സ്ത്രീകളോട് വലിയ ബഹുമാനമാണെന്ന് ഡോണള്‍ഡ് ട്രംപ്, അന്താരാഷ്ട്ര വനിതാദിനത്തില്‍ തുല്യ വരുമാനത്തിനു വേണ്ടി സമരം ചെയ്ത് അമേരിക്കയിലെ സ്ത്രീകള്‍

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടന്ന മാര്‍ച്ചില്‍ നിന്ന്‌

വാഷിംങ്ങ്ടണ്‍: സ്ത്രീകള്‍ക്കെതിരെയുള്ള പീഡനക്കേസുകളുള്ള, സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്താരാഷ്ട്ര വനിതാദിന ട്വീറ്റ് ഇങ്ങനെ: ‘എനിക്ക് സ്ത്രീകളോട് അപാര ബഹുമാനമുണ്ട്. സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടി സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന റോളുകള്‍ അതിപ്രധാനമാണ്.’അമേരിക്കയിലെയും ലോകത്തെങ്ങുമുള്ള സ്ത്രീകളെയും ആദരിക്കാന്‍ എനിക്കൊപ്പം ചേരൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഒരുപാട് സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. സ്ത്രീകളെ കയറിപ്പിടിക്കുന്നതിനെപ്പറ്റി പൊങ്ങച്ചം പറയുകയും ചെയ്തിട്ടുണ്ട് ട്രംപ്. ട്രംപ് അധികാരമേറ്റ ദിവസം അമേരിക്കയിലെ ആഫ്രോ അമേരിക്കന്‍ സ്ത്രീകളും മുസ്‌ളീം സ്ത്രീകളും മറ്റും നടത്തിയ വിമെന്‍സ് മാര്‍ച്ച് ട്രംപിനും വംശീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും എതിരെ ശക്തമായ നിലപാടെടുത്തിരുന്നു.


ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ അവധിയെടുത്ത് തുല്യവരുമാനത്തിനുവേണ്ടി തെരുവിലിറങ്ങി. തൊഴില്‍ വകുപ്പിനു മുന്നില്‍ പ്രതിഷേധിച്ചു. അബോര്‍ഷന്‍ സ്വാതന്ത്ര്യത്തിനു വിലങ്ങു വെക്കുന്നതടക്കം ആരോഗ്യ രംഗത്തു ട്രംപ് നടപ്പാക്കിയ സ്ത്രീവിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

ട്രംപിന്റെ ട്വീറ്റിന് ലഭിച്ച പ്രതികരണങ്ങള്‍ സ്ത്രീ അഭയാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു. കുട്ടികള്‍ക്കൊപ്പം അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന അമ്മമാരെയും കുട്ടികളെയും വേര്‍തിരിക്കുന്ന നയം മുന്നോട്ടുവെച്ചത് ആഗോള പ്രതിഷേധത്തിനിടയാക്കിയിരുന്നു.

DONT MISS
Top