കേരളത്തിലെ ബാലപീഡനങ്ങള്‍ ഭയപ്പെടുത്തുന്നു; സാക്ഷരത കൊണ്ട് മാത്രം സാമൂഹിക മാറ്റമുണ്ടാകില്ല: കൈലാഷ് സത്യാര്‍ത്ഥി

കൈലാഷ് സത്യാര്‍ത്ഥി

ഷാര്‍ജ: കേരളത്തില്‍ കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും കൂടുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് ബാലാവകാശ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാഷ് സത്യാര്‍ത്ഥി. കുട്ടികള്‍ക്കെതിരെ എവിടെ അതിക്രമങ്ങള്‍ നടന്നാലും അത് വേദനാജനകമാണ് എന്നാല്‍, സാക്ഷരതയും മനുഷ്യവികസന മാതൃകയും കൊണ്ട് രാജ്യത്തിനുതന്നെ അഭിമാനമായ കേരളത്തില്‍നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത് തീര്‍ത്തും അപകടകരമായ അവസ്ഥയെ സൂചിപ്പിക്കുന്നുവെന്നും കൈലാഷ് സത്യാര്‍ത്ഥി ഷാര്‍ജയില്‍ പറഞ്ഞു.

സുരക്ഷിതവും സന്തോഷകരവുമായ ബാല്യം ഒരോരുത്തരുടെയും മൗലികാവകാശമാണ്. കുടുംബാംഗങ്ങളില്‍ നിന്നുവരെ പീഡനം നേരിടേണ്ടിവരുന്നതിനെ നേരിടാന്‍ സര്‍ക്കാരും സാമൂഹ്യ പ്രവര്‍ത്തകരും കുട്ടികളും രക്ഷിതാക്കളും ഒന്നിച്ചുചേര്‍ന്ന് കര്‍മ്മപരിപാടി തയ്യാറാക്കണമെന്നും സത്യാര്‍ത്ഥി പറഞ്ഞു. സാക്ഷരതകൊണ്ട് മാത്രം സാമൂഹികമാറ്റമുണ്ടാകില്ല എന്നാണ് സത്യാര്‍ത്ഥിയുടെ നിരീക്ഷണം.
എന്നാല്‍, പീഡനത്തെക്കുറിച്ച് തുറന്നുപറയാന്‍ കുട്ടികള്‍ ഇപ്പോള്‍ പഠിച്ചുവരികയാണ്. ഇത് ശ്രദ്ധേയമായ മുന്നേറ്റമാണ്. കുട്ടികളെ ലൈംഗികവ്യാപാരത്തിനായി കടത്തുന്നതും വില്‍ക്കുന്നതും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്നു. മൃഗങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് കുട്ടികളെ വില്‍ക്കുന്നത് എന്നും സത്യാര്‍ത്ഥി.

കാലാവസ്ഥാമാറ്റവും യുദ്ധങ്ങളും കെടുതികളും സൃഷ്ടിക്കുന്ന അനുകൂല സാഹചര്യങ്ങളിലാണ് കുട്ടികള്‍ കൂടുതലായും പീഡനത്തിനിരയാകുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഒരു ക്യാംപെയ്ന്‍ ആരംഭിക്കുന്നുണ്ടെന്നും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അതിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ക്യാംപെയ്ന്‍ കേരളത്തിലുമെത്തുമെന്നും സത്യാര്‍ത്ഥി അറിയിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ തന്നെ കേരളത്തില്‍ കുട്ടികള്‍ പീഡനത്തിനിരയായ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെട്ട കുണ്ടറയിലെ സഹോദരിമാരുടെ ആത്മഹത്യ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top