വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പി കൃഷ്ണദാസിന് ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി:ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കോളേജ് പിആര്‍ഒ സഞ്ജിത്തിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയും കോടതി അംഗീകരിച്ചു.

കേസ് ഡയറിയില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി വിമര്‍ശനുമുന്നയിച്ചു. അറസ്റ്റ് നിയമപരമായിരുന്നില്ല, ജാമ്യം ലഭിക്കാതിരിക്കാന്‍ പ്രതിയെ മിജ്‌സ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത് വൈകിപ്പിച്ചുവെന്നും ജാമ്യമില്ലാ വകുപ്പുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കൃഷ്ണദാസിനെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തതാണ്.കേസ് ഡയറി പരിശോധിക്കുമ്പോള്‍ തിടുക്കത്തില്‍ എന്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മനസ്സിലവുന്നില്ല. പരാതിക്കാരന്റെ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ പൊലീസ് സാധിച്ചിട്ടില്ലെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. കൃത്യമായ അന്വേഷണം നടത്താന്‍ സാധിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ പറ്റിയ വകുപ്പുകള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

കൃഷ്ണദാസിനെ ഇന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനായാണ് കൃഷ്ണദാസിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധി വരുന്നതു വരെ കാത്തിരിക്കണമെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം.

കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയായിരുന്നു ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും. അന്വേഷണം ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പി.കൃഷ്ണദാസിനെ സഹായിക്കുന്ന രീതിയില്‍ പോലീസ് എഫ്‌ഐആര്‍ തയാറാക്കി എന്നു പറയുന്നുണ്ട്.അതിഗുരുതര വീഴ്ച്ചയാണ് പൊലീസിന് സംഭവിച്ചത്, പ്രതികളെ രക്ഷപ്പെടുത്തണമെന്ന് പൊലീസിനുണ്ടായിരുന്നുവെന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നുണ്ട്.

കേസില്‍ ജാഗ്രത പുലര്‍ത്താന്‍ പോലീസിന് കഴിഞ്ഞില്ല. എഫ്‌ഐആര്‍ തയാറാക്കിയ ഘട്ടത്തില്‍ ജാമ്യം ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകള്‍ മാത്രമാണ് പൊലീസ് ഉള്‍പ്പെടുത്തിയത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാദ്ധ്യതയൊരുക്കി നാമമാത്രമായ വകുപ്പുകളേ പ്രതികള്‍ക്കുമേല്‍ ചുമത്തിയുള്ളൂ. പ്രോസിക്യൂഷന്‍ തന്നെ ഇക്കാര്യം സമ്മതിക്കേണ്ട അവസ്ഥ വന്നു -റിപ്പോര്‍ട്ട് വിശദമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top