വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യമില്ല

തൃശൂര്‍: ലക്കിടി കോളെജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ചത്.കേസിലെ അഞ്ചാം പ്രതി വത്സലകുമാര്‍, ഏഴാം പ്രതി ഗോവിന്ദന്‍കുട്ടി എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതേസമയം ആറാം പ്രതി സുകുമാരന് കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസ് ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചിരുന്നത്.അതേ സമയം മൂന്നാം പ്രതിയും കോളെജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

കേസില്‍ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്താന്‍ പറ്റുന്നവരാണ് പ്രതികളെന്നും അതിനാല്‍ ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് മജിസ്ട്രേറ്റ് കോടതി ശരിവെച്ചു. റിമാന്റ് റിപ്പോര്‍ട്ടില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന പ്രതിഭാഗത്തിന്റെ വാദം പൂര്‍ണമായും തള്ളിക്കൊണ്ടാണ് കോടതി വിധി. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ഒറ്റപ്പാലം ലക്കിടി ജവഹര്‍ലാല്‍ കോളെജിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ സഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളെജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് സഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളെജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം സഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. ലീഗല്‍ അഡ്വൈസര്‍ സുചിത്ര സംഭവത്തിന് ദൃക്സാക്ഷിയാണ്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉണ്ടായിരുന്നു. കേസില്‍ തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്.

കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലീസിന്റെ നാടകമാണെന്നും, പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അറസ്റ്റ് ചെയ്യുന്നത് വരെ ജാമ്യമുള്ള വകുപ്പുകളാണ് രേഖപ്പെടുത്തിയിരുന്നത്. അത്തരം കേസില്‍ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കോളെജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ബോധിപ്പിച്ചു.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കൃഷ്ണദാസ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും, തെളിവുകള്‍ നിശിപ്പിക്കപ്പെട്ടേക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൃഷ്ണദാസിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ സാക്ഷികളും തെളിവുകളുമെല്ലാം വിദ്യാര്‍ത്ഥികളും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഈ മാസം രണ്ടിനാണ് കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണ ദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താന്‍ മതിയായ തെളുവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top