ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ബ്രസീലിന് തകര്‍പ്പന്‍ ജയം; അര്‍ജന്റീനയ്ക്ക് തോല്‍വി

ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. പരാഗ്വയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. അതേസമയം, മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ബോളീവിയയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. ഇതോടെ അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ സംശയത്തിലായിരിക്കുകയാണ്.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീല്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കുട്ടീന്യോ, നെയ്മര്‍, മാര്‍സിലോ എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.

ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ഞെട്ടിക്കുന്ന തോല്‍വിയാണ് മെസ്സിയും സംഘവും ഏറ്റുവാങ്ങിയത്. ഇതോടെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരത്തിന് തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ മെസിക്ക് നാലുകളികളില്‍ വിലക്കേര്‍പ്പെടുത്തിയത് അര്‍ജന്റീനയ്ക്ക് കനത്തപ്രഹരമായി. ചിലിക്കെതിരായ മത്സരത്തിനിടയ്ക്ക് അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. നാലുകളികളിലാണ് മെസിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അര്‍ജന്റീനയുടെ മുന്നേറ്റത്തോടെ മത്സരം തുടങ്ങിയെങ്കിലും ഗോള്‍ അവസരം മുതലാക്കാന്‍ കഴിയാഞ്ഞത് തിരിച്ചടിയായി. ഇരുപത്തിയൊന്‍പതാം മിനിട്ടില്‍ ഗോളെന്നുറച്ച അവസരം അര്‍ജന്റീന നഷ്ടപ്പെടുത്തി. എന്നാല്‍ തൊട്ടുപിന്നാലെ എതിര്‍വല ചലിപ്പിച്ച് ബൊളീവിയ ഞെട്ടിച്ചു. കാര്‍ലോസ് ആഴ്‌സ് ഹെഡ്ഡറിലൂടെയാണ് ബൊളീവിയയുടെ ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ മാഴ്‌സിലോ മൊറേനോയിലൂടെ രണ്ടാം ഗോളും അകപക്ഷീയ വിജയവും ബൊളീവിയ സ്വന്തമാക്കി.

ചിലിക്കെതിരായ മത്സരത്തില്‍ ബ്രസിലിയന്‍ റഫറി ആദ്യ ഘട്ടത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ മത്സര ശേഷം പുറത്തുവന്ന വീഡിയോയിലാണ് മെസിയുടെ ചൂടന്‍ പെരുമാറ്റം ശ്രദ്ധയില്‍പെട്ടത്. അതേസമയം വിലക്കിനെതിരെ മെസിക്കും അര്‍ജന്റീനക്കും അപ്പീലിന് പോകാന്‍ അവസരമുണ്ട്. വിലക്ക് പ്രാബല്യത്തില്‍ വന്നാല്‍ ഉറുഗ്വാ, വെനസ്വേല, പെറു എന്നിവരുമായി നടക്കുന്ന മത്സരങ്ങളിലും മെസിക്ക് കളിക്കാനാവില്ല.

DONT MISS
Top