‘പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുത് മോളേ’; വാല്‍തര്‍ പിപിക്യുവിനെ ഗ്രേറ്റ്ഫാദര്‍ ടീസറില്‍ കയ്യോടെ പിടിച്ച് സോഷ്യല്‍മീഡിയ

ടീസറിലെ രംഗവും വിക്കിപ്പീഡിയ പേജിലെ വിവരവും

കൊച്ചി: ഗ്രേറ്റ് ഫാദറിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയത് ഇന്നലെയാണ്. മികച്ച  ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ ബേബി അനിഖയാണ് ടീസറില്‍ ഏറ്റവും തിളങ്ങിയത്. അധോലോക രാജാവായ തന്റെ പിതാവിനെക്കുറിച്ച് അനിഖയുടെ കഥാപാത്രം വിവരിക്കുന്നതാണ് ടീസറിലെ വിഷയവും. ടീസര്‍ കാഴ്ചക്കാരില്‍ നിന്ന് കാഴ്ചക്കാരിലേക്ക് കാട്ടുതീ പോലെ പടരുകയാണ്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിക്കുന്നതും. എന്നാല്‍ ടീസറിന് ചില പിഴവുകള്‍ പറ്റി എന്ന് പറയാതിരിക്കാനാവില്ല.

ടീസറിലെ തള്ള് കുറച്ച് കൂടിപ്പോയി എന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനേക്കാള്‍ ടീസറില്‍ കടന്നുകൂടിയ ഒരു തെറ്റാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ചിത്രത്തില്‍ വാല്‍തര്‍ പിപിക്യു എന്നുപറഞ്ഞ് കുട്ടി ചൂണ്ടിപ്പിടിക്കുന്ന റിവോള്‍വര്‍ വാല്‍തര്‍ കമ്പനിയുടേതല്ല എന്നാണ് ആരോപണം. മാത്രമല്ല, വാല്‍തര്‍ പിപിക്യു ഒരു പിസ്റ്റലാണെന്നും സോഷ്യല്‍ മീഡിയ സമര്‍ത്ഥിക്കുന്നു.  ടീസറില്‍ സ്വിസ് മെയ്ഡ് എന്നാണ് റിവോള്‍വറിനേപ്പറ്റി പറയുന്നതെങ്കില്‍, അതൊരു ജര്‍മ്മന്‍ കമ്പനിയാണെന്നും സോഷ്യല്‍ മീഡിയ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു.

എന്നാല്‍ സിനിമയില്‍ കാട്ടുന്നതെല്ലാം നൂറുശതമാനവും ശരിയാകാറുണ്ടോ എന്ന മറുചോദ്യമാണ് ഇക്കാഫാന്‍സ് തിരിച്ചുചോദിക്കുന്നത്. മുന്‍ഹിറ്റ് സിനിമകളിലെ സമാനമായ തെറ്റും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ടീസറില്‍ തന്നെ ഇത്തരത്തിലുള്ള വലിയ തെറ്റ് വേണമായിരുന്നോ എന്ന മറുചോദ്യവും ഫെയ്സ്ബുക്കിലാകെ നിറയുകയാണ്. വിക്കിപ്പീഡിയയുടെ സഹായത്തോടെയാണ് ടീസര്‍ വിരുദ്ധരുടെ പ്രചരണം.

എന്തായാലും സാധാരണ ഗതിയില്‍ വമ്പന്‍ പബ്ലിസിറ്റി നല്‍കി പുറത്തുവരുന്ന ടീസറുകളിലും ട്രെയ്‌ലറുകളിലുമുള്ള പിഴവ് ചൂണ്ടിക്കാട്ടി കളിയാക്കുന്നത് ട്രോളന്മാരുടെ പതിവാണ്. ഒപ്പം എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ അന്ധര്‍ എന്തിനാണ് വാച്ചുകെട്ടുന്നത് എന്ന് ചോദിച്ചതും കേരളം കേട്ടതാണ്. അത്തരം ആരോപണങ്ങള്‍ക്കെല്ലാം ചിത്രത്തില്‍ മറുപടി നല്‍കാന്‍ സംവിധായകര്‍ ശ്രദ്ധിച്ചിരുന്നു. ഗ്രേറ്റ് ഫാദര്‍ അണിയറപ്രവര്‍ത്തകരും ഈ ആരോപണം അതേ രീതിയില്‍ നേരിടുമോ എന്ന് കണ്ടറിയണം.

The Great Father Teaser 2

The Great Father – Teaser 2

Posted by Mammootty on Tuesday, March 14, 2017

ഒരു മിനുട്ടോളം ദൈര്‍ഘ്യമുള്ള ടീസര്‍ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാനെ കുറിച്ച് മകള്‍ നല്‍കുന്ന എസ്റ്റാബ്ലിഷ്‌മെന്റ് ഇന്‍ട്രോ ആണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പുറത്തിറങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ ആദ്യ ടീസറിന് സമാനമായി വന്‍വരവേല്‍പ്പാണ് രണ്ടാം ടീസറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡേവിഡ് നൈനാന്റെ മാസ് എന്‍ട്രി കാണിച്ച  ആദ്യ ടീസറിന് എട്ട് മില്ല്യണിലധികം വ്യൂ ആണ് യൂട്യൂബില്‍ ഉണ്ടായിരുന്നത്. രണ്ടാം ടീസര്‍ ഇതിനേയും കടത്തിവെട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് നിര്‍മാണം. തമിഴ് താരം ആര്യ ചിത്രത്തില്‍ പ്രധാന വില്ലനാകുന്നു. മാര്‍ച്ച് 30നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top