ജിയോ-വോഡഫോണ്‍-എയര്‍ടെല്‍-ഐഡിയ; ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഓഫര്‍ പോരാട്ടത്തില്‍ വിജയി ആര്? ഒരു താരതമ്യം

പ്രതീകാത്മക ചിത്രം

ജിയോ തരംഗം തുടരുമ്പോള്‍ ഏറ്റവും നല്ല ഓഫര്‍ നല്‍കുന്നത് ആരാണ് എന്നത് കണ്ടെത്തുക ഒരല്പം പ്രയാസമാണ്. ജിയോയല്ലേ ഏറ്റവും മുന്നില്‍ ഏവരേയും കടത്തിവെട്ടി മുന്നില്‍ നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ചില കാര്യങ്ങളില്‍ ജിയോ പിന്നിലാണെന്ന് പറയേണ്ടിവരും. വിളിക്കുമ്പോള്‍ സംസാരം തടസപ്പെടുക, റെയ്ഞ്ച് പ്രശ്‌നങ്ങള്‍, നെറ്റ്‌വര്‍ക്കിലെ അമിത തിരക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ജിയോ വീണ്ടും പണം മുടക്കാനൊരുങ്ങുകയാണ്.

എന്നാല്‍ കഴുത്തറുപ്പന്‍ പണം ഈടാക്കിയാണെങ്കിലും നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന സേവന ദാതാക്കളും ഇപ്പോള്‍ പുത്തന്‍ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫറുകള്‍ വന്നപ്പോഴും മുന്‍തൂക്കം ജിയോ നിലനിര്‍ത്തുന്നുണ്ടോ? അതോ ആര്‍ക്കെങ്കിലും ജിയോയെ കടത്തിവെട്ടാനായോ. ഫ്രീ ഓഫര്‍ കഴിഞ്ഞിട്ടും ജിയോയെ വളരെയേറെ മുന്നില്‍ നിര്‍ത്തുന്ന തരത്തില്‍ ലാഭം ജിയോ തരുന്നുണ്ടോ. കൂടിക്കുഴഞ്ഞ ഓഫറുകളെല്ലാം അടുക്കിയെടുത്ത് താരതമ്യപ്പെടുത്തേണ്ടത് ഇപ്പോള്‍ ഒരു ആവശ്യംതന്നെയാണ്.

മാര്‍ച്ച് 31 മുതല്‍ ജിയോ എന്തുതരും?

തികച്ചും സൗജന്യമായി അവതരിപ്പിച്ച സേവനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ജിയോ പണമീടാക്കും. പണമീടാക്കുമെങ്കിലും ദിവസേന ഒരു ജിബി 4ജി ഇന്റര്‍നെറ്റ്, അതുകഴിഞ്ഞാല്‍ വേഗത കുറഞ്ഞ പരിധിയില്ലാത്ത ഇന്റര്‍നെറ്റ്, പരിധിയില്ലാത്ത സൗജന്യ കോളുകള്‍, പരിധിയില്ലാത്ത സൗജന്യ എസ്എംഎസുകള്‍ എന്നിവയായിരുന്നു ഒരു പാക്കേജ് പോലെ ജിയോ സൗജന്യമായി തന്നിരുന്നത്. തീര്‍ച്ചയായും ഈ പാക്കേജ് മാര്‍ച്ച് 31 കഴിഞ്ഞും നിലവിലുണ്ടാകും. പ്രൈം അംഗങ്ങള്‍ക്കുമാത്രമേ ഇതേ ഓഫറില്‍ ഒരു കൊല്ലംകൂടി തുടരാനാവൂ. അങ്ങനെ പ്രൈം അംഗമാകണമെങ്കില്‍ മാര്‍ച്ച് 31നു മുമ്പ് 99രൂപയ്ക്ക് റീചാര്‍ജ് ചെയ്‌തേ മതിയാകൂ. പിന്നീട് പ്രതിമാസം 303 രൂപ മുടക്കി ഈ ഓഫര്‍ ഒരു വര്‍ഷം വരെ തുടരാം.

ഇനി ഇപ്പോള്‍ ജിയോ സിം ഉപയോഗിക്കാത്തവര്‍ക്ക് എന്താണ് ലഭിക്കുക എന്നത് സംസാരവിഷയമാണ്. അവര്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ജിയോ ഉപയോഗിക്കാന്‍ സാധിക്കൂ. എന്നാല്‍ പ്രൈം അംഗങ്ങള്‍ ഇതേ പാക്കേജ് ഉപയോഗിച്ചാല്‍ കൂടുതല്‍ ഡേറ്റ കിട്ടുകയും ചെയ്യും. അതിനാല്‍ പ്രൈം അംഗങ്ങള്‍ക്കാണ് ജിയോ കൂടുതല്‍ പ്രയോജനപ്പെടുക.

രണ്ടും കല്‍പ്പിച്ച് എയര്‍ടെല്‍
ജിയോയുടെ ഓരോ ഓഫര്‍ വരുമ്പോഴും എയര്‍ടെല്‍ നല്‍കുന്നതെന്ത് എന്നാണ് ഓരോരുത്തരും പരസ്പരം ചോദിച്ചത്. കാരണം എക്കാലവും നല്ല (തമ്മില്‍ ഭേദപ്പെട്ട) ഓഫറുകള്‍ തന്നിരുന്നത് എയര്‍ടെല്ലായിരുന്നു. ഐഡിയയും വോഡഫോണും ഒരുകണക്കിനുപറഞ്ഞാല്‍ എയര്‍ടെല്ലിനെ പ്രതിരോധിക്കുകയായിരുന്നു. ഏറ്റവും വലിയ സേവനദാതാവ് എന്ന നിലയിലും എയര്‍ടെല്‍ മിന്നി നിന്ന സമയത്താണ് ജിയോ അവതരിക്കുന്നതും എല്ലാവര്‍ക്കും മുട്ടന്‍ പണി കൊടുക്കുന്നതും.

മയക്കത്തില്‍നിന്ന് പതിയെ എഴുന്നേറ്റ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്ന ഓഫറുകള്‍ മികച്ചവയാണ്. 345 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി 4ജി ഡേറ്റ. പ്രതിദിനം ഒരു ജിബി. അതുതന്നെ പകല്‍ 500 എംബിയും രാത്രി 500 എംബിയുമായി വിഭജിച്ചിരിക്കുന്നു. പരിധിയില്ലാത്ത സൗജന്യ കോളുകള്‍, പരിധിയില്ലാത്ത സൗജന്യ എസ്എംഎസുകള്‍ എന്നിവ പാക്കേജിലുണ്ട്. പാതിരാത്രി 12 മുതല്‍ രാവിലെ 6 വരെയാണ് ‘എയര്‍ടെല്ലിന്റെ രാത്രി’. ഏറ്റവും പ്രധാനപ്പെട്ട കാര്യം മാര്‍ച്ച് 31 ന് മുന്‍പ് ആദ്യത്തെ തവണ റീച്ചാര്‍ജ് ചെയ്യണം എന്നുള്ളതാണ്. അതായത് 31 നു ശേഷം ഈ ഓഫര്‍ കിട്ടാന് സാധ്യതയില്ല.

വോഡാഫോണും ഐഡിയയും പിന്നാലെ

346 രൂപയ്ക്ക് 28 ദിവസത്തേക്ക് ഓരോ ജിബി വീതം വോഡാഫോണ്‍ നല്‍കുമ്പോള്‍ 348 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന 500എംബിയാണ് ഐഡിയ നല്‍കുന്നത്. രണ്ടു കൂട്ടരും സൗജന്യ കോളുകളും എസ്എംഎസുകളും നല്‍കുന്നുണ്ട്.

ഇപ്പോഴും ജിയോതന്നെയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് നമുക്ക് ആദ്യ താരതമ്യത്തില്‍ത്തന്നെ മനസിലാക്കാം. മറ്റൊരുകാര്യമുള്ളത് മാര്‍ച്ച് 31 കളിഞ്ഞ് 4ജി ഉപയോഗിക്കാനിരിക്കുന്നവരെ കമ്പനികളൊന്നുംതന്നെ കാര്യമായി പരിഗണിക്കുന്നില്ല എന്നതാണ്. അവിടെയും താങ്ങാനാവുന്ന ഓഫര്‍ തരുന്നത് ജിയോ തന്നെ. മറ്റൊരു കാര്യം പ്രത്യേകം പരിഗണിക്കേണ്ടത് കമ്പനികള്‍ ഏതൊക്കെ സര്‍ക്കിളുകളിലാണ് ഓഫറുകള്‍ നല്‍കുന്നത് എന്ന വ്യക്തതയില്ലായ്മയാണ്. ജിയോ ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ഒരേ ഓഫറുകള്‍ തരുന്നതിനാല്‍ വ്യക്തമായ കാഴ്ച്ചപ്പാട് അക്കാര്യത്തിലുണ്ട്.

ഇതൊക്കെക്കൊണ്ടുതന്നെ ജിയോ അശ്വമേധം തുടരാനാണ് സാധ്യത. മാര്‍ച്ച് 31 നു ശേഷം ജിയോയിലേക്ക് വരുന്നവര്‍ക്കുകൂടി മികച്ച ഓഫര്‍ പ്രഖ്യാപിക്കാനായാല്‍ ജിയോ തൂത്തുവാരുമെന്നുറപ്പ്. മറ്റൊരു പ്രതീക്ഷയുള്ളത് ഐഡിയ-വോഡഫോണ്‍ ലയനത്തിലാണ്. ഇരുകൂട്ടരും ലയിച്ച് ഒരു കമ്പനിയായാല്‍ മികച്ച ഓഫറുകളോടെയാവും ആ വരവ്. എന്തായാലും ഇന്റര്‍നെറ്റ് പോക്കറ്റ് കീറാതെ ജനങ്ങളിലേക്കെത്തിച്ച ജിയോയ്ക്കുതന്നെയാണ് 4ജി വിപ്ലവത്തിന്റെ മുഴുവന്‍ ക്രെഡിറ്റും.

DONT MISS
Top