യം ചെയ്തത് ഫഹദ് ഫാസിലായിരുന്നു. അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

കരിയറിലെ ഏഴ് സിനിമയും ഹിറ്റാക്കിയ സംവിധായകനാണ് അന്‍വര്‍ റഷീദ്. ഉസ്താദ് ഹോട്ടലിനു ശേഷം അദ്ദേഹം മുഴുനീള ചിത്രങ്ങള്‍ ചെയ്തിരുന്നില്ല. എന്നാല്‍ അന്‍വര്‍ റഷീദ് നിര്‍മാതാവിന്റെ റോളില്‍ തിളങ്ങിയ പ്രേമവും, ബാംഗ്ലൂര്‍ ഡെയ്‌സും മലയാള കണ്ട എക്കാലത്തെയും ഹിറ്റുകളായിരുന്നു.

ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്കയാണ് അമല്‍ നീരദിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ടീസറിന് ഇതിനോടകം തന്നെ വന്‍ വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങള്‍ വഴി ലഭിച്ചത്.

ഫഹദ് ഫാസിലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ആയിരുന്നു. മനോജ് എബ്രഹാം എന്ന ഇറാഖിലെ ഇന്ത്യന്‍ അംബാസിഡറുടെ റോളിലായിരുന്നു ഫഹദ് എത്തിയത്. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതിന് തൊട്ടുമുന്‍പ് പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം നേടിയ വിജയവും ഫഹദ് എന്ന നടനെ മലയാളികള്‍ സ്വീകരിച്ചതിന്റെ തെളിവായിരുന്നു.

DONT MISS
Top