ചരിത്രം കുറിക്കുമോ വിനായകന്‍; മോഹന്‍ലാല്‍ വീണ്ടും ‘വില്ലനാകുമോ’ എന്ന് കാത്ത് സിനിമാ പ്രേമികള്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍, കമ്മട്ടിപ്പാടത്തിലെ ഗംഗാധരനായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിനായകന്‍, മഹേഷായി സ്വാഭാവിക അഭിനയം കാഴ്ചവെച്ച’ ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടന്മാരുടെ പരിഗണനാ പട്ടികയില്‍. ഇവരെ കൂടാതെ ശ്രീനിവാസന്‍, സലീംകുമാര്‍ എന്നിവരും പരിഗണിക്കപ്പെടുന്നു. സാധ്യത ഏറെ കല്‍പ്പിക്കുന്നത് ഒരു നിമിഷമെങ്കിലും പ്രേക്ഷകരുടെ കണ്ണു നിറച്ച ഗംഗയായി മാറിയ വിനായകനാണ്. അവാര്‍ഡ് ആര്‍ക്ക് ലഭിക്കുമെന്നത് കാത്തിരുന്ന് തന്നെ കണേണ്ട കാര്യമാണ്. ഇതിനിടയില്‍ അവാര്‍ഡ് പ്രഖ്യാപനത്തിലെ മുന്‍ ‘ചരിത്രം’ ആവര്‍ത്തിക്കുമോ എന്നതും അറിയേണ്ടതുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ഇതുവരെ ലഭിച്ചിരിക്കുന്നത് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടന്മാര്‍ക്കാണ്. ഇവിടെ കമ്മിട്ടിപ്പാടത്തില്‍ ‘കഥാനായകന്‍’ വിനായകനാണെങ്കിലും നായകനായത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. കഥ പറച്ചിലിനപ്പുറം തിയേറ്ററുകളില്‍ ‘തുറുപ്പു ചീട്ട്’ മാത്രമായിരുന്നു ദുല്‍ഖര്‍ എന്ന് വേണമെങ്കില്‍ വിലയിരുത്താം. കമ്മട്ടിപ്പാടത്തില്‍ താനല്ല വിനായകനാണ് നായകനെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കമ്മട്ടിപ്പാടത്തിനിപ്പുറം എത്രയോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എവിടെയും വിനായകന്‍ മികച്ച നടനായില്ല. മികച്ച അഭിനയമാണെങ്കില്‍ പോലും സഹനടന്മാര്‍ക്ക് അവാര്‍ഡ് നല്‍കി പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ആരും തയ്യാറായില്ല. അതിനിടെ സിനിമാ പ്രേമികളുടെ ഫെയ്്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ മികച്ച നടനുള്ള അവാര്‍ഡ് വിനായകനെ തേടിയെത്തി. അതൊരു അംഗീകാരം തന്നെയായിരുന്നു.

സമാനമായ ഒരു സാഹചര്യം 1999 ലും ഉണ്ടായിരുന്നു. അന്ന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് പരിഗണിച്ചിരുന്നത് മോഹന്‍ലാലിനേയും (വാനപ്രസ്ഥം), കലാഭവന്‍ മണിയേയും (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും) ആയിരുന്നു. അതുവരെ ഹാസ്യനടന്‍ എന്ന നിലയ്ക്ക് മാത്രം അറിയപ്പെട്ടിരുന്ന മണിയുടെ അഭിനയശേഷി തുറന്നുകാട്ടിയ ചിത്രമായിരുന്നു അത്. എന്നാല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മോഹന്‍ലാല്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച നടനായി. രണ്ട് വിഭാഗങ്ങളിലും സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് അന്ന് മണിക്ക് ലഭിച്ചത്. ദേശീയ അവാര്‍ഡ് ഏറെ പ്രതീക്ഷിച്ചിരുന്ന മണി, പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ബോധംകെട്ട് വീണതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു എന്നാല്‍ അത് അദ്ദേഹം പല വേദികളിലും നിഷേധിച്ചിരുന്നു.

വില്ലനായും സഹനടനായും മാത്രം ഒതുങ്ങിയിടത്തു നിന്നാണ് വിനായകന്‍ കമ്മട്ടിപ്പാടത്തില്‍ ഗംഗ എന്ന കേന്ദ്ര കഥാപാത്രത്തിലേക്കെത്തുന്നത്. സാമൂഹിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ സിനിമ ചര്‍ച്ച ചെയ്തപ്പോള്‍ അതിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ വിനായകന്‍ തിളങ്ങി. അനുഭവങ്ങളുടെ വെളിച്ചത്തില്‍ കൂടിയാണതെന്ന് നമുക്ക് ഒറ്റ കാഴ്ചയിലൂടെ മനസിലാകും. മികച്ച നടനായി വിനായകന്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പുത്തന്‍ ചരിത്രത്തിനൊപ്പം മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാന്‍ അത് സംവിധായകര്‍ക്ക് പുതിയ പ്രചോദനമാകും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും അഭിനയമാണോ നടന്മാരുടെ ‘വലുപ്പ ചെറുപ്പമാണോ’ ‘ ജൂറി പരിഗണിക്കുന്നതെന്നറിയാന്‍ അഞ്ച് മണിവരെ കാത്തിരുന്നേ മതിയാകൂ.

DONT MISS
Top