“മലയാളി സംവിധായകന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചു; വഴങ്ങാത്തതിന് അഭിനയിപ്പിച്ച് പ്രതികാരം വീട്ടി”: വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍

ലക്ഷ്മി രാമകൃഷ്ണന്‍

ഒരു പ്രശസ്ത സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. സംവിധായകന്റെ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോള്‍ പലരീതിയില്‍ അതിന് പ്രതികാരം ചെയ്‌തെന്നും ലക്ഷ്മി വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സംവിധായകന് വഴങ്ങാതെ വന്നപ്പോള്‍ സിനിമയുടെ സെറ്റില്‍വെച്ച് പരസ്യമായി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞെന്നും ലക്ഷ്മി പറയുന്നു. “അയാളുടെ ആവശ്യം നിരസിച്ചതിന് പ്രതികാരമായി സിനിമയുടെ സെറ്റില്‍വെച്ച് പരസ്യമായി ചീത്തവിളിച്ചു. അഭിനയിച്ച രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചു. 25 തവണ വരെ റീടേക്ക് എടുപ്പിച്ചിട്ടുണ്ട്. അത് മനപ്പൂര്‍വ്വമായിരുന്നു. മോശമായി പെരുമാറിയതിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ മോശമായിട്ടായിരുന്നു പിന്നീടുള്ള പെരുമാറ്റം”.

സിനിമയുടെ കാര്യം സംസാരിക്കാന്‍ സംവിധായകന്‍ അയച്ച ഒരാള്‍ ഫ്‌ലാറ്റിലെത്തി മോശമായി സംസാരിച്ചതായും അയാളെ ഉടന്‍ പുറത്താക്കിയതായും ലക്ഷ്മി പറഞ്ഞു. “അടുത്തകാലത്ത് ഒരു സംവിധായകന്‍ അയച്ച വ്യക്തി സിനിമയെ കുറിച്ച് സംസാരിക്കാന്‍ എന്റെ ഫ്‌ലാറ്റിലെത്തി. ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചു. പിന്നെ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡേറ്റിന്റെ വിഷയമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നീടാണ് മനസിലാക്കിയത് അയാള്‍ സംസാരിക്കുന്നത് മറ്റുചില കാര്യങ്ങളെ കുറിച്ചാണെന്ന്. ഉടന്‍ അയാളെ പുറത്താക്കി”.

സിനിമായ മേഖലയിലെ ചിലരുടെ ഇത്തരം സമീപനങ്ങളാണ് സിനിമ കുറയ്ക്കാന്‍ കാരണമെന്ന് ലക്ഷ്മി വ്യക്തമാക്കി. ബുദ്ധിമതിയായ സ്ത്രീകളോടൊപ്പം ജോലിചെയ്യാന്‍ പലസംവിധായകര്‍ക്കും താത്പര്യമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ജോലിചെയ്യുന്നതിന്റെ പ്രതിഫലം ചോദിച്ച് വാങ്ങുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല. തുല്യതയെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും സിനിമയില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അവിടെ സ്ത്രീകളെ ഇപ്പോഴും കീഴടക്കി വെച്ചിരിക്കുകയാണ്. അഭിമുഖത്തില്‍ ലക്ഷ്മി വ്യക്തമാക്കുന്നു.

ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് ലക്ഷ്മി അഭിനയ രംഗത്തേക്ക് എത്തുന്നത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

DONT MISS
Top