വൈകിട്ട് പുറത്തുവിടാനുദ്ദേശിച്ച ബാഹുബലി ട്രെയ്‌ലര്‍ എങ്ങനെ രാവിലെയെത്തി? ബാഹുബലിക്ക് എട്ടിന്റെ പണി കൊടുത്തതെന്ത്‌?


ബാഹുബലിയുടെ ട്രെയ്‌ലര്‍ കാട്കുലുക്കി എത്തിക്കഴിഞ്ഞു. അത്രയ്ക്ക് പ്രതീക്ഷയോടെ കാത്തിരുന്നാണ് ബാഹുബലിയുടെ ഒരു പോസ്റ്ററിനെ പോലും ആരാധകര്‍ വരവേല്‍ക്കുന്നത്. മാര്‍ച്ച് 16ന്, അതായത് ഇന്നാണ് ചിത്രത്തിന്റ ട്രെയ്‌ലര്‍ റിലീസ് നിശ്ചയിച്ചിരുന്നത്. വൈകുന്നേരം 5 മണിക്ക് വമ്പന്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ അകമ്പടിയോടെ വന്‍ താരങ്ങള്‍ തന്റെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്നത് എസ്എസ് രാജമൗലിയും സ്വപ്‌നം കണ്ടിട്ടുണ്ടാവണം.

എന്നാല്‍ രാജമൗലിയുടെ സിനിമകളിലെ ട്വിസ്റ്റ് പോലെതന്നെ സംഭവിച്ച ഒരു ട്വിസ്റ്റാണ് ഈ കണക്കുകൂട്ടലുകളെ അമ്പേ തകര്‍ത്തുകളഞ്ഞത്. ഇതുകാരണം രാജമൗലിക്കും കൂട്ടര്‍ക്കും പരപരാ വെളുപ്പിന് ആളെ വിളിച്ചുകൂട്ടി ഒരുവിധത്തില്‍ ട്രെയ്‌ലര്‍ റിലീസ് തട്ടിക്കൂട്ടേണ്ടിവന്നു. കണക്കുകൂട്ടിയതുപോലുള്ള സംഗതി നടക്കില്ലെന്നുറപ്പായപ്പോള്‍ അവസാന നിമിഷം പരിപാടി തട്ടിക്കൂട്ടേണ്ടിവന്നെങ്കിലും രാജമൗലി ഒരുവിധത്തില്‍ പറ്റിയ അബദ്ധത്തില്‍നിന്ന് ഊരിപ്പോരുകതന്നെ ചെയ്തു.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുടെ ഔദ്യോഗിക യുടൂബ് ചാനലില്‍ അപ് ലോഡ് ചെയ്യപ്പെട്ട ട്രെയ്‌ലറിന്റെ വിവരങ്ങള്‍ ഇങ്ങനെ.

സത്യത്തില്‍ എന്താണ് സംഭവിച്ചതെന്നല്ലേ.  നാല് ഭാഷകളില്‍ ട്രെയ്‌ലര്‍ പുറത്തുവിടാനാണ് ബാഹുബലി ടീം ഉദ്ദേശിച്ചിരുന്നത്. അതിനായി ട്രെയ്‌ലറുകള്‍ മൊഴിമാറ്റം നടത്തി തയാറാക്കുകയും ചെയ്തു. സാധാരണ വമ്പന്‍ ട്രെയ്‌ലര്‍ റിലീസുകള്‍ ചെയ്യുന്നതുപോലെതന്നെ അതിഥികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം ഫെയ്‌സ്ബുക്ക് പേജിലും യുടൂബിലും അപ്‌ലോഡ് ചെയ്യുക എന്നരീതിയിലാണ് കാര്യങ്ങള്‍ ഒരുങ്ങിയത്.

ഓരോ ഭാഷയിലേയും ട്രെയ്‌ലറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യത്യസ്തരായ ടീമുകളെയാണ് ഒരുക്കിയിരുന്നത്. ഓരോ ഭാഷയിലേയും ബാഹുബലിയുടെ വീഡിയോ അവകാശങ്ങള്‍ സ്വന്തമാക്കിയ കമ്പനികളാണ് അവരവരുടെ പേജുകളില്‍ ട്രെയ്‌ലര്‍ അപ്‌ലോഡ് ചെയ്യാന്‍ തയാറായി കാത്തിരുന്നതും. തെലുങ്കില്‍ ബാഹുബലിയുടെ ഔദ്യോഗിക ടീമും ഹിന്ദിയില്‍ ധര്‍മ മൂവീസും തമിഴില്‍ ടി സീരിയസും മലയാളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുമാണ് ബാഹുബലിയുടെ പങ്കാളികള്‍. എന്നാല്‍ അപ് ലോഡ് ചെയ്യാനിരുന്ന ടീമുകളെ സാങ്കേതിക വിഭാഗം ചതിച്ചു. അറിയാതെ ട്രെയ്‌ലര്‍ ഇന്നലെതന്നെ യൂടൂബിലെത്തി. അതും എല്ലാവരുടേയും യുടൂബ് ചാനലില്‍ ഒരേ സമയം.

പിന്നെ ട്രെയ്‌ലര്‍ റിലീസ് ചടങ്ങിന് വൈകുന്നേരം വരെ കാത്തിരുന്നാല്‍ എന്താകും അവസ്ഥ. അവിടെ ബാഹുബലിയുടെ വിലയിടിഞ്ഞ് വന്‍ ക്ഷീണം സംഭവിക്കുമെന്ന് മനസിലാക്കിയ രാജമൗലി, ട്രെയ്‌ലര്‍ പുറത്തായത് നാലുപേരറിയുംമുമ്പേ ആളെ വിളിച്ചുകൂട്ടി ട്രെയ്‌ലര്‍ റിലീസ് നടത്തി. ചടങ്ങില്‍ പങ്കെടുത്ത കരണ്‍ ജോഹര്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.

“നിര്‍ഭാഗ്യവശാല്‍ ട്രെയ്‌ലര്‍ അതിരാവിലെതന്നെ ചിലരെല്ലാം കണ്ടുകഴിഞ്ഞു. ഹാക്കിംഗ് ആണെന്നാണ് ആദ്യം കരുതിയതെങ്കിലും അതങ്ങനെ സംഭവിച്ചതല്ല. നമുക്കതിനെയൊരു സാങ്കേതിക പിഴവ് എന്നുവിളിക്കാം” ചിരിച്ചുകൊണ്ട് കരണ്‍ പറഞ്ഞു.

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ആദ്യം വന്ന പോസ്റ്ററിലും വന്‍ അബദ്ധം കടന്നുകൂടിയിരുന്നു. അതിനേപ്പറ്റി രാജമൗലിയും തുറന്ന് സമ്മതിച്ചിരുന്നു. ചിത്രം പൂര്‍ത്തിയാക്കിയതിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹം സൂചിപ്പിച്ചു. എന്തായാലും ചിത്രം റിലീസാകുന്ന ഏപ്രില്‍ 28ന് ഇത്തരം യാതൊരു അബദ്ധവും സംഭവിക്കില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ കാണാം..

DONT MISS
Top