ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം പങ്കിട്ട് അശ്വിനും ജഡേജയും

അശ്വിനും ജഡേജയും (ഫയല്‍ ചിത്രം)

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബൗളിംഗ് വിഭാഗത്തില്‍ ഇന്ത്യയുടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു. ഇതാദ്യമായാണ് ജഡേജ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഇരുവര്‍ക്കും 892 പോയിന്റ് വീതമാണുള്ളത്. തൊട്ട് പിന്നിലുള്ള ശ്രീലങ്കയുടെ രംഗന ഹെറാത്തിനേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യന്‍ താരങ്ങള്‍. ഹെറാത്തിന് 827 പോയിന്റാണുള്ളത്.

അതേസമയം, ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ കോഹ്ലിക്ക് തിരിച്ചടി നേരിട്ടു. രണ്ടാം സ്ഥാനത്തായിരുന്ന കോഹ്ലി ഒരു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാമതായി. ഓസീസ് നായകന്‍ സ്റ്റീവന്‍ ഒന്നാം സ്ഥാനവും ഇംഗ്ലണ്ടിന്റെ ജോ റൂട്ട രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. ഓസീസിനെതിരായ ആദ്യരണ്ട് ടെസ്റ്റുകളിലെ മോശം പ്രകടനമാണ് കോഹ്ലിക്ക് തിരിച്ചടിയായത്.

ബംഗളുരു ടെസ്റ്റിലെ മികച്ച പ്രകടനമാണ് ജഡേജയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ തുണയായത്. ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ആറുവിക്കറ്റുകള്‍ വീഴ്ത്തിയ ഈ ഇടംകൈയ്യന്‍ സ്പിന്നര്‍ മത്സരത്തില്‍ മൊത്തം ഏഴുവിക്കറ്റുകള്‍ സ്വന്തമാക്കി. ഓസീസിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 63 റണ്‍സിന് ആറുവിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഇന്ത്യയില്‍ നിരയില്‍ തിളങ്ങിയത്.

2008 ന് ശേഷം ഇതാദ്യമായാണ് ബൗളിംഗില്‍ ഒന്നാം സ്ഥാനം രണ്ടുപേര്‍ പങ്കിടുന്നത്. അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍ അശ്വിനെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

DONT MISS
Top