ഷവോമി റെഡ്മി 4എ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചു; വില 5999 രൂപ

ഷവോമി റെഡ്മി 4എ

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന രംഗത്ത് കാതലായ മാറ്റങ്ങള്‍ ഒരോ ദിവസവും പിറവി കൊള്ളുകയാണ്. ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ വളരെ ജനപ്രിയമായ ഷവോമി ഇന്ത്യയിലെ ജനങ്ങളെ അത്ഭുതപ്പെടുത്തിയാണ് ഓരോ ദിവസവും പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുന്നത്.

ചൈനയില്‍ വളരെ നല്ല രീതിയില്‍ വില്‍പന നടന്നിട്ടുള്ള ഷവോമി റെഡ്മി 4എ ഇന്ത്യന്‍ വിപണിയിലെ ഓണ്‍ലൈന്‍ വില്‍പന ആരംഭിച്ചു. ഇടത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ട് ബജറ്റില്‍ ഒതുങ്ങുന്ന രീതിയില്‍ 5999 രൂപയ്ക്കാണ് ഓണ്‍ലൈനിലൂടെ ഫോണ്‍ ലഭ്യമാകുക. ഈ ശ്രേണിയിലെ മറ്റ് ഫോണുകള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി കൊണ്ട് മികച്ച സവിശേഷതകളുമായാണ് ഷവോമി റെഡ്മി 4എ എത്തുന്നത്.

5 ഇഞ്ച് സ്‌ക്രീനുള്ള ഫോണില്‍ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ നല്‍കിയിരിക്കുന്നു എന്നത് വളരെ പ്രധാന സവിശേഷതയായിട്ടാണ് കണക്കാക്കുന്നത്. സ്‌നാപ്പ് ഡ്രാഗണിന്റെ 425 ചിപ്പ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 16 ജിബി സ്റ്റോറേജില്‍ 2 ജിബി റാമാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡിന്റെ സഹായത്തോടെ ഇത് 128 ജിബി വരെ വര്‍ധിപ്പിക്കുവാനും സാധിക്കുന്നതാണ്. ആന്‍ഡ്രോയിഡ് മാര്‍ഷ്‌മെല്ലോ സോഫ്റ്റ്‌വെയറാണ് ഫോണിന് നല്‍കിയിട്ടുള്ളത്.

പ്ലാസ്റ്റിക്ക് പോളികാര്‍ബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. ഫോണിന്റെ ഇരട്ട സിം സ്ലോട്ടിലും 4ജി വോള്‍ട്ട് സംവിധാനം ലഭ്യമാക്കുകയും, ഇരട്ട സിമ്മുകള്‍ക്ക് പകരം ഒരു സിം കാര്‍ഡും മെമ്മറി കാര്‍ഡും ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഹൈബ്രിഡ് സംവിധാനവുമാണ് ഫോണിന് നല്‍കിയിട്ടുള്ളത്.

ഇന്നലെ  അര്‍ധരാത്രി മുതല്‍ ഫോണ്‍ ആമസോണിന്റെ ഇന്ത്യയിലെ സൈറ്റ് വഴിയും ഷവോമിയുടെ mi.com വഴിയും ലഭ്യമാണ്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് നിറങ്ങളിലുള്ള ഫോണാണ് ഇന്ന് മുതല്‍ ലഭ്യമാകുക. ഫോണിന് ഓഫ്‌ലൈനായി വിപണി ലഭ്യമല്ല എന്നതാണ് എറ്റവും വലിയ പോരായ്മ.

ഫോണും ചാര്‍ജിങ് അഡാപ്റ്ററും യുഎസ്ബി കേബിളും ഉള്‍പ്പെടുന്നതാണ് ഫോണിന്റെ പായ്ക്കിങ്. പായ്ക്കില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ടാഗോടെയാണ് ഷവോമി റെഡ്മി 4എ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

DONT MISS
Top