ഭൂമിയുടെ സ്വഭാവമാറ്റത്തെ തണുപ്പിക്കാന്‍ വിളക്കുകള്‍ അണച്ച് ഒരു മണിക്കൂര്‍: ഇന്ന് ലോകം ഭൗമ മണിക്കൂര്‍ ആചരിക്കും

പ്രതീകാത്മക ചിത്രം

കാലം തെറ്റി പെയ്യുന്ന മഴയും പൊള്ളിക്കുന്ന ഉഷ്ണവും പ്രകൃതിക്കു പോലും സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ് വരച്ചുകാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാനുള്ള സന്ദേശം പകരാനായി നടത്തപ്പെടുന്ന ലോക ഭൗമ മണിക്കൂര്‍ ഇന്ന് രാത്രി 8.30ന് ലോകമെമ്പാടും ആചരിക്കും.

ഭൂമിയെ ചൂട്പിടിപ്പിക്കുന്ന മനുഷ്യ നിര്‍മ്മിതമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി വേള്‍ഡ് വൈഡ് ഫണ്ട് ഓസ്ട്രേലിയ തുടക്കം കുറിച്ചതാണ് ഭൗമ മണിക്കൂര്‍. 172 രാജ്യങ്ങളിലുള്ള 7,000 പട്ടണങ്ങളിലെ വൈദ്യുത ബള്‍ബുകള്‍ അണച്ച് ഇന്ന് പത്താമത് എര്‍ത്ത് അവര്‍ ആചരിക്കും. ഓസ്ട്രേലിയയിലെ പ്രശസ്ത സൗധങ്ങളായ സിഡ്‌നി ഒപ്പെറാ ഹൗസ്, ഹാര്‍ബര്‍ ബ്രിഡ്ജ്, ലൂണാ പാര്‍ക്ക്, ടൗണ്‍ ഹാള്‍, സിഡ്‌നി ടവര്‍ ഐ എന്നിവിടങ്ങളിലും ലോകത്തെ പ്രശസ്ത കെട്ടിടങ്ങളായ ദുബായിലെ ബുര്‍ജ് ഖലീഫ, ലണ്ടനിലെ ബിഗ് ബെന്‍, പാര്‍ലമെന്റ് മന്ദിരം, റോമിലെ കൊളോസിയം, ഇസ്താംബുളിലെ ബ്ലൂ മോസ്‌ക്ക്, ഈഫല്‍ ടവര്‍, പിരമിഡുകളും ഈ ഉദ്യമത്തില്‍ വെട്ടം അണച്ചു പങ്കുചേരും.

ഉഗാണ്ടയില്‍ ഒരു പ്രദേശത്തെ വനവത്കരിക്കാനും ഗാല്‍പഗോസ് ഐലന്റില്‍ പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനും അര്‍ജന്റീനയില്‍ മറൈന്‍ പാര്‍ക്ക് നിര്‍മ്മിക്കാനും വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ഭൗമ മണിക്കൂര്‍ സമഗ്രമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂര്‍ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.

DONT MISS
Top