പാര്‍ട്ടി ആവശ്യപ്പെട്ടാലും മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംവിധായകന്‍ കമല്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് സിപഐഎമ്മോ എല്‍ഡിഎഫോ നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.

മത്സരിക്കാന്‍ പറ്റിയ ഒരു സാഹചര്യമല്ല തനിക്കിപ്പോള്‍ ഉള്ളത്. തന്റെ പുതിയ സിനിമ ആമിയുടെ ചിത്രീകരണം ഈ മാസം 24ന് ആരംഭിക്കുമെന്നും താന്‍ അതിന്റെ തിരക്കുകളിലാണെന്നും കമല്‍ പറഞ്ഞു. മലപ്പുറത്ത് പ്രദേശിക ചലച്ചിത്രമേളയുടെ ഉദ്ഘാടകനായി കമല്‍ പങ്കെടുക്കുന്നത് വിലക്കണമെന്നു കാണിച്ച് മുസ്ലിം ലീഗ് പരാതി സമര്‍പ്പിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കമല്‍.

താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, അടിസ്ഥാനപരമായി സിനിമായാണ് തന്റെ തൊഴില്‍. അത് ചെയ്യുക എന്നതാണ് എന്റെ പ്രഥമമായ ഉത്തരവാദിത്തം, അത് വിട്ടിട്ട് മറ്റൊന്നിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും പോവില്ലെന്നും കമല്‍ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ ഉദ്ഘാടകനായി പങ്കെടുക്കുമെന്നും കമല്‍ വ്യക്തമാക്കി. താന്‍ മേളയുടെ സംഘാടകനാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയ്ക്ക് മേളയില്‍ പങ്കെടുക്കേണ്ടത് തന്റെ കടമയാണ്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കമൽ നിലമ്പൂരിൽവെച്ച് നടക്കുന്ന ഐഎഫ്എഫ്‌കെയുടെ മേഖലാ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് രംഗത്തെത്തിയത്. ഈ ആവശ്യം ഉന്നയിച്ച് വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് ഇന്നലെയാണ് ലീഗ് നേതൃത്വം പരാതി നൽകിയത്.മേളയുടെ സുഗമമായ നടത്തിപ്പിന് ഉദ്ഘാടനം അനിവാര്യതയല്ലെന്നിരിക്കെ മേളയുടെ മറ്റുപരിപാടികള്‍ നേരത്തെ നിശ്ചയിച്ചതു പോലെ നടത്തുകയും ഉദ്ഘാടന പരിപാടി മാറ്റിവെക്കണമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം. ജില്ല ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദറാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ പങ്കെടുക്കരുതെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ കമലിന് നോട്ടീസ് അയച്ചിട്ടുണ്ട്.

മാര്‍ച്ച് പതിനേഴ് മുതല്‍ 21 വരെ നിലമ്പൂരാണ് ചലച്ചിത്രോത്സവം നടക്കുന്നത്. ലോക, ഇന്ത്യന്‍, മലയാള സിനിമാ വിഭാഗങ്ങളില്‍ നിന്നും മികച്ച നാല്‍പതോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിവെല്ലിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും ഓപ്പണ്‍ ഫോറവും പ്രദര്‍ശനങ്ങളും പുസ്തകമേളയും സംഘടിപ്പിക്കും.

DONT MISS
Top