സന്തോഷ് ട്രോഫി ഫുട്‌ബോള്‍: മിസോറാമിനെ സഡന്‍ഡെത്തില്‍ വീഴ്ത്തി ബംഗാള്‍ ഫൈനലില്‍

പശ്ചിമ ബംഗാള്‍ അറുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ മിസോറാമിനെ സഡന്‍ഡെത്തില്‍ (6-5) തോല്‍പ്പിച്ചാണ് ബംഗാള്‍ കലാശപ്പോരിന് അര്‍ഹത നേടിയിരിക്കുന്നത്. കേരളവും ഗോവയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയിയെ ആണ് ബംഗാള്‍ ഫൈനലില്‍ നേരിടുക.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. തുടര്‍ന്ന് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇരുടീമുകളും അഞ്ച് ഷോട്ടുകളും വലയില്‍ എത്തിച്ചു. ഇതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ സഡന്‍ഡെത്ത് വേണ്ടി വന്നത്. എന്നാല്‍ മിസോറാമിന്റെ ആദ്യ ഷോട്ട് തടുത്തിട്ട് ബംഗാളിന്റെ ഗോള്‍കീപ്പര്‍ വിജയവാതില്‍ തുറന്നിട്ടു. തുടര്‍ന്ന് ബംഗാളിന്റെ കിക്കെടുത്ത ബസന്ത സിംഗ് പന്ത് വലയിലെത്തിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.

സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍. 31 തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടിരിക്കുന്നത്. ഒരിക്കല്‍ക്കൂടി കിരീടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ബംഗാളിന് കൈവന്നിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top