മംഗലാപുരത്തിന് പുറമെ ഹൈദരാബാദിലും പിണറായി വിജയന് ബിജെപിയുടെ വിലക്ക്; പരിപാടിയില്‍ പങ്കെടുത്താല്‍ എന്ത് ചെയ്യുമെന്ന് കാണിച്ചു തരാമെന്ന് സ്ഥലം എംഎല്‍എയുടെ ഭീഷണി; വീഡിയോ

ഹൈദരാബാദ്: മംഗലാപുരത്തിന് പുറമെ ഹൈദരാബാദില്‍ നടക്കുന്ന പരിപാടിയിലും പങ്കെടുക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിലക്കേര്‍പ്പെടുത്തി ബിജെപി. ഹൈദരാബാദിലെ ഘോഷാമഹല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ രാജാ സിങാണ് സിപിഐഎം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.മാര്‍ച്ച് 19 ന് നടക്കുന്ന യോഗത്തില്‍ പിണറായി വിജയനെ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന സര്‍ക്കാരിനും പൊലീസിനും രാജ വീഡിയോ സന്ദേശമയച്ചു.

ആര്‍എസ്എസിന്റെയും ബിജിപിയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ നിരവധി സഹോദരന്മാരാണ് കേരളത്തില്‍ കൊല്ലപ്പെടുന്നത്. ഇത്തരത്തിലൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആ സംസ്ഥാനത്തെ മുഖ്യമന്ത്രി ഹൈദരാബാദില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ നിശബ്ദരായി ഇരിക്കാന്‍ സാധിക്കുമെന്ന് രാജ ചോദിക്കുന്നു. പിണറായി എത്തിയാല്‍ മീറ്റിങിന് എന്ത് സംഭവിക്കുമെന്ന് താന്‍ കാണിച്ചു കൊടുക്കും. സിപിഐയും സിപിഐഎമ്മുമായി തനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതാണ് പ്രശ്‌നം. പിണറായി വിജയന്‍ മീറ്റിങ്ങില്‍ പങ്കെടുത്താല്‍ ആ മീറ്റിങ് താന്‍ തടയും. മാത്രുമല്ല, സമാനമായ സമ്മേളനം താനും സംഘടിപ്പിക്കുമെന്നും രാജ പറയുന്നു. അതിനിടെ രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ പൊങ്കാല തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനെട്ടിന് ആരംഭിച്ച അഞ്ചുമാസം നീണ്ട മഹാജന പദയാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് ഹൈദരാബാദില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് പത്തൊമ്പതിന് നിസാം കോളെജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തെ പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. സാമൂഹിക സമത്വവും സമഗ്ര വികസനവുമാണ് പദയാത്രയുടെ ലക്ഷ്യം.

നേരത്തേ മംഗളൂരുവില്‍ നടന്ന പരിപാടില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരെ സംഘപരിവാരത്തിന്റെ ഭാഗത്തു നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ വകവെയ്ക്കാതെ മുഖ്യമന്ത്രി മംഗളൂരുവില്‍ പരിപാടിയില്‍ പങ്കെടുക്കുകയും ആര്‍എസ്എസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. പിണറായി വിജയന് കനത്ത സുരക്ഷയൊരുക്കിയ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഏറെ പ്രശംസയേറ്റു വാങ്ങിയിരുന്നു.

DONT MISS
Top