‘അത് ഹണിട്രാപ്പാണെങ്കില്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമോ?’; ഉത്തരം മുട്ടി ചാനല്‍ സിഇഒ, എല്ലാം മനസിലായെന്ന് സോഷ്യല്‍മീഡിയ

അഭിലാഷ് മോഹനും അജിത്ത് കുമാറും

കൊച്ചി: എകെ ശശീന്ദ്രനെ കുടുക്കാന്‍ ഹണി ട്രാപ്പ് നടന്നെന്ന ആരോപണത്തിന് ബലം നല്‍കി ചാനല്‍ സിഇഒയുടെ എഡിറ്റേഴ്‌സ് അവറിലെ പ്രകടനവും. ഇന്നലെ രാത്രിയിലെ എഡിറ്റേഴ്‌സ് അവറിലാണ് അവതാരകനായ അഭിലാഷിന്റെ നേരിട്ടുള്ള ചോദ്യത്തിന് മുന്നില്‍, 30 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പാരമ്പര്യമുള്ള ആര്‍ അജിത്ത്കുമാര്‍ ഉരുണ്ടുകളിച്ചത്. നവമാധ്യമങ്ങളില്‍ ചാനല്‍ തന്നെയാണ് ഹണിട്രാപ്പിന് പിന്നിലെന്ന് സ്ഥാപിക്കാന്‍ പലരും ഈ ഉത്തരംമുട്ടല്‍ ആയുധമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ‘എന്റെ ചോര തിളയ്ക്കുന്നു’ പരിപാടിയില്‍ ശശീന്ദ്രന്റെ ശബ്ദമല്ല അതെന്ന് തെളിയിച്ചാല്‍ ചാനല്‍ അടച്ചുപൂട്ടുമെന്നും, മാധ്യമപ്രവര്‍ത്തനം നിര്‍ത്തുമെന്നും അജിത്ത്കുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു എഡിറ്റേഴ്‌സ് അവറില്‍ അഭിലാഷ്‌മോഹന്റെ ചോദ്യം. ചാനലുമായി ബന്ധമുള്ള ആരുടെയെങ്കിലും നേതൃത്വത്തിലോ, ചാനലിലെ മാധ്യമപ്രവര്‍ത്തക വഴിയോ ആണ് ഈ ഓഡിയോ സംഘടിപ്പിച്ചതെന്ന ആരോപണം അഭിലാഷ് ചൂണ്ടിക്കാട്ടി. ഹണി ട്രാപ്പാണെന്ന് തെളിഞ്ഞാല്‍, മാധ്യമപ്രവര്‍ത്തനവും ചാനലും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു നേരിട്ടുള്ള ചോദ്യം. അപ്പോളും ശബ്ദം മന്ത്രിയുടേതല്ലെങ്കില്‍ പൂട്ടുമെന്നായിരുന്നു അജിത്തിന്റെ വിശദീകരണം. ചോദ്യം അഭിലാഷ് അഞ്ചോ ആറോ വട്ടം ആവര്‍ത്തിച്ചിട്ടും യേസ് അല്ലെങ്കില്‍ നോ പറയാന്‍ അജിത്ത് തയ്യാറായില്ല. ഉരുണ്ടുകളിച്ച അജിത്ത് ഈ പ്രഖ്യാപനം നടത്താന്‍ തയ്യാറായേ ഇല്ല.

ഹണിട്രാപ്പ് നടന്നിട്ടില്ലെന്ന് ഉറപ്പാണെന്നും ജുഡീഷ്യല്‍ കമ്മീഷനെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നുമാണ് ആവര്‍ത്തിച്ച് അജിത്തകുമാര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഹണിട്രാപ്പാണെന്ന് തെളിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുമോ എന്ന് വീണ്ടും ചോദിച്ചെങ്കിലും, ഇക്കാര്യത്തെക്കുറിച്ച് മിണ്ടാനേ ഇല്ലായിരുന്നു അജിത്ത്കുമാര്‍. ഇല്ലാത്ത ആരോപണത്തെക്കുറിച്ച് താനെന്തിന് അഭിപ്രായം പറയണമെന്ന ദുര്‍ബലന്യയവാദമുന്നയിച്ചായിരുന്നു അജിത്തിന്റെ പേരാട്ടം. എന്തായാലും കണ്ടുനിന്നവര്‍ക്ക് കാര്യം മനസിലായിയെന്ന് ചുരുക്കം. നിങ്ങളും ഈ വീഡിയോ കണ്ട് തീരുമാനിക്കൂ

‘മുന്‍പ് എന്റെ ചേര തിളയ്ക്കുന്നു’ എന്ന പരിപാടിയിലും അജിത്ത്കുമാര്‍ റിപ്പോര്‍ട്ടറിലെത്തിയിരുന്നു. ഒരു സ്ത്രീക്ക് മന്ത്രിയില്‍ നിന്നുണ്ടായ തിക്താനുഭവം പുറത്തുകൊണ്ടുവരണമെന്നതാണ് തങ്ങള്‍ ലക്ഷ്യംവെച്ചത്. ആരാണെന്ന് വെളിപ്പെടുത്താതെ നല്‍കണമെന്ന് പറഞ്ഞാണ് ലേഖകനെ ഒരു സ്ത്രീ സമീപിച്ചത്. ആ പരാതി തമസ്‌കരിച്ചാല്‍ തങ്ങള്‍ അഞ്ച് കോടി വാങ്ങി, ഒത്തുതീര്‍പ്പുണ്ടാക്കി എന്നാകും വിമര്‍ശകര്‍ പറയുക. പരാതിക്കാരി ഉണ്ടെങ്കിലേ ഒരു പ്രശ്‌നമാകൂ എന്നൊന്നുമില്ലെന്നും അജിത്ത് റിപ്പോര്‍ട്ടറോട് പറഞ്ഞു. പരാതി നല്‍കിയാല്‍ ജനങ്ങളും പൊലീസും മാധ്യമങ്ങളും തന്നെ കൊത്തിപ്പറിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ സമ്മതിക്കുമ്പോള്‍, അവരെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അജിത്കുമാര്‍ വ്യക്തമാക്കി. തന്നെ ശല്യം ചെയ്യുന്നുവെന്നായിരുന്നു സ്ത്രീയുടെ പരാതി. കോണ്‍സെന്‍ഷ്വല്‍ സെക്‌സല്ല (പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമല്ല) നടക്കുന്നതെന്നും അവര്‍ പറഞ്ഞതായും അജിത് തിരുവനന്തപുരം പ്രസ്‌ക്ലബിന് മുന്നില്‍ നടന്ന പരിപാടിയില്‍ പറഞ്ഞിരുന്നു.

വിമര്‍ശകര്‍ക്ക് അറിയേണ്ടത് ആ സ്ത്രീ ആരെന്നാണ്. അവര്‍ എന്തെങ്കിലും പറയണമെന്നാണ് ഇത്തരക്കാരുടെ ആവശ്യം. സ്ത്രീയെന്ന ശരീരത്തെയാണ് വിമര്‍ശകര്‍ക്ക് അറിയേണ്ടത്. അശ്ലീലമുണ്ടെന്നതിനാല്‍ കുട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടാണ് ഓഡിയോ സംപ്രേഷണം ചെയ്തതെന്നും അജിത്ത് അവകാശപ്പെട്ടിരുന്നു. തെറ്റായ വാര്‍ത്തയാണെങ്കില്‍ മന്ത്രി രാജിവെച്ചതെന്തിനെന്നും അജിത് ചോദിക്കുന്നു. മന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ ഈ പണി നിര്‍ത്തുമെന്നും ചാനല്‍ പൂട്ടുമെന്നും അജിത്ത് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.

വിഷയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനുമായി സഹകരിക്കുമെന്നും അദ്ദേഹം പരിപാടിയില്‍ ഉറപ്പുനല്‍കി. മിമിക്രിക്കാരെ വെച്ച് എടുപ്പിച്ചതാണെന്നും, സംഭവം ഹണി ട്രാപ്പാണെന്നുമെല്ലാമുള്ള ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. സര്‍ക്കാരിനെ തിരുത്തുന്ന ശക്തിയായി സമാനമായ രീതിയില്‍ തന്നെയാകും തങ്ങള്‍ മുന്നോട്ടുപോവുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്വകാര്യതയ്ക്ക് നിയന്ത്രണമുണ്ടെന്നും, ഇത്തരത്തില്‍ പെരുമാറുന്നവരെ ഇനിയും പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിസാരികയാണെങ്കില്‍ പോലും ഒരു സ്ത്രീയോട് മന്ത്രി ഇത്തരത്തില്‍ പെരുമാറരുതെന്നും അജിത്ത് പറഞ്ഞു. മനുഷ്യന്‍ മന്ത്രിയാകുമ്പോള്‍ എല്ലാക്കാര്യത്തിനും നിയന്ത്രണം വേണമെന്ന് ആവര്‍ത്തിച്ചാണ് അന്ന് ചര്‍ച്ചയിലുടനീളം ആര്‍ അജിത്ത് കുമാര്‍ രംഗത്തെത്തിയത്.

DONT MISS
Top