‘സഭയുടെയും അംഗങ്ങളുടെയും പാപങ്ങള്‍ പൊറുക്കണം’ ; റുവാണ്ടന്‍ വംശഹത്യയില്‍ മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയും ഫ്രാന്‍സിസ് മാര്‍പാപ്പയും

വത്തിക്കാന്‍ : റുവാണ്ടയില്‍ 1994 ല്‍ നടന്ന വംശഹത്യയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പുചോദിച്ചു. വത്തിക്കാനിലെത്തിയ റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാര്‍പാപ്പ കത്തോലിക്കാസഭയോട് പൊറുക്കണമെന്ന് അപേക്ഷിച്ചത്. ‘സഭയുടെയും അംഗങ്ങളുടെയും പാപങ്ങള്‍ക്കും പരാജയങ്ങള്‍ക്കു’മാണ് പാപ്പ മാപ്പ് അഭ്യര്‍ഥിച്ചത്. തന്റെ മാപ്പപേക്ഷ റുവാണ്ടയുടെ മുറിവുണക്കാന്‍ സഹായകമാകുമെന്ന് മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

കഗാമെയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് മാപ്പപേക്ഷിച്ച കാര്യം വ്യക്തമാക്കിയത്. ചില കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും വിദ്വേഷത്തിനും അതിക്രമത്തിനും വംശവദരായെന്നും വംശഹത്യയില്‍ പങ്കാളികളായെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. പ്രേഷിതപ്രവര്‍ത്തനമെന്ന ദൗത്യം മറന്ന ഇവര്‍ സഭയെ വഞ്ചിച്ചെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

തുത്സിവംശജരും ഹുതു മിതവാദ വിഭാഗത്തില്‍പ്പെട്ടവരും അടക്കം എണ്‍പതിനായിരത്തോളം പേരാണ് വംശഹത്യയില്‍ കൊല്ലപ്പെട്ടത്. ഹുതു വംശജനായ റുവാണ്ടന്‍ പ്രസിഡന്റ് ജുവനല്‍ ഹാബിരിമാന സഞ്ചരിച്ച വിമാനം വെടിവെച്ചിട്ടതോടെയാണ് കലാപത്തിന് തുടക്കമായത്. ഹുതു തീവ്രവാദികള്‍ തലസ്ഥാനമായ കിഗാലിയില്‍ തുടക്കമിട്ട കലാപം പിന്നീട് രാജ്യം മൊത്തം വ്യാപിക്കുകയായിരുന്നു.

കലാപത്തിനിടെ മരിച്ച അമ്മയുടെ മുലകുടിയ്ക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ്. വംശഹത്യയുടെ ദാരുണ ചിത്രങ്ങളിലൊന്ന്. സമീപം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍

കലാപത്തില്‍ 200 ഓളം പുരോഹിതരും കന്യാസ്തീകളും ആക്രമിക്കപ്പെട്ടു. അതേസമയം നിരവധി പുരോഹിതരും കന്യാസ്ത്രീകളും കൊലയാളികള്‍ക്ക് ഒത്താശ ചെയ്യുകയും, നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തതായി വംശഹത്യയെ അതിജീവിച്ചവര്‍ വെളിപ്പെടുത്തിയിരുന്നു. അക്രമികളില്‍നിന്ന് രക്ഷതേടി പള്ളികളില്‍ അഭയം നേടിയവര്‍ വ്യാപകമായി കൊല്ലപ്പെട്ടു. വംശഹത്യയിലെ രാജ്യത്തെ ആറ് പ്രധാന സ്മാരകങ്ങളിലൊന്നായ തരാമാ കതോലിക് ചര്‍ച്ചില്‍ മാത്രം 5,000 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

2000 ഓളം തുത്സി വംശജര്‍ അഭയം തേടിയ പള്ളി, ഇവരെയടക്കം ഇടിച്ചുനിരപ്പാക്കാന്‍ പുരോഹിതനായ ഫാദര്‍ അതാനാസ സെരോംബ നിര്‍ദേശം നല്‍കുകയായിരുന്നു. മറ്റൊരു പുരോഹിതനായ ഫാദര്‍ വെന്‍സെസ്ലസ് മുന്യേഷ്യാക, പള്ളികളില്‍ അഭയം തേടിയവരെ കൊലപ്പെടുത്താനും, യുവതികളെ ബലാത്സംഗം ചെയ്യാനും സഹായം ചെയ്തുകൊടുത്തതായും യുഎന്നിന്റെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണല്‍ 2005 ല്‍ പുറത്തിറക്കിയ കുറ്റപത്രം വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top