“ഏതെങ്കിലും വേഷം ചെയ്ത് ലിച്ചിയുടെ വിലകളയാന്‍ ആഗ്രഹമില്ല, നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും”: ലിച്ചി

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കല്‍ പടം ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇതിലെ 86 പുതുമുഖങ്ങളില്‍ പലരുടെയും കൂടെ ഇറങ്ങിപ്പോന്ന ഒരു കഥാപാത്രമാണ് ലിച്ചി. രേഷ്മ രാജന്‍ എന്ന ആലുവക്കാരിയായ ലിച്ചി രാജഗിരി ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ നേഴ്‌സാണ്.

ഹോസ്പിറ്റലില്‍ ഒന്നുരണ്ട് പരിപാടികളില്‍ അവതാരകയാകുകയും ഹോസ്പിറ്റലിന്റെ ഒരു കോര്‍പ്പറേറ്റ് വീഡിയോയില്‍ അഭിനയിക്കുകയും ചെയ്ത പരിചയമേ ഉള്ളൂ ലിച്ചിക്ക്. പിന്നീട് ഒരു പരസ്യബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ലിച്ചിക്ക് സിനിമയിലേക്കുള്ള വഴി തെളിയുന്നത്. പരസ്യ ബോര്‍ഡിലെ കുട്ടി ആരാണെന്നറിയാന്‍ സിനിമക്കാര്‍ക്ക് ഒരുപാട് അന്വേഷണങ്ങള്‍ നടത്തേണ്ടിവന്നതായി ലിച്ചി പറയുന്നു.

അഭിനയത്തോട് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായില്ല. പിന്നെ സെറ്റില്‍ വന്നുകണ്ട് സേഫാണ് എന്നു ബോധ്യപ്പെട്ടതോടെ വീട്ടുകാര്‍ക്ക് ധൈര്യമായി. “ലിച്ചിയെപ്പോലെ തന്നെ പുറത്തുപോയി പഠിക്കണമെന്നും സമ്പാദിക്കണമെന്നും ഒറ്റയ്ക്ക് ജീവിക്കണമെന്നും ആഗ്രഹമുള്ള ആളാണ് ഞാന്‍. ജോലിത്തിരക്കിലും സഹപ്രവര്‍ത്തകര്‍ക്കൊപ്പം നര്‍മ്മം പങ്കിടാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. നമ്മള്‍ ജോലി ചെയ്യുന്നതും കഷ്ടപ്പെടുന്നതുമൊക്കെ നമ്മളെ പൊന്നുപോലെ വളര്‍ത്തിയ മാതാപിതാക്കളെ സംരക്ഷിക്കാനും കരുതാനും വേണ്ടിയാകണം എന്ന ചിന്താഗതിക്കാരിയാണ് ഞാന്‍”ലിച്ചി പറയുന്നു.

“ലിച്ചിക്ക് ഇത്ര സ്വീകാര്യത കിട്ടുമെന്ന് കരുതിയിരുന്നില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഇനിയും അഭിനയിക്കും. പക്ഷേ ലിച്ചിയെന്ന കഥാപാത്രത്തിനൊപ്പമോ മുകളിലോ നില്‍ക്കുന്ന കഥാപാത്രമായിരിക്കണം. ഏതെങ്കിലുമൊക്കെ വേഷം ചെയ്ത് ലിച്ചിയുടെ വിലകളയാന്‍ ആഗ്രഹമില്ല.”

“ലിജോ ചേട്ടന്‍ ഞങ്ങളോട് എല്ലാവരോടും ആദ്യമേ പറഞ്ഞ കാര്യം നിങ്ങളാരും അഭിനയിക്കരുത് എന്നാണ്.മൂന്നുദിവസം ഇരുത്തി സ്‌ക്രിപ്പ്റ്റ് വായിച്ചു നമ്മുടെ കഥാപാത്രത്തെക്കുറിച്ചൊക്കെ പറയാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു ക്ലാസ് പോലെയൊക്കെ ഉണ്ടായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ എല്ലാരും നല്ല കൂട്ടായി. ഫാമിലി പോലെയായി. ആ അടുപ്പം കൊണ്ടുകൂടിയായിരിക്കും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നാച്യുറലായി അഭിനയിക്കാന്‍ പറ്റിയത്.”-അങ്കമാലി ഡയറീസ് ചിത്രീകരണത്തെപ്പറ്റി ലിച്ചി പറയുന്നു.

സിനിമ വന്നതോടെ തന്റെ അഡ്രസ് മാറിയെന്ന് ലിച്ചി പറയുന്നു. ലിച്ചിയാകും വരെ താന്‍ രാജന്റെ മകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അച്ഛന്‍ തനിക്ക് ജോലി കിട്ടിയിട്ട് വേണം ഫ്‌ളൈറ്റില്‍ കയറാന്‍ എന്ന് പറഞ്ഞിരുന്നതായും ദുബായിലേക്ക് പ്രൊമോഷനുവേണ്ടി വിമാനം കയറിയപ്പോള്‍ അച്ഛനെ ഓര്‍ത്ത് കണ്ണ് നിറഞ്ഞെന്നും ലിച്ചി ഓര്‍ക്കുന്നു.

DONT MISS
Top