ബഹിരാകാശയാത്രികരുടെ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി നാസയുടെ പുത്തന്‍ കാല്‍വയ്പ്പ്; ഈ മാസം തന്നെ ബഹിരാകാശനിലയത്തില്‍ വീണ്ടും ചെടികളെത്തും

പ്രതീകാത്മക ചിത്രം

ബഹിരാകാശത്ത് തങ്ങുന്ന യാത്രികര്‍ക്ക് ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കാന്‍ പുത്തന്‍ ചുവടുവയ്പ്പുമായി നാസ. പ്രത്യേകം വികസിപ്പിച്ചെടുത്ത ചെടികളാണ് ഇതിനായി നാസ തയാറാക്കിയിരിക്കുന്നത്. കാബേജിനോടും കടുക് ചെടിയോടും സാമ്യമുള്ള ചെടികളാണ് ബഹിരാകാശത്തേക്ക് അയയ്ക്കുക. ഇപ്പോള്‍തന്നെ അമേരിക്കയുടെ ബഹിരാകാശ നിലയത്തില്‍ ഭക്ഷ്യയോഗ്യമായ ചെടികള്‍ വളര്‍ത്തുന്നുണ്ട്. എന്നാല്‍ ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ക്കുള്ള ഭക്ഷണം അവിടെത്തന്നെ ഉണ്ടാക്കിയെടുക്കാനാണ് നാസയുടെ പരിശ്രമം.

“വളരാനായി പ്രത്യേകം തയാറാക്കിയ കൊച്ച് കൂടാരങ്ങളിലാവും ഇവയെ വളര്‍ത്തുക. പൂര്‍ണമായും മൂടപ്പെട്ടവ. അതിനുള്ളിലെ കാലാവസ്ഥ നിയന്ത്രിക്കപ്പെടും. നേരത്തെ നാം വളര്‍ത്തിയവയെ അപേക്ഷിച്ച് കുറച്ച് ശ്രദ്ധമാത്രം കൊടുത്ത് ഇവയെ പരിചരിക്കാനാവും” ഉദ്യമത്തിന്റെ തലവന്‍ ബ്രയാന്‍ ഒണേറ്റ് പറഞ്ഞു.

ചെടികള്‍ വളര്‍ത്തുന്ന ചെറിയ കൂടാരങ്ങളില്‍ നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളില്‍ തെളിയുന്ന എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് വെളിച്ചം നല്‍കുന്നത്. നൂറ്റി എണ്‍പതിലധികം സെന്‍സറുകള്‍ ചെടികളേപ്പറ്റി വിവരങ്ങള്‍ ശേഖരിച്ച് അയച്ചുകൊണ്ടിരിക്കും. വായുവിലും മണ്ണിലും ഇലകളിലും തണ്ടുകളിലും വേരുകളിലുമുള്ള ഈര്‍പ്പം, താപനില, ഓക്‌സിജന്റെ അളവ് എന്നീ വിവരങ്ങളെല്ലാം തല്‍സമയം ഭൂമിയിലെത്തും. ഈ മാസം 19നാണ് ചെടികളുമായുള്ള വിക്ഷേപണം നാസ തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top