വൈദ്യുതിയേക്കാള്‍ വലുതല്ല വനമെന്ന് മന്ത്രി എംഎം മണി; സമവായമില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോവില്ല

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി സമവായമുണ്ടെങ്കില്‍ മാത്രമെ നടപ്പാക്കുകയുള്ളൂവെന്ന് എംഎം മണി. പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. വൈദ്യുതിയേക്കാള്‍ വലുതല്ല വനമെന്നും എംഎം തൃശൂരില്‍ പറഞ്ഞു.പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. ആദിവാസികളുടെ പുനരധിവാസം സാധ്യമാക്കുക സര്‍ക്കാരിന് പ്രയാസകരമല്ല എന്നും എംഎം മണി പറഞ്ഞു.

പദ്ധതിക്ക് കോണ്‍ഗ്രസ് എതിരാണെന്നാണ് അവര്‍ നിയസഭയില്‍ പറഞ്ഞിരിക്കുന്നത്. ഇടതുമുന്നണിക്കകത്തും അഭിപ്രായവ്യത്യാസങ്ങളുണ്ട്. വനം നഷ്ടപ്പെടും എന്ന പരാതികള്‍ വലിയ ഗൗരവമുള്ളതല്ല, വൈദ്യതിയാണ് പ്രധാനം. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുകയെന്നും മണി പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ ഇല്ലാതെ പദ്ധതിയുമായി മുന്നോട്ട് പോവാനാവില്ല. കെഎം മാണി പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുകളുന്നയിച്ചിട്ടുള്ളവരുടെ മനസ്സുമാറുന്നത് എപ്പോഴാണെന്ന് അറിയില്ലെന്നും അതിരപ്പള്ളി പദ്ധതി നടപ്പിലാക്കാന്‍ കാലപരിധി നിശ്ചയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അതിരപ്പള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുതരമായ പരിസ്ഥിതികാവസ്ഥ കണക്കിലെടുത്ത് അതിരപ്പള്ളി പദ്ധതിയല്ല നമ്മുക്ക് വേണ്ടത്. ഈ രംഗത്തെ വിദഗ്ദ്ധ അഭിപ്രായം കൂടി പരിഗണിക്കമെന്ന് അദേഹം പറഞ്ഞിരുന്നു.

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മണി നേരത്തെ നിയമസഭയില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവരികയും പദ്ധതിക്കെതിരെ വ്യാപകമായ എതിര്‍പ്പുയരുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് മണിയുടെ പുതിയ പ്രസ്താവന എത്തിയിരിക്കുന്നത്.

DONT MISS
Top