സുശീല ഖുര്‍കുതേ, ടോയ്‌ലറ്റിനുവേണ്ടി മൂന്നുദിവസം തുടര്‍ച്ചയായി കുഴികുത്തിയ ഗര്‍ഭിണി

സുശീല ഖുര്‍കുതേ

മഹാരാഷ്ട്ര: മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ സുശീല ഖുര്‍കുതേ സ്വന്തമായി ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങിയത് അവരുടെ ജീവിതത്തില്‍ അന്നുവരെ ടോയ്‌ലറ്റ് ഇല്ലായിരുന്നു എന്നതുകൊണ്ടാണ്. ഏഴുമാസം ഗര്‍ഭിണിയായ സുശീല മൂന്നു ദിവസം കൊണ്ട് ടോയ്‌ലറ്റിനുള്ള കുഴിയെടുത്തത് പ്രസവം കഴിഞ്ഞാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുറത്തുപോകാതിരിക്കാനാണ്. മുന്‍പ് ഗര്‍ഭിണിയായപ്പോള്‍, തുറസ്സായ സ്ഥലങ്ങളില്‍ ഇതു ചെയ്യേണ്ടിവരുന്ന ബുദ്ധിമുട്ടാലോചിച്ച് കുറച്ചേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ എന്നും മുപ്പതുകാരിയായ സുശീല പറഞ്ഞു. കമ്പിയും തൂമ്പയും ഉപയോഗിച്ചാണ് സുശീല വീടിനു തൊട്ടപ്പുറത്തായി കുഴിയെടുത്തു തുടങ്ങിയത്.

ഇപ്പോള്‍, പല്‍ഘര്‍ ഗ്രാമത്തിലെ വീടുകളില്‍ കയറിയിറങ്ങി ടോയ്‌ലറ്റിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയാണ് സുശീല. ‘ഗര്‍ഭം കാരണം എനിക്കൊരു ടോയ്‌ലറ്റിനു കുഴിയെടുക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് ആര്‍ക്കും ഇത് എളുപ്പം ചെയ്യാന്‍ കഴിയും.’ സുശീല പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതിയുടെ മുഖമായി മാറിയിരിക്കുകയാണ് സുശീല.

സുശീലയുടെ തീരുമാനത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് 2017 മാര്‍ച്ച് മാസത്തിനുളളില്‍ പല്‍ഘര്‍ ജില്ല തുറന്ന സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജന വിമുക്ത ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികാരികള്‍. ടോയ്‌ലറ്റ് നിര്‍മിക്കല്‍ നടക്കാത്ത കാര്യമാണെന്നും അധികാരികള്‍ നിര്‍മിച്ചുതരും എന്ന പ്രതീക്ഷയും ദാരിദ്ര്യവുമൊക്കെയാകാം ഇവരെ മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിക്കാതിരുന്നത്. ഭര്‍ത്താവ് ഹനുമന്തിന്റെ വരുമാനത്തിലാണ് സുശീലയുടെ കുടുംബം കഴിയുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ പരസ്യം പറയുന്നത് തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത് എന്നാണ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ടോയ്‌ലറ്റ് സൗകര്യം ഇല്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് ഈ നിര്‍ദ്ദേശം.

DONT MISS
Top