ഹിറ്റുകളുടെ ശബ്ദം ഈ കൈകളില്‍; ഇന്ത്യന്‍ സിനിമയിലെ ശബ്ദമാന്ത്രികന്‍ രംഗനാഥ് രവി സംസാരിക്കുന്നു

രംഗനാഥ് രവി

ഒരേ സമയം തിയേറ്ററുകളില്‍ നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശനം തുടരുന്ന മൂന്ന് മലയാള ചിത്രങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വീരം, അങ്കമാലി ഡയറീസ്. ഉടന്‍ പുറത്തിറങ്ങാനൊരുങ്ങി മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ ദി ഗ്രേറ്റ് ഫാദര്‍’. ഒരു പിടി നല്ല ചിത്രങ്ങളുമായി മലയാള സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി. മുഖവുര ആവശ്യമില്ലാത്ത പ്രതിഭ. ശബ്ദങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കിടയിലും ചെയ്യുന്ന ജോലിയില്‍ വ്യത്യസ്തത കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയാണ് ഒരു മികച്ച സൗണ്ട് ഡിസൈനര്‍ എന്ന നിലയിലേക്ക് രംഗനാഥ് രവിയെ വളര്‍ത്തുന്നത്. സിനിമകള്‍ വിജയിക്കണം എന്നതിനപ്പുറം തന്റെ ഭാഗങ്ങള്‍ എത്രത്തോളം മികവുറ്റതാക്കാം എന്നതാണ് രംഗനാഥിനെ സംബന്ധിച്ചിടത്തോളം പ്രധാനം. സംസ്ഥാന അവാര്‍ഡ് ജേതാവുകൂടിയായ രംഗനാഥ് രവി തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമായി അല്‍പ്പനേരം റിപ്പോര്‍ട്ടര്‍ ലൈവിനൊപ്പം

വീരത്തെക്കുറിച്ച്…

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജ് സാറിന്റെ പകര്‍ന്നാട്ടം എന്ന ചിത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റ് ചില ചിത്രങ്ങളിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ബോളിവുഡില്‍ ഉള്‍പ്പെടെ തിരക്കായിരുന്നതിനാല്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. പിന്നീട് വീരത്തിലേക്ക് സൗണ്ട് ഡിസൈനറായി ക്ഷണിക്കുകയായിരുന്നു. ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ ആസ്പദമാക്കിയുള്ള ചിത്രം. പുതുമയുള്ള കഥാപശ്ചാത്തലം. ശബ്ദത്തിനും അത്രത്തോളം പ്രാധാന്യമുണ്ടായിരിക്കുമെന്ന് തോന്നി. അങ്ങനെ കഴിഞ്ഞ ഫെബ്രുവരിയില്‍ വീരത്തിന്റെ ഭാഗമായി ചേര്‍ന്നു. ഇതിന്റെ പ്രധാന ലൊക്കേഷനുകളായ മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള എല്ലോറ, അജന്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുന്‍പ് ഞാന്‍ യാത്രകള്‍ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അപരിചിതത്വം അനുഭവപ്പെട്ടില്ല. മാക്ബത്തിനെ ദത്തെടുത്ത് ഇതിന് മുന്‍പ് ധാരാളം ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഇതില്‍ ഞാന്‍ കണ്ടിട്ടുള്ളത് റൊമാന്‍ പൊളാന്‍സ്‌കിയുടെ ‘മാക്ബത്ത്’, അകിര കുറൊസാവയുടെ ‘ത്രോണ്‍ ഓഫ് ബ്ലഡ്’, വിശാല്‍ ഭരദ്വാജിന്റെ ‘മക്ബൂല്‍’ തുടങ്ങിയ ചിത്രങ്ങളാണ്. മൊത്തത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ടോപ്പ് 5 ല്‍ വീരം ഉള്‍പ്പെടുമെന്നാണ് എന്റെ ഒരു വിശ്വാസം. മാക്ബത്തില്‍ കുനാല്‍ ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങളായിരുന്നു. ഇതിന് വേണ്ടി പ്രത്യേക കാസ്റ്റിങ് നടത്തി. അതേസമയം, മാക്ബത്തിലെ കുനാല്‍ ചെയ്ത കഥാപാത്രത്തേയും ‘വടക്കന്‍ വീരഗാഥ’യിലെ ചന്തുവിനേയും താരതമ്യം ചെയ്യുന്നതായി കാണുന്നുണ്ട്. അത് ശരിയല്ല. മാക്ബത്തിന്റേയും ചന്തുവിന്റേയും സാമ്യത ജയരാജ് സാര്‍ കണ്ടെത്തി വീരത്തിന്റെ മേക്കിങ്ങിലേക്ക് എത്തിച്ചേര്‍ന്നു എന്നതാണ് അദ്ഭുതകരം. വീരത്തിന്റെ ചിത്രീകരണ രീതിയെ സംബന്ധിച്ച് മികച്ച അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

വീരത്തില്‍ അധികവും ‘നിശബ്ദത’

പതിമൂന്നാം നൂറ്റാണ്ടിലെ കഥയാണ് വീരം പറയുന്നത്. ഗൂഢാലോചനകളും തന്ത്രങ്ങളും അടക്കിപ്പറച്ചിലുകളുമാണ് ചിത്രത്തില്‍ ഏറെയും. ഇവിടെയെല്ലാം ശബ്ദത്തിനിപ്പുറം നിശബ്ദതയ്ക്കാണ് പ്രാധാന്യം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങി മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. മൂന്ന് ഭാഗങ്ങളിലും പൊതുവായിട്ടുള്ളത് സംഘട്ടന രംഗങ്ങളാണ്. വാള്‍പയറ്റും ഉറുമി പയറ്റും ഉള്‍പ്പെടെ ഇതില്‍പ്പെടുന്നു. ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്ന കളരിപ്പയറ്റുകാരെ ഉപയോഗിച്ച് പ്രത്യേകമായാണ് വാള്‍പയറ്റിന്റേയും മറ്റും ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഇത് മൂന്ന് ഭാഷകളിലും ഒരു പോലെ ഉപയോഗിച്ചു. ചിത്രത്തില്‍ സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് ഉണ്ടായിരുന്നില്ല.

തെയ്യത്തിന്റെ തോറ്റം വീരത്തില്‍ പശ്ചാത്തല സംഗീതം പോലെ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് വേണ്ടി ‘തെയ്യ’ത്തിന്റെ ശബ്ദങ്ങള്‍ പ്രത്യേകം റെക്കോര്‍ഡ് ചെയ്തു. തെയ്യം കലാകാരന്മാരെ കൊണ്ടുവന്ന് ഒരു ദിവസത്തോളം എടുത്ത് റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങളും തോറ്റങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. തെയ്യം അലറുന്ന ശബ്ദം ഇതില്‍ വ്യത്യസ്തമായി നില്‍ക്കുന്നു. മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും തെയ്യത്തിന്റെ ശബ്ദ ഗാംഭീര്യം പകര്‍ത്താന്‍ സാധിച്ചത് എന്റെ ജീവിത്തിലെ വ്യത്യസ്ത അനുഭവമായി. ഓരോ ഭാഗങ്ങളും എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ജയരാജ് സാറിന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. അത് ഉള്‍ക്കൊണ്ട് സ്വതന്ത്രമായി തന്നെയാണ് വീരത്തില്‍ പ്രവര്‍ത്തിച്ചത്.

‘കോഴിപ്പോര്’ വെല്ലുവിളിയായി

ചിത്രത്തില്‍ കോഴിപ്പോര് നടക്കുന്ന ഒരു രംഗമുണ്ട്. രണ്ട് കോഴികള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ശബ്ദം പകര്‍ത്തുക എന്നത് തികച്ചും വെല്ലുവിളിയായിരുന്നു. അതുപോലെ തന്നെ വെല്ലുവിളി നിറഞ്ഞതായിരുന്നു, അങ്കം കാണുന്ന കാണികളുടെ ആരവം റെക്കോര്‍ഡ് ചെയ്യുക എന്നതും.

കംപ്ലീറ്റ് വോയിസ് കാസ്റ്റിങ് ആയിരുന്നു

ഒരു സൗണ്ട് ഡിസൈനറെ സംബന്ധിച്ചിടത്തോളം സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ അയാള്‍ കൂടെ ഉണ്ടായിരിക്കണം. വീര’ത്തിന്റെ ഡബ്ബിങിന് മുഴുവനായും ജയരാജ് സാറിന്റെ ഒപ്പം ഞാനും ഉണ്ടായിരുന്നു. വടക്കന്‍ ഭാഷയാണ് ചിത്രത്തില്‍ കടന്നുവരുന്നത്. ചില വാക്കുകളുടെ അര്‍ത്ഥം എന്താണെന്ന് പോലും എനിക്ക് മനസിലായിരുന്നില്ല. നടന്‍ ബാബു അന്നൂര്‍ ഭാഷ കൈകാര്യം ചെയ്യുന്നതിന് വളരെയധികം സഹായിച്ചു. എളുപ്പത്തില്‍ ആര്‍ക്കും വഴങ്ങില്ല എന്നതുകൊണ്ട് വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരെ കൊണ്ടുവന്നാണ് ഓരോ കഥാപാത്രത്തിനും ഡബ്ബ് ചെയ്യിച്ചത്. ഒരു കഥാപാത്രത്തിന് പലരേയും കൊണ്ട് ഡബ്ബ് ചെയ്യിച്ചു. അത്രയ്ക്ക് പെര്‍ഫെക്ടായി ചെയ്തവരേയാണ് തെരഞ്ഞെടുത്തത്. ദിവസങ്ങളോളം വോയിസ് കാസ്റ്റിങിന് വേണ്ടി ചെലവഴിച്ചു. വളരെ കുറച്ച് നടീ, നടന്മാര്‍ മാത്രമാണ് ചിത്രത്തില്‍ സ്വയം ഡബ്ബ് ചെയ്തത്.

ശബ്ദത്തിന് വേണ്ടി ചെലവഴിച്ചത് എട്ട് മാസം

വീരത്തിന്റെ ചിത്രീകരണം 2015 ല്‍ തുടങ്ങിയെങ്കില്‍ ഞാന്‍ ഇതിന്റെ ഭാഗമാകുന്നത് 2016 ഫെബ്രുവരിയിലാണ്. തുടര്‍ച്ചയായിട്ടല്ലായിരുന്നുവെങ്കിലും ശബ്ദത്തിന് വേണ്ടി എട്ട് മാസത്തോളമാണ് ചെലവഴിച്ചത്. പൂര്‍ണ്ണതയ്ക്ക് വേണ്ടി പല സീനുകളും പല തവണ ആവര്‍ത്തിച്ച് സൗണ്ട് എഡിറ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പ് ഡബിള്‍ ബാരലിലായിരുന്നു ഏറ്റവും അധികം സമയമെടുത്ത് സൗണ്ട് ഡിസൈന്‍ ചെയ്തത്. ആറ് മാസത്തോളം ഡബിള്‍ ബാരലിന് വേണ്ടി പ്രവര്‍ത്തിച്ചു.

അങ്കമാലി ഡയറീസ്…

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് അങ്കമാലി ഡയറീസ്. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നിവയാണ് മറ്റ് നാല് ചിത്രങ്ങള്‍. മറ്റ് ചിത്രങ്ങളെപ്പോലെ തന്നെ ശബ്ദത്തിന് പ്രാധാന്യമുള്ള ചിത്രമാണ് അങ്കമാലി ഡയറീസ്. 99 ശതമാനം ശബ്ദങ്ങളും ഈ ചിത്രത്തിന് വേണ്ടി പ്രത്യേകം റെക്കോര്‍ഡ് ചെയ്തു എന്നതാണ് എടുത്തുപറയേണ്ടത്.

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ‘അങ്കമാലി ഭാഷ’യാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഡബ്ബിങിന്റെ സമയത്തും ഇത് കാര്യമായി തന്നെ ശ്രദ്ധിച്ചിരുന്നു. ക്രൗഡ് റെക്കോര്‍ഡിങിന് ചിത്രത്തില്‍ അഭിനയിച്ച ചിലരെ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തിരക്കൊഴിഞ്ഞ ഒരു സ്ഥലത്തുകൊണ്ടുപോയി അവരുടെ സംസാരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. സാധാരണ രീതിയില്‍ ഇത് സ്റ്റുഡിയോയിലാണ് ചെയ്തു വരുന്നത്.

‘ആ’ ശബ്ദത്തിന്റെ ഭീകരത ഇപ്പോഴും കാതില്‍

പന്നിയെ കൊല്ലുന്നതിന്റെ ശബ്ദം ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുമസ് തലേന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഈ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിന് അങ്കമാലിയിലെ ഒരു പന്നി ഫാമിലേക്ക് പോയത്. പന്നിയെ കൊല്ലുന്നതിന്റെ എത്രയോ ഭയാനകമായ രംഗങ്ങളാണ് അവിടെ നിന്നും കാണാന്‍ ഇടയായത്. അതിന്റെ കരച്ചിലിന്റെ ഭീകരത ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഇത് കൂടാതെ അങ്കമാലിയുടെ പരിസരങ്ങളില്‍ നിന്നുമുള്ള ശബ്ദങ്ങളും റെക്കോര്‍ഡ് ചെയ്തു.

ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍…., ഇളമയ് ഇതോ……

രണ്ട് സിനിമാ പാട്ടുകള്‍ ബാന്‍ഡ് വേര്‍ഷനായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍’ എന്ന ഗാനം ക്ലൈമാക്‌സിലും ‘ഇളമയ് ഇതോ’ എന്ന ഗാനം ആദ്യത്തെ ഫൈറ്റ് സീക്വന്‍സിനുമാണ് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. കൊറ്റമം എന്ന ബാന്‍ഡ് സംഘമാണ് ‘ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ അവതരിപ്പിച്ചത്. ഇത് അതിരപ്പിള്ളിയ്ക്ക് സമീപം ഒരു പള്ളിയില്‍ പെരുന്നാളിന് അവതരിപ്പിക്കുന്നതിനിടെ പോയി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ‘ഇളമയ് ഇതോ’ ചെയ്തത് രാഗദീപം എന്ന ബാന്‍ഡ് സംഘമായിരുന്നു. ശിങ്കാരി മേളവും പ്രത്യേകം റെക്കോര്‍ഡ് ചെയ്തു.

സിനിമയില്‍ ഒരു വിട്ടുവീഴ്ചയുമില്ല

സിനിമയില്‍ ഒരുവിട്ടുവീഴ്ചയുമില്ലാത്ത ആളാണ് ലിജോ. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്ത് പടക്കം കൂട്ടമായി പൊട്ടുന്ന ഒരു സീക്വന്‍സ് ഉണ്ട്. ഇത് ഇരിങ്ങാലക്കുട സെന്റ് തോമസ് പള്ളിയിലെ പിണ്ടി പെരുന്നാളിന് പോയാണ് റെക്കോര്‍ഡ് ചെയ്തത്. ഓലപ്പടക്കം പൊട്ടുന്ന ശബ്ദമാണ് ഈ രംഗത്തിന് വേണ്ടി റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍ പേപ്പര്‍ പടക്കം (ഈര്‍ക്കിലി പടക്കം) തന്നെ വേണമെന്ന് ലിജോ പറഞ്ഞതോടെ അത് മാറ്റി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

അതുപോലെ തന്നെ ചിത്രത്തില്‍ തോട്ട പൊട്ടിക്കുന്നതിന്റെ ഒരു ശബ്ദമുണ്ട്. ബോംബ് ബ്ലാസ്റ്റിന്റെ പല വ്യതിയാനങ്ങളും കേള്‍പ്പിച്ചെങ്കിലും ലിജോ തൃപ്തനായില്ല. പിന്നീട് അമ്പലത്തില്‍ പൊട്ടിക്കുന്ന അമിട്ട് പൊട്ടിച്ച് ആറ് മൈക്കുകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ചപ്പോഴാണ് ലിജോ ഓകെയായത്. അവസാന നിമിഷമായിരുന്നു ഇത് ചെയ്തത്. ഇതിന് എന്നെ സഹായിച്ചത് സൗണ്ട് ഡിസൈനറായ അരുണ്‍ രാമവര്‍മ്മയാണ്.

ചിത്രം മികച്ചതാകാന്‍ ഏതറ്റം വരേയും ലിജോ പോകും. ലിജോയുടെ സിനിമയുടെ ഭാഗമാകുക എന്നത് എന്നെ സംബന്ധിച്ച് വളരെ പ്രചോദനകരവും അതേസമയം, ബ്രെയിന്‍ സ്‌ട്രോമിങുമാണ്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീത്തിന്റെ പ്രത്യേകത കൊണ്ടുകൂടിയാണ് ചിത്രത്തില്‍ ശബ്ദത്തിന് ഇത്രത്തോളം സ്‌പേസ് കിട്ടുന്നത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍…

മുന്തിരിവളളികളെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു കുടുംബ ചിത്രം. കോംപ്ലിക്കേറ്റഡായിട്ടുള്ള സൗണ്ട് ഡിസൈനിങ് അതിന് വേണ്ടി വന്നിട്ടില്ല. ഡയലോഗ് ഓറിയന്റഡ് ആയിട്ടുള്ള ചിത്രമാണത്. ചില അറ്റ്‌മോസ്ഫിയര്‍ ക്രിയേറ്റ് ചെയ്യുന്നതിന് കാര്യമായ ഇടപെടല്‍ ഉണ്ടായിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ ജീബു ജേക്കബിനെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. വളരെ സീനിയറായിട്ടുള്ള ആളാണ് അദ്ദേഹം. ഞങ്ങള്‍ ഒരേ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിച്ച ഒരു ബന്ധം കൂടിയുണ്ട്.

ദി ഗ്രേറ്റ് ഫാദര്‍

ശബ്ദത്തിന് പ്രാധാന്യമുള്ള ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. പുതുമുഖ സംവിധായകന്റേതാണ് ചിത്രം. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മാണം. ഇതിന് മുന്‍പ് ഓഗസ്റ്റ് സിനിമയുടെ ഡബിള്‍ ബാരല്‍, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്.


ഇനി മലയാളത്തില്‍ സജീവം

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മുംബൈയിലായിരുന്നു. ഇനി മലയാള സിനിമയില്‍ സജീവമാകാനാണ് ഉദ്ദേശം. നാട്ടില്‍ നില്‍ക്കേണ്ടതായ ഒരു സാഹചര്യമുണ്ട്. മുംബൈയില്‍ നിന്നും ഒരു വര്‍ഷത്തെ ബ്രേക്കെടുത്ത് ഇക്കഴിഞ്ഞ ജനുവരിയിലാണ് നാട്ടിലെത്തിയത്. ഇനി കുറച്ചു നാള്‍ ഹോം ടൗണായ കൊച്ചിയില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. അതിനിടെ മറ്റ് ഭാഷകളില്‍ നിന്നും അവസരം ലഭിച്ചാല്‍ നിഷേധിക്കില്ല.  ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

സൗണ്ട് എഡിറ്റരായ ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, ഫോളി ആര്‍ട്ടിസ്റ്റായ റാഷിദ് ഖാന്‍ എന്നിവരുടെ കഷ്ടപ്പാടിന്റേയും കൂടിയുള്ള ഔട്ട്പുട്ടാണ് ഞാന്‍ ഭാഗമായിട്ടുള്ള ചിത്രങ്ങളില്‍ സൗണ്ട് ഡിസൈനിങിന് ലഭിക്കുന്നത്. യാഷ് രാജ് സ്റ്റുഡിയോയില്‍ ഫോളി ആര്‍ട്ടിസ്റ്റാണ് റാഷിഖ് ഖാന്‍. ഇതില്‍ ഷിജിന്‍, അനുരാഗ് ബസുവിന്റെ ‘ജാഗാ ജാസൂസ ‘ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സൗണ്ട് ഡിസൈനറാകുന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നുണ്ട്.

DONT MISS
Top