കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചു; സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊല്ലം:  കുണ്ടറയിന്‍ തൂങ്ങിമരിച്ച പത്തുവയസുകാരി ലൈംഗിക പീഡനത്തിനിരയായിരുന്നു എന്ന  മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസ് അവഗണിച്ചു.  വിഷയം ഉന്നയിച്ച് നാട്ടുകാര്‍ കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു.

പ്രതിഷേധിച്ചവരെ പൊലീസ് ലാത്തി വീശി  പ്രതിരോധിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ 22 മുറിവാണ് പെണ്‍കുട്ടിയുടെ  ശരീരത്തില്‍ ഉണ്ടായിരുന്നത്. പിതാവ് നല്‍കിയ പരാതി പൊലീസ് അവഗണിച്ചെന്നും നാട്ടുകാര്‍ ആരോപിച്ചു. കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ആവശ്യവും പൊലീസ് പരിഗണിച്ചിരുന്നില്ല.

അതേസമയം, പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പൊലീസിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി, ജില്ലാ കളക്ടര്‍, ശിശുക്ഷേമസമിതി സെക്രട്ടറി, കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് മൂന്നാഴ്ചയക്കകം റിപ്പോര്‍ട്ട് നല്‍കുവാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസിന്റെ തുടര്‍നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദക്ഷിണ മേഖല ഐ ജിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top