വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

തൃശൂര്‍: ലക്കിടി കൊളെജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. അതേ സമയം മൂന്നാം പ്രതിയും കോളജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പോലീസിന്റെ നാടകമെന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ കോളെജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. അറസ്റ്റിന്റെ രണ്ടാം ദിവസം ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കൃഷ്ണദാസിനെതിരെയുള്ള പരാതി കെട്ടിച്ചമച്ചതെണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത് പിന്നീടാണെന്നും  കേസ് ഡയറിയിലെ തെളിവുകളും പരാതിക്കാരന്റെ മൊഴിയും പരിശോധിച്ചാൽ ഈ വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് ചെയ്യുന്നത് വരെ ജാമ്യമുള്ള വകുപ്പുകളാണ് രേഖപ്പെടുത്തിയിരുന്നത്. അത്തരം കേസിൽ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top