വിപണിയില്‍ സര്‍ക്കാരിന്റെ പിടി, അരിവില 25 രൂപ മാത്രം; വേണ്ടിവന്നാല്‍ അരി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തുമെത്തിക്കുമെന്ന് മുഖ്യമന്ത്രി

സഹകരണ അരിച്ചന്തയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

തിരുവനന്തപുരം: ഹാഫ് സെഞ്ച്വറിയടിച്ച അരിവിലയ്ക്ക് മേല്‍ സര്‍ക്കാരിന്റെ പിടിവീഴുന്നു. കിലോയ്ക്ക് 50 രൂപ വരെയെത്തിയ ജയ അരി, ഇന്നലെ മുതല്‍ സപ്ലൈക്കോ ഔട്ട്‌ലറ്റലിലും മാവേലി സ്‌റ്റോറുകളിലും 25 രൂപയ്ക്കാണ് വിതരണമാരംഭിച്ചത്. ഇതോടെ പൊതുവിപണിയിലെ അരിവിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ്. വരും ദിവസങ്ങളില്‍ ആന്ധ്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും കൂടുതല്‍ അരിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ അരിവില പൊതുമാര്‍ക്കറ്റിലും ഇടിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അരി വേണമെങ്കില്‍ വിദേശത്ത് നിന്നുപോലും ഇറക്കുമതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് അരി ലഭ്യമല്ലെങ്കില്‍, അരി ഉല്‍പ്പാദിപ്പിക്കുന്ന മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതിക്ക് ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. 13 അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന് ഇടതുപക്ഷം പ്രകടനപത്രികയില്‍ ഉറപ്പുനല്‍കിയതാണ്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സഹകരണ അരിക്കടകളുടെ ഉദ്ഘാടനം തിരുവനന്തപുരം ഏണിക്കരയില്‍ നിര്‍വഹിക്കവെയായിരുന്നു പിണറായിയുടെ പ്രഖ്യാപനം. വില നിയന്ത്രിക്കാനും ആവശ്യത്തിന് അരിയെത്തിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സപ്ലൈക്കോയും കണ്‍സ്യൂമര്‍ഫെഡും പുറത്തുനിന്ന് അരി വാങ്ങി കേരളത്തിലെത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സപ്ലൈക്കോയുടെ അരിക്കടകള്‍ കൂടി വരുന്നതോടെ അരിവില പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നാണ് സപ്ലൈക്കോയുടെ പ്രതീക്ഷ. വ്യാഴാഴ്ച കൊല്ലത്താണ് ഈ സംരഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. നിയോജകമണ്ഡലങ്ങളിലും പഞ്ചായത്തിലും പിന്നാലെ എല്ലാ പ്രധാനകേന്ദ്രത്തിലും അരിക്കടകള്‍ ആരംഭിക്കുമെന്ന് സപ്ലൈക്കോ ജനറല്‍ മാനേജര്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇടപെടുന്നതിന് സപ്ലൈക്കോയ്ക്ക് സാമ്പത്തിക പരാധീനത തടയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ധനവകുപ്പ് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

അടിയന്തിരമായി 17000 മെട്രിക്ടണ്‍ അരിയാണ് ലഭ്യമാക്കുക. ഇതിന് പിന്നാലെ കൂടുതല്‍ അരിയും സപ്ലൈക്കോ വിപണിയിലെത്തിക്കും. ഇതോടെ സംസ്ഥാനത്തെ അരിവില സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരിക്കൊപ്പം പലവ്യഞ്ജനങ്ങളുടെ വിലയും ക്രമാതീതമായി വിപണിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതും കുടുംബ ബജറ്റുകളുടെ നട്ടെല്ലൊടിച്ചിരുന്നു. സപ്ലൈക്കോയുടെ ഇടപെടലിലൂടെ നടുനിവര്‍ത്താമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങളിപ്പോള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top