‘ഇറാഖില്‍ കുഞ്ചാക്കോയ്ക്ക് സംഭവിച്ചതെന്ത്?’; സസ്‌പെന്‍സ് നിറച്ച് ടേക്ക് ഓഫിന്റെ രണ്ടാം ട്രൈലര്‍

സിനിമയുടെ പോസ്റ്റര്‍

കൊച്ചി: മലയാളത്തിന് ഹോളിവുഡ് മുഖം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ടേക്ക് ഓഫിന്റെ രണ്ടാമത്തെ ട്രൈലറും പുറത്തുവന്നു. മികച്ച അഭിപ്രായമാണ് ഈ ട്രൈലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ നായികയായ പാര്‍വതിക്ക് സ്വന്തം കുടുംബത്തില്‍ നിന്നുള്‍പ്പെടെ ഉണ്ടാകുന്ന വിഷമതകളാണ് ട്രൈലറില്‍ പറഞ്ഞുവെക്കുന്നത്. ഒപ്പം ഇറാഖിലെ രംഗങ്ങള്‍ ഏത് രീതിയിലായിരിക്കുമെന്ന പ്രതീക്ഷകളും ട്രൈലറിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നു. സിനിമയില്‍ തീവ്രവാദികളുമായുള്ള രൂക്ഷ യുദ്ധരംഗങ്ങളുമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രൈലര്‍ നവമാധ്യമങ്ങളില്‍ ഹിറ്റായി മാറിക്കഴിഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ട്രൈലര്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2014ലില്‍ ഇറാഖിലെ വിമതരുടെ കയ്യിലകപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ നേഴ്‌സുമാരെ രക്ഷിക്കുവാന്‍ അധിതൃതര്‍ നടത്തുന്ന പ്രയത്‌നമാണ് ചിത്രത്തിന്റെ പ്രമേയം. ഇറാഖിലും യുദ്ധ മേഖലകളിലും ദുരിതമനുഭവിക്കുന്ന നേഴ്‌സുമാരുടെ നേര്‍ക്കാഴ്ച്ചയാണ് ചിത്രത്തില്‍ ഉണ്ടാവുക.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്. ഫഹദിനെക്കൂടാതെ കുഞ്ചാക്കോ ബോബന്‍, ആസിഫലി, പാര്‍വതി തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത് രാജേഷ് പിള്ളയ്ക്കാണ്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മേഘാ രാജേഷ് പിള്ളയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിശ്വരൂപത്തിന്റെ ക്യാമറ നിര്‍വ്വഹിച്ച സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീസുന്ദറാണ് പശ്ചാത്തലസംഗീതം.

ചിത്രത്തിന്റെ ആദ്യ ട്രൈലറും മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചത്. ഇറാഖിലെ തിക്രിതില്‍ 2014ല്‍ വിമതരുടെ പിടിയില്‍ അകപ്പെട്ട് ആശുപത്രിയില്‍ കുടുങ്ങിക്കിടന്ന നഴ്‌സുമാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും നഴ്‌സുമാരുടെ വേഷത്തിലാണെത്തുന്നത്. ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലാണ് ഫഹദ് എത്തുക. അലന്‍സിയര്‍, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലും കാസര്‍ഗോട്ടും ദുബായിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. ഇറാഖ് സൈന്യവും ഐഎസ് ഭീകരരും തമ്മിലുള്ള പോരാട്ടത്തില്‍ നിരവധി മലയാളി നഴ്‌സുമാര്‍ ജോലി നഷ്ടപെട്ട് നാട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങിയിരുന്നു. എന്നാല്‍ അവരെ അവിടെ നിന്നും നാട്ടിലെത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യന്‍ എംബസിയും ഉദ്യോഗസ്ഥരും സഹായവുമായി അവര്‍ക്കരികിലേയ്ക്ക് എത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top