യന്തിരന്‍ റെക്കോര്‍ഡുകള്‍ ഉലച്ചുതുടങ്ങി; സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുതന്നെ 100 കോടി ക്ലബ്ബില്‍ കയറി 2.0

ബാഹുബലി പുതിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുമ്പോള്‍ രജനി ആരാധകരുടെ മനസില്‍ ഉയരുന്നൊരു ചോദ്യമുണ്ട്. യന്തിരന്റെ രണ്ടാം ഭാഗം 2.0 എന്ന് പുറത്തുവരും? അത് സംഭവിച്ചാല്‍ മാത്രമേ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുത്തന്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കാനാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അത് ശരിവച്ച് യന്തിരനേപ്പറ്റി പുതിയ വാര്‍ത്ത പുറത്തുവന്നു. മറ്റൊന്നുമല്ല, ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റിലൂടെത്തന്നെ ശതകോടി ക്ലബ്ബില്‍ 2.0 അംഗമായി എന്നതാണത്.

സീ നെറ്റ് വര്‍ക്ക് 110 കോടി രൂപയ്ക്ക് യന്തിരന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നുവെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ക്രിയേറ്റീവ് ഹെഡ് രാജു മഹാലിംഗം പറയുന്നു, അഭൂതപൂര്‍വ്വമായ വ്യവഹാരമാണ് നടന്നിരിക്കുന്നത്. എല്ലാ ഭാഷയിലേയും അവകാശങ്ങള്‍ ഉള്‍പ്പെടെയാണ് 110 കോടി ലഭിച്ചിരിക്കുന്നത്. ഈ ഉദ്യമത്തില്‍ സീ നെറ്റ് വര്‍ക്കുമായി സഹകരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.

2010ല്‍ ഇറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമായ 2.0യില്‍ രജനീകാന്തിന്റെ വില്ലനായെത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ്. ആമി ജാക്‌സനാണ് നായിക. നിറവ് ഷായും ആന്റണിയും ക്രമത്തില്‍ ക്യാമറ, എഡിറ്റിംഗ് എന്നിവ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതം പതിവുപോലെ എആര്‍ റഹ്മാനും കൈകാര്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സ്പില്‍ബര്‍ഗ് എന്നറിയപ്പെടുന്ന സംവിധായകന്‍ ഷങ്കറിന് ലഭിച്ച ടീം വളരെ മികച്ചതാണെന്നകാര്യത്തില്‍ സംശയം വേണ്ട.

DONT MISS
Top