‘കേരളത്തില്‍ പെയ്ത വേനല്‍ മഴ ഞാന്‍ വരുണനെ ആവാഹിച്ച് വരുത്തിയത്’; അവകാശവാദവുമായി ‘വൃഷ്ടിയജ്ഞവിദഗ്ധന്‍’ രംഗത്ത്

ആചാര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്

കൊച്ചി: 150 വര്‍ഷത്തെ ഏറ്റവും വലിയ വരള്‍ച്ചയാണ് ഈ വര്‍ഷത്തേതെന്ന ഭയത്താല്‍ കഴിയുകയാണ് കേരളം. ആ കേരളത്തിന് ചെറിയ ആശ്വാസമായി മാറിയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ വേനല്‍മഴ. പ്രകൃതിയുടെ സമ്മാനമെന്നും അനുഗ്രഹമെന്നുമെല്ലാം മലയാളികള്‍ അതിനെ വിളിച്ചുപോന്നു. എന്നാല്‍ ആ മഴ, താന്‍ പൂജ ചെയ്ത് കൊണ്ടുവന്നതാണെന്ന് അവകാശപ്പെട്ടാണ് ഇതാ ഒരു യജ്ഞവിദഗ്ധന്‍ രംഗത്തെത്തിയിരിക്കുന്നത്. പൂജയ്ക്ക് ശേഷമുള്ള മേഘത്തോടുകൂടിയ സാറ്റലൈറ്റ് ചിത്രവും നല്‍കിയിട്ടുണ്ട്. കൃത്രിമരീതി ഉപയോഗിച്ച് മഴ പെയ്യിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലിന്ന് പ്രഖ്യാപിച്ചിരുന്നു. ‘ഈ ക്വട്ടേഷന്‍’ സ്വാമിയെ മൊത്തത്തില്‍ അങ്ങ് ഏല്‍പ്പിക്കാനുള്ള ബുദ്ധി മുഖ്യമന്ത്രിക്ക് നിര്‍ദേശിച്ച് നല്‍കാനാണ് പലരും നവമാധ്യമങ്ങളില്‍ ഇപ്പോള്‍ നല്‍കുന്ന ഉപദേശം.

മേഘങ്ങളുടെ സാറ്റലൈറ്റ് ചിത്രം ആചാര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍

ആചാര്യ എം ആര്‍ രാജേഷാണ് മഴ തങ്ങളുടെ വൃഷ്ടിയജ്ഞം വഴി ലഭിച്ചതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ കഴിഞ്ഞ 11 ദിവസങ്ങളായി തുടര്‍ച്ചയായി ചെയ്തുപോന്ന വൈദികമായ വൃഷ്ടിയജ്ഞം മഴമേഘങ്ങളെയും വരുണദേവനെയും ആവാഹിച്ചു കൊണ്ടുവന്നുവെന്നാണ് ഇദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. ഫിബ്രവരി 21 ചൊവ്വാഴ്ച മുതലാണ് വൈദികമായ വൃഷ്ടിയജ്ഞം ആരംഭിച്ചതെന്നും മാര്‍ച്ച് നാലിന് ശനിയാഴ്ചയോടെ മഴയുമെത്തിയെന്നും ഇദ്ദേഹം പറയുന്നു. എങ്കിലും അദ്ഭുതകരമായ ഒരു പ്രവൃത്തി ആണിതെന്ന് ആചാര്യയ്ക്ക് അഭിപ്രായമില്ല. മറിച്ച് പ്രാചീന കാലത്തെ ശാസ്ത്രവിധിപ്രകാരമുള്ള മഴയുണ്ടാക്കല്‍ യജ്ഞമാണത്രേ. യജ്ഞം ചെയ്യുന്നതിന് മുന്‍പ് അന്തരീക്ഷത്തിലെ ഊഷ്മാവ്, കാറ്റിന്റെ ഗതി. ജലസാന്ദ്രത എന്നിവ കണക്കാക്കി, ഇതിന്റെ തോത് അനുസരിച്ചാണ് യജ്ഞത്തില്‍വേണ്ട ആഹുതി നിജപ്പെടുത്തുന്നതെന്നും ആചാര്യ വ്യക്തമാക്കുന്നു. പൂജ ശാസ്ത്രമാണെന്നാണ് ആചാര്യ പറഞ്ഞുവരുന്നത്.

സോമീയ ആഹുതികളും വാരുണീ ആഹുതികളും എന്നീ രണ്ടുതരം ആഹുതികളാണ് പ്രധാനമായും വൃഷ്ടിയജ്ഞത്തില്‍ ചെയ്യേണ്ടതെന്നും ആചാര്യ വിശദീകരിക്കുന്നു. വരണ്ടതും ചൂടുള്ളതുമായ കാലവസ്ഥയാണ് ഉള്ളതെങ്കില്‍ വായുവിലോഡനമാണ് ആദ്യം ചെയ്യേണ്ടതെന്ന് ഋഷിമാര്‍ പറയുന്നു. അതിന് ചെയ്യേണ്ടത് വാരുണീ ആഹുതികളാണ്. വാരുണീ ആഹുതികള്‍ വായുവിനെ കൂടുതല്‍ ചൂടുള്ളതാക്കും. അപ്പോള്‍ ഭൂമിയിലെയും കടലിലെയും ബാഷ്പീകരണ തോത് വര്‍ദ്ധിക്കും. അത് അന്തരീക്ഷത്തിലെ ജലസാന്ദ്രത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ചൂടുകൂടിയ വായു മുകളിലേക്കുയരുകയും ആകാശത്തില്‍ ഘനീഭവിക്കുകയും ചെയ്യും. മേഘങ്ങള്‍ പതുക്കെ കണ്ടുതുടങ്ങും. തങ്ങള്‍ യജ്ഞം ചെയ്തപ്പോഴും ഇതാണ് സംഭവിച്ചത്. പക്ഷേ മഴ പെയ്യാന്‍ മാത്രമുള്ള അവസ്ഥ അപ്പോള്‍ രൂപപ്പെട്ടിട്ടുണ്ടാവില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഈ ഘട്ടത്തില്‍ സോമീയ ആഹുതികളാണ് അര്‍പ്പിക്കേണ്ടതെന്ന് ഋഷിമാര്‍ നിര്‍ദേശിക്കുന്നുവെന്നും ആചാര്യ വിശദീകരിക്കുന്നു. തുടര്‍ന്ന് പ്രാചീന ശാസ്ത്രങ്ങളില്‍ പറയുന്ന സോമീയ ആഹുതികള്‍ എന്തെന്ന് കണ്ടെത്തി. ചെറു ചെറു ജലകണങ്ങളെ പ്രാചീന ഭാരതീയ ശാസ്ത്രത്തില്‍ ‘ശ്രദ്ധ’ എന്നാണ് വിളിക്കുന്നത്. ഇവയെ കൂട്ടിയോജിപ്പിക്കുന്നതിനാണ് സോമീയ ആഹുതികള്‍ യജ്ഞകുണ്ഡത്തില്‍ ഹോമിക്കുന്നത്. ഹോമധൂമങ്ങള്‍ അന്തരീക്ഷത്തില്‍ പരക്കുന്നതോടെ കൂടുതല്‍ മഴമേഘങ്ങള്‍ ജനിക്കാനുള്ള മേഘ സാന്ദ്രീകരണ കേന്ദ്രങ്ങളായി (cloud condensation nuclei) യജ്ഞത്തിലര്‍പ്പിക്കുന്ന ആഹുതികള്‍ പരിണമിക്കുന്നു. അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ആദ്യ ഏഴു ദിവസങ്ങള്‍ ഒരു നേരമേ വൃഷ്ടിയജ്ഞം അനുഷ്ഠിച്ചുള്ളൂ. തുടര്‍ന്ന് സോമീയ ആഹുതികള്‍ കൂടുതല്‍ ചെയ്തുകൊണ്ട് വൈകുന്നേരവും യജ്ഞം ആരംഭിച്ചു. അതോടെ കാറ്റിന്റെ ഗതി വടക്കുനിന്ന് തെക്കോട്ട് വ്യാപിച്ചതായി ശ്രദ്ധയില്‍പെട്ടു. കേരളത്തിലൊന്നാകെ വൃഷ്ടിയജ്ഞത്തിന്റെ ഫലവും കണ്ടുതുടങ്ങിയെന്നും അദ്ദേഹം പറയുന്നു. ഗായത്രി, ത്രിഷ്ടുപ്, ജഗതീ ഛന്ദസ്സുകളിലെ വിശേഷ മന്ത്രങ്ങള്‍ അന്തരീക്ഷത്തിലെ ചലനങ്ങള്‍ക്ക് ഋതം നല്‍കിയിരിക്കാമെന്നും ആചാര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈശ്വരനുമത് ആവട്ടെ എന്ന് അനുഗ്രഹിച്ചിരിക്കാം. അങ്ങനെ ‘നികാമേ നികാമേ നഃ പര്‍ജന്യോ വര്‍ഷതു’ ‘ആഗ്രഹിക്കുമ്പോള്‍ ആഗ്രഹിക്കുമ്പോള്‍ മഴ പെയ്യുമാറാകട്ടെ’ എന്ന യജുര്‍വേദ പ്രാര്‍ഥന സഫലമായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

അവകാശപ്പെടലിനൊപ്പം ശാസ്ത്രീയ അടിത്തറയും ഇവര്‍ വിവരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നടന്ന വൃഷ്ടിയജ്ഞത്തിന്റെ വിശദാംശങ്ങളും അവിടെയൊക്കെ മഴ പെയ്‌തെന്ന വിശദീകരണവും ഇതോടൊപ്പം അദ്ദേഹം നല്‍കിയിട്ടുണ്ട്. ഈ ‘ശാസ്ത്രസത്യങ്ങള്‍’കേട്ട് ഞെട്ടിയവരും, വിമര്‍ശിച്ചവരും, കളിയാക്കിയവരും, അഭിനന്ദിച്ചവരുമെല്ലാമുണ്ട്. സമ്പൂര്‍ണ സാക്ഷരത നേടിയ കേരളത്തിലാണ് ഈ മുടന്തന്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചവരും ചില്ലറയല്ല. സാറ്റലൈറ്റ് ചിത്രത്തിന് പകരം ദിവ്യദൃഷ്ടിയില്‍ നിന്ന് ചിത്രങ്ങളെടുത്തുകൂടെയെന്നും ചിലര്‍ ചോദിക്കുന്നു. എന്തായാലും കൃത്രിമമഴ പെയ്യാന്‍ സര്‍ക്കാര്‍ തന്നെ സ്വാമിയെ വിളിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് നവമാധ്യമലോകമിപ്പോള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top