ഏറ്റവും വേഗത്തില്‍ 10 ലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റെന്ന് ഷവോമി; പത്തുലക്ഷം റെഡ്മി നോട്ട് 4 വിറ്റത് 45 ദിവസം കൊണ്ട്

റെഡ്മി നോട്ട് 4

ഇന്ത്യയില്‍ എറ്റവും പെട്ടന്ന് 10 ലക്ഷം ഫോണുകള്‍ വിറ്റഴിച്ച കമ്പനിയായി ഷവോമി മാറി എന്ന് കമ്പനിയുടെ അവകാശവാദം. റെഡ്മി നോട്ട് 4 ആണ് ചൂടപ്പം പോലെ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. കേവലം 45 ദിവസം കൊണ്ടാണ് പത്തുലക്ഷം നോട്ട് 4 വിറ്റുതീര്‍ന്നത്. വില്‍പ്പനയില്‍ ചരിത്രം സൃഷ്ടിച്ച റെഡ്മി നോട്ട് 3 നു ശേഷം ഷവോമി അവതരിപ്പിച്ച ഫോണാണ് നോട്ട് 4.

ജനുവരി ഇരുപത്തി മൂന്നിനാണ് വിപണികീഴടക്കാന്‍ റെഡ്മി നോട്ട് 4 ഇന്ത്യയില്‍ എത്തിയത്. ഓണ്‍ലൈനിലെത്തി പത്തുസെക്കന്റിനുള്ളില്‍ രണ്ടരലക്ഷം നോട്ട് 4കള്‍ വിറ്റുപോയി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫ്‌ളാഷ് സെയിലിലൂടെ വില്‍പ്പന തുടങ്ങിയ നോട്ട് 4 പിന്നീട് ഫ്‌ളിപ്കാര്‍ട്ടിലെ മിന്നും താരമായി മാറി.

13 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമായാണ് റെഡ്മി നോട്ട് 4 എത്തിയത്. ക്വാല്‍ക്കോം സ്നാപ്ഡ്രഗാണ്‍ 625 പ്രോസസറാണ് റെഡ്മി നോട്ട് 4 ന് കരുത്തേകുന്നത്. മൂന്ന് വിവിധ റാം ഓപ്ഷനുകളും രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുമാണ് ഉപഭോക്താവിന് ലഭിക്കുക. 2 ജിബി, 3 ജിബി, 4 ജിബി റാം ഓപ്ഷനും 32, 64 ജിബി സ്റ്റോറേജ് ഓപ്ഷനും നോട്ട് 4 നല്‍കിയിരിക്കുന്നു.

2.5 ഡി ഗ്ലാസോട് കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 4 ല്‍ ഷവോമി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഫുള്‍ മെറ്റാലിക് ബോഡിയും, പിറകിലായി നല്‍കിയിരിക്കുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനറും റെഡ്മി നോട്ട് 4 ന്റെ പ്രീമിയം ടച്ച് വര്‍ധിപ്പിക്കുന്നു. 9,999 രൂപ മുതലാണ് വില തുടങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top