മറ്റുള്ളവരേക്കാളധികം നിങ്ങളെ കൊതുക് കടിക്കാറുണ്ടോ? ചിലപ്പോള്‍ ഇതാവാം കാരണങ്ങള്‍

ചിലരെ കൂടുതലായി കൊതുക് വളഞ്ഞിട്ട് ആക്രമിക്കുന്നത് സാധാരണമാണ്. ചിലരെ കൊതുക് ശ്രദ്ധിക്കാറുപോലും ഇല്ല. അത്തരത്തിലൊരാളാണോ നിങ്ങളും? ആലോചിച്ചിട്ടുണ്ടോ എന്താണ് ചിലരോട് കൊതുകിന് പക്ഷാപാതമുള്ളതെന്താണെന്ന്? ചില കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നാണ് വിഗദ്ധര്‍ പറയുന്നത്.

അമേരിക്കന്‍ മൊസ്‌ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്റെ സാങ്കേതിക ഉപദേഷ്ടാവായ ജോണ്‍ കൊളോണ്‍ പറയുന്നത് ആരെയൊക്കെയാണ് കൊതുകുകള്‍ക്ക് കൂടുതല്‍ ഇഷ്ടമെന്ന് എളുപ്പത്തില്‍ മനസിലാക്കാമെന്നാണ്. കൊളോണിന്റെ അഭിപ്രായത്തില്‍ 400 തരം മണങ്ങള്‍ കൊതുകിന് വേര്‍തിരിച്ചറിയാനാവും. ഒരു വസ്തുവിന്റെ സ്വഭാവം ഏകദേശം 50 മീറ്റര്‍ അകലെയെത്തുമ്പോഴേ കൊതുക് മണം കൊണ്ട് തിരിച്ചറിഞ്ഞിരിക്കും.

ഒ രക്ത ഗ്രൂപ്പ് ഉള്ളവരെ കൊതുകുകള്‍ക്ക് വലിയ ഇഷ്ടമാണെന്നാണ് മറ്റൊരു നിഗമനം. പിന്നെ കൊതുക് രക്തം കുടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നത് ബി രക്ത ഗ്രൂപ്പുകാരെയാണ്. അതിനും താഴെയാവും എ ഗ്രൂപ്പ്. പിന്നെ കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടുതല്‍ പുറത്തുവിടുന്നവരുടെ ഒപ്പമാകും കൊതുക് കൂടുതല്‍. അതാണ് വണ്ണമുള്ളവരേയും ഗര്‍ഭിണികളേയും അവ കൂടുതലാക്രമിക്കുന്നത്.

ശരീരത്തിന്റെ ചൂടും വിയര്‍പ്പും കൊതുകിനറിയാം. ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ എന്നിവയൊക്കെ വളരെയകലെനിന്നേ കൊതുക് കണ്ടുപിടിക്കും. ഇത്തരം ഘടകങ്ങള്‍ നിങ്ങളുടെ വിയര്‍പ്പില്‍ കൂടുതലുണ്ടെങ്കില്‍ കൊതുക് പാഞ്ഞെത്തിയെന്നുവരാം. കൊഴുപ്പ് കൂടുതലടങ്ങിയ ശരീരത്തിലേക്കും കൊതുകിന് ഇഷ്ടമാണ്. കൊഴുപ്പിനെ അലിയിക്കാന്‍ ശരീരം പണിയെടുത്തുകൊണ്ടിരിക്കുകയാണെങ്കില്‍ ശരീരം ചില ഘടകങ്ങള്‍ തൊലിയിലൂടെ പുറത്തുവിടും. ആ മണം വരുമ്പോള്‍ മീന്‍ വറുത്തതിന്റെ മണം നമ്മെ ആകര്‍ഷിക്കുന്നതുപോലെ കൊതുക് കൊല്ലത്തുനിന്നും വരും.

പിന്നെ മറ്റൊന്നുള്ളത് ഒരു സ്ഥിരീകരിക്കാത്ത കാര്യമാണ്. ബിയര്‍ കുടിക്കുന്നവരെ കൊതുകിന് വലിയ ഇഷ്ടമാണത്രെ! അനുഭവ പരിചയമുള്ള ചിലരാണ് ഇങ്ങനെയൊരു കാര്യം അവകാശപ്പെടുന്നത്. അതെന്തായാലും ഓരോരുത്തരും സ്വയം പരീക്ഷിച്ചറിയേണ്ട കാര്യമാണ്. ഒന്നാമതേ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. പിന്നെ ബിയറടിച്ച് കൊതുക് കടിക്കുമോ എന്ന് പരീക്ഷിക്കാന്‍ നില്‍ക്കണോ എന്ന് രണ്ടുതവണ ആലോചിച്ച് മാത്രം മതി പരീക്ഷണങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top